സുരക്ഷാസംവിധാനങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ നിര്‍മിത വാഹനങ്ങളുടെയും മുഖമുദ്രയാണ്. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ നിര്‍മിക്കുന്ന വാഹനങ്ങളില്‍ നിരവധി സുരക്ഷാഫീച്ചറുകള്‍ നല്‍കുന്നതിനൊപ്പം ക്രാഷ് ടെസ്റ്റുകളെ അതിജീവിക്കാനുള്ള കരുത്തും നല്‍കിയിരുന്നു. ഇതേ പാതയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയും. ക്രാഷ് ടെസ്റ്റിനെ അതിജീവിക്കുന്ന വാഹനങ്ങള്‍ മുതല്‍ ആറ് എയര്‍ബാഗ് വരെയുള്ള വാഹനമാണ് ഇപ്പോള്‍ മാരുതിയും എത്തിക്കുന്നത്. 

To advertise here,

മാരുതി സുസുക്കിയുടെ വാഹനശ്രേണിയിലെ കോംപാക്ട് എസ്.യു.വി. മോഡലായ ബ്രെസയാണ് ഇപ്പോള്‍ സുരക്ഷയില്‍ കൂടുതല്‍ കാര്യക്ഷമമാക്കി എത്തിച്ചിരിക്കുന്നത്. ആറ് എയര്‍ബാഗാണ് ബ്രെസയുടെ അടിസ്ഥാന വേരിയന്റ് മുതലുള്ള വാഹനങ്ങളില്‍ നല്‍കിയിരിക്കുന്നത്. ഇതിനുപുറനെ, ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, ഷോള്‍ഡര്‍ ഹൈറ്റ് അഡ്ജസ്റ്റബിള്‍ സീറ്റ് ബെല്‍റ്റ് തുടങ്ങിയ ഫീച്ചറുകളും ബ്രെസയിലെ അടിസ്ഥാന പതിപ്പില്‍ ഉള്‍പ്പെടെ സുരക്ഷ കാര്യക്ഷമമാക്കും. 

സുരക്ഷയൊരുക്കുന്നതിന് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ക്ക് പുറമെ, 60ഃ40  അനുപാതത്തില്‍ മടക്കാന്‍ സാധിക്കുന്ന പിന്‍നിര സീറ്റുകള്‍, കപ്പ് ഹോള്‍ഡര്‍ നല്‍കിയിട്ടുള്ള റിയര്‍ സെന്റര്‍ ആംറെസ്റ്റ്, അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന റിയര്‍ ഹെഡ്‌റെസ്റ്റുകള്‍ എന്നിവയും ബ്രെസയുടെ അടിസ്ഥാന മോഡലുകള്‍ സ്ഥാനം പിടിച്ചിട്ടുള്ള അധിക ഫീച്ചറുകളാണ്. ബ്രെസയുടെ ലുക്കിലും മറ്റ് ഫീച്ചറുകളിലും മാറ്റം വരുത്താതെയാണ് ഈ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍. 

മെക്കാനിക്കലായിട്ടുള്ള മാറ്റങ്ങള്‍ക്ക് ബ്രെസ വിധേയമായിട്ടില്ല. മാരുതി സുസുക്കിയുടെ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കോംപാക്ട് എസ്.യു.വി. മോഡലായ ബ്രെസയ്ക്കും കരുത്തേകുന്നത്. ഇത് 102 ബി.എച്ച്.പി. പവറും 139 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ബ്രെസയില്‍ നല്‍കിയിട്ടുണ്ട്.

സി.എന്‍.ജി. ഇന്ധനമായും മാരുതി സുസുക്കി ബ്രെസ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നുണ്ട്. പെട്രോള്‍ മോഡലില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ഈ വാഹനത്തിലും നല്‍കുന്നത്. എന്നാല്‍, 87 ബി.എച്ച്.പി. പവറും 121.5 എന്‍.എം. ടോര്‍ക്കുമാണ് സി.എന്‍.ജി. മോഡല്‍ ഉത്പാദിപ്പിക്കുന്ന പവര്‍. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് സി.എന്‍.ജി. മോഡല്‍ എത്തുന്നത്. 25.1 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് സി.എന്‍.ജി.ബ്രെസയുടെ ഹൈലൈറ്റ്.