സാധാരണക്കാരന്റെ വാഹനം എന്ന നിലയില്‍ ഇന്ത്യയില്‍ ഏറ്റവുമധികം സ്വീകാര്യത നേടിയ വാഹനമാണ് മാരുതിയുടെ ആള്‍ട്ടോ. 796 സി.സി. എന്‍ജിനില്‍ മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനമായി എത്തിയ ആള്‍ട്ടോ വലിയ മാറ്റത്തിനൊരുങ്ങുകയാണ്. ലുക്കിലും ഫീച്ചറിലും വരുത്തുന്ന മാറ്റത്തിന് പുറമെ, മെക്കാനിക്കലായ മാറ്റത്തിനായിരിക്കും ഇത്തവണ ആള്‍ട്ടോ പ്രാധാന്യം നല്‍കുകയെന്നാണ് വിവരം. ചെറിയ മുഖം മിനുക്കലും വലിയ മെക്കാനിക്കല്‍ മാറ്റവുമായി എത്തുന്ന ആള്‍ട്ടോ ഓഗസ്റ്റ് 18-ന് അവതരിപ്പിച്ചേക്കും.

To advertise here,

ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള ആപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് 1.0 ലിറ്റര്‍ ഓപ്‌ഷനിലും ആള്‍ട്ടോ നിരത്തുകളില്‍ എത്തുന്നുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. നാളിത്രയും മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമെത്തിയിരുന്ന ആള്‍ട്ടോയില്‍ ഇനി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സ്ഥാനം പിടിക്കുന്നതും ഈ വരവിലെ സവിശേഷതയാകും. ഓട്ടോമാറ്റിക് വാഹനങ്ങള്‍ക്കുള്ള ആവശ്യക്കാര്‍ വര്‍ധിച്ച് വരുന്നത് കണക്കിലെടുത്താണ് എന്‍ട്രി ലെവല്‍ വാഹനമായ ആള്‍ട്ടോയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുന്നതെന്നാണ് വിലയിരുത്തല്‍.

ആള്‍ട്ടോ കെ10 എന്ന പേരിലായിരിക്കും മുഖം മിനുക്കിയ ആള്‍ട്ടോ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 1.0 ലിറ്റര്‍ കെ10 സി പെട്രോള്‍ എന്‍ജിനിലും അഞ്ച് സ്പീഡ് മാനുവല്‍-ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എ.ജി.എസ്) ട്രാന്‍സ്മിഷനിലുമായി 11 വേരിയന്റുകളിലായിരിക്കും പുതിയ ആള്‍ട്ടോ വിപണിയില്‍ എത്തുന്നത്. പുതിയ എന്‍ജിന്‍ ഓപ്ഷന്‍ എത്തുന്നതോടെ മുന്‍ മോഡലുകളില്‍ നല്‍കിയിരുന്ന 796 സി.സി. എന്‍ജിനില്‍ ആള്‍ട്ടോ എത്തുന്നുണ്ടോയെന്ന കാര്യത്തില്‍ വ്യക്തയില്ല.

പുതിയ ആള്‍ട്ടോയില്‍ സ്ഥാനം പിടിക്കുന്ന കെ10സി പെട്രോള്‍ എന്‍ജിന്‍ 998 സി.സിയില്‍ 66 ബി.എച്ച്.പി. പവറും 89 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മാരുതിയുടെ മറ്റ് മോഡലുകളായ വാഗണ്‍ആര്‍, സെലേറിയോ, എസ്-പ്രെസോ തുടങ്ങിയ മോഡലുകളിലും ഈ എന്‍ജിന്‍ കരുത്തേകുന്നുണ്ട്. VXi, VXi(O), VXi +, VXi+(O) എന്നീ നാല് വേരിയന്റുകളിലായിരിക്കും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. മറ്റ് വേരിയന്റുകളില്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ തുടരും.

ഡിസൈനില്‍ കാര്യമായ അഴിച്ച് പണി വരുത്തിയാണ് പുതിയ ആള്‍ട്ടോയുടെ വരവ്. മാരുതിയുടെ സിഗ്‌നേച്ചറായ ടോള്‍ബോയി ഡിസൈനിലായിരിക്കും ആള്‍ട്ടോ എത്തുക. സെലേറിയോയില്‍ നിന്നുള്ള ഡിസൈന്‍ എലമെന്റുകള്‍ ആള്‍ട്ടോയിലും നല്‍കിയായിരിക്കും മുഖഭാവം അലങ്കരിക്കുക. പുതിയ ഗ്രില്ല്, മുന്‍ മോഡലിലേതിനെക്കാള്‍ വലിപ്പമുള്ള ഹെഡ്ലാമ്പ്, ത്രികോണാകൃതിയിലുള്ള ടെയില്‍ലൈറ്റുകള്‍, വലിയ ടെയ്ല്‍ഗേറ്റ്, പൂര്‍ണമായും മാറിയ റിയര്‍ ബമ്പര്‍ എന്നിവ ഡിസൈന്‍ പുതുമകളാകും.

ഫീച്ചറുകളുടെ കാര്യത്തില്‍ മികച്ച മുന്നേറ്റം പ്രതീക്ഷിക്കാം. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി ഉറപ്പാക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പൂര്‍ണമായും പുതുക്കി പണിയുന്ന ഡാഷ്ബോര്‍ഡ്, മുന്‍ മോഡലില്‍ നിന്ന് മാറിയ സെന്റര്‍ കണ്‍സോള്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍, കീലെസ് എന്‍ട്രി തുടങ്ങിയ പുതുതലമുറ ഫീച്ചറുകളായിരിക്കും മാരുതിയുടെ എന്‍ട്രി ലെവല്‍ മോഡലായ ആള്‍ട്ടോയില്‍ ഒരുങ്ങുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

Article Source: RushLane