ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മുൻനിര വാഹന നിർമാതാക്കളാണ് ജർമൻ കമ്പനിയായ ബി.എം.ഡബ്ല്യു. ഇന്ത്യയിലെ ആഡംബര വാഹനങ്ങളുടെ വിൽപ്പന ഉയർന്ന് വരുന്ന സാഹചര്യത്തിൽ വലിയ ലക്ഷ്യങ്ങളുമായാണ് ബി.എം.ഡബ്ല്യു-മിനി വിപണിയെ സമീപിക്കുന്നത്. ജി.എം.ഡബ്ല്യു-മിനി കമ്പനികളുടെ പ്രതിവർഷ സംയുക്ത വിൽപ്പന 20,000 യൂണിറ്റിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

To advertise here,

കഴിഞ്ഞ വർഷം ബി.എം.ഡബ്ല്യു-മിനി വാഹനങ്ങളുടെ സംയുക്ത വിൽപ്പന 18,000 യൂണിറ്റായിരുന്നു. ഇത് 2026 കലണ്ടർ വർഷത്തിൽ 20,000 യൂണിറ്റിലെത്തിക്കുകയാണ് ലക്ഷ്യം. ഈ വർഷം 10 ശതമാനത്തിന്റെ വിൽപ്പന നേട്ടമാണ് ലക്ഷ്യമിടുന്നത്. ആഡംബര വാഹനങ്ങളോട് ഇന്ത്യയിലെ ഉപയോക്താക്കൾക്കുള്ള താത്പര്യം വർധിച്ച് വരുന്നതും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വലിയ നേട്ടമുണ്ടാക്കുന്നതുമാണ് കമ്പനിയുടെ പ്രതീക്ഷ.

കഴിഞ്ഞ വർഷം ബി.എം.ഡബ്ല്യു, മിനി എന്നീ ബ്രാൻഡുകളുടെ 18,000-ത്തോളം വാഹനങ്ങളാണ് വിറ്റഴിച്ചത്. ഈ വർഷം 10 ശതമാനത്തിന്റെ വളർച്ചയാണ് ഞങ്ങളുടെ മുന്നിലുള്ള ലക്ഷ്യം. 2026-ൽ ഇരു ബ്രാൻഡുകളുടെയും സംയുക്ത വിൽപ്പന 20,000 യൂണിറ്റ് കടക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ആൻഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഹർദീപ് സിങ് ബ്രാർ പറയുന്നത്.

വാഹന രജിസ്‌ട്രേഷൻ കണക്കുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാർ നിർമാതാക്കളെന്ന സ്ഥാനം ഞങ്ങൾക്കുണ്ട്. ഇത് നിലനിർത്തുകയെന്ന ലക്ഷ്യവും ഞങ്ങൾക്ക് മുന്നിലുണ്ട്. വിപണിയിലെ ഞങ്ങളുടെ പ്രധാന എതിരാളികളെക്കാൾ 1000 യൂണിറ്റ് ഞങ്ങൾ അധികം വിൽക്കുന്നുണ്ടെന്നാണ് ഹർദീപ് സിങ് ബ്രാർ അവകാശപ്പെടുന്നത്.