ഇന്ത്യയിലെ പ്രീമിയം സെഡാന്‍ വാഹനങ്ങളില്‍ പകരം വയ്ക്കാനില്ലാത്ത മോഡലാണ് മാരുതി സുസുക്കിയുടെ ബലേനൊ. ഈ വാഹനത്തിന്റെ പെര്‍ഫോമെന്‍സ് പതിപ്പായി വര്‍ഷങ്ങള്‍ക്ക് മുമ്പ് വിപണിയില്‍ എത്തിയിട്ടുള്ള മോഡലാണ് ബലേനൊ ആര്‍.എസ്. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബി.എസ്. 6 മാനദണ്ഡത്തിലുള്ള എന്‍ജിനിലേക്ക് ഇന്ത്യയിലെ വാഹനങ്ങള്‍ മാറിയതോടെ നിര്‍മാണം അവസാനിപ്പിച്ചെങ്കിലും ഇന്നും ഈ വാഹനം നിരത്തുകളില്‍ സജീവമാണ്.

To advertise here,

എന്നാല്‍, അടുത്തിടെ ഈ വാഹനത്തിലെ വാക്വം പമ്പില്‍ കണ്ടെത്തിയ തകരാറിനെ തുടര്‍ന്ന് ബലേനൊ ആര്‍.എസ്. കൂട്ടത്തോടെ തിരിച്ച് വിളിച്ചിരിക്കുകയാണ് മാരുതി. 2016 ഒക്ടോബര്‍ 27 മുതല്‍ 2019 നവംബര്‍ ഒന്നുവരെയുള്ള കാലയളവില്‍ നിര്‍മിച്ചിട്ടുള്ള ബലേനൊ ആര്‍.എസിന്റെ 7213 യൂണിറ്റാണ് മാരുതി സുസുക്കി സര്‍വീസിനായി തിരിച്ചുവിളിച്ചിരിക്കുന്നത്. 2019 നവംബര്‍ മാസത്തോടെയാണ് മാരുതി ബലേനൊ ആര്‍.എസിന്റെ ഉത്പാദനം അവസാനിപ്പിച്ചത്. 

ബ്രേക്കിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന വാക്വം പമ്പിന് തകരാര്‍ സംഭവിച്ചിട്ടുള്ളതായാണ് സംശയിക്കുന്നത്. ഇത്തരത്തിലുള്ള തകരാര്‍ സംഭവിച്ചാല്‍ വാഹനത്തിന്റെ ബ്രേക്കിങ്ങ് സംവിധാനത്തിന്റെ കാര്യക്ഷമത കുറയാനിടയുണ്ടെന്നാണ് നിര്‍മാതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇത് പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമായാണ് 2016 മുതല്‍ 19 വരെയുള്ള കാലഘട്ടത്തില്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ കാലയളവില്‍ നിര്‍മിച്ച ബലേനൊ ആര്‍.എസ്. വാങ്ങിയിട്ടുള്ള ആളുകളെ മാരുതി സുസുക്കിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ നിന്ന് ബന്ധപ്പെട്ട് സര്‍വീസ് സംബന്ധമായ വിവരങ്ങള്‍ അറിയിക്കുമെന്നാണ് മാരുതി സുസുക്കി നല്‍കുന്ന വിവരം. തകരാര്‍ കണ്ടെത്തുന്ന വാഹനങ്ങളുടെ സര്‍വീസ് പൂര്‍ണമായും സൗജന്യമായിരിക്കും. ഇതിനുപുറമെ, ഡ്രൈവ്ഷാഫ്റ്റിലെ തകരാറിനെ തുടര്‍ന്ന് 2022 ജൂണ്‍ 24-നും ജൂലായി 7-നുമിടയില്‍ നിര്‍മിച്ച എര്‍ട്ടിഗ, എക്‌സ്.എല്‍6 വാഹനങ്ങളും തിരിച്ചുവിളിക്കുന്നുണ്ട്. 

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിനിലാണ് ബലേനൊ ആര്‍.എസ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിരുന്നത്. ഇത് 102 ബി.എച്ച്.പി. പവറും 150 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിരുന്നത്. കേവലം 10 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നതായിരുന്നു ഈ വാഹനത്തിന്റെ സവിശേഷതകളില്‍ ഒന്ന്.