മാരുതി സുസുക്കി 800 എന്ന ഐക്കോണിക്ക് കാറുമായി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചതോടെ, 1983 ഇന്ത്യയുടെ വാഹന വിപണിക്ക് ഒരു നിർണായക വർഷമായിരുന്നു. 2014 വരെ ഉത്പാദനത്തിലുണ്ടായിരുന്ന ഈ കാർ, മൂന്ന് പതിറ്റാണ്ടാണ് നിരത്തുകളിലിറങ്ങിയത്.
ഇന്ന്, ഈ ജപ്പാനീസ് വാഹന നിർമാതാക്കൾ മൂന്ന് കോടി ആഭ്യന്തര വിൽപ്പന എന്ന ചരിത്രപരമായ നാഴികക്കല്ല് ആഘോഷിക്കുമ്പോൾ, മാരുതി സുസുക്കിയുടെ മൂന്ന് ഹാച്ച്ബാക്കുകളായ ആൾട്ടോ, വാഗൺആർ, സ്വിഫ്റ്റ് എന്നിവയാണ് ഈ ശ്രദ്ധേയമായ നേട്ടത്തിന് ഏറ്റവും വലിയ സംഭാവന നൽകിയത്.
42 വർഷക്കാലയളവിൽ, ചെലവ് കുറഞ്ഞതും ഇന്ധനക്ഷമതയുള്ളതും വിശ്വസനീയവുമായ കാറുകൾ നൽകി ഇന്ത്യയുടെ വാഹന വിപണിയെ മാരുതി സുസുക്കി നിരന്തരം രൂപപ്പെടുത്തി. ഈ യാത്രയുടെ ഹൃദയഭാഗത്തുള്ള ഈ മൂന്ന് മോഡലുകളും തനതായ വ്യക്തിത്വം നേടിയെടുക്കുകയും ദശലക്ഷക്കണക്കിന് ഇന്ത്യൻ കുടുംബങ്ങൾക്കിടയിൽ ആഴത്തിലുള്ള വിശ്വാസം സ്ഥാപിക്കുകയും ചെയ്തു.
ആൾട്ടോ: വിറ്റത് 47 ലക്ഷത്തിലധികം യൂണിറ്റുകൾ
വിൽപനയിൽ മുന്നിൽ നിൽക്കുന്നത് ആൾട്ടോയാണ്. ഇത് കുറഞ്ഞ ചെലവിന്റേയും മികച്ച നഗരയാത്രയുടേയും പര്യായമായി മാറി. 47 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചതോടെ, ഇന്ത്യയുടെ വാഹന ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ കാറായി ആൾട്ടോ നിലകൊള്ളുന്നു.
കുറഞ്ഞ മെയിന്റനൻസ് ചെലവ്, ഒതുക്കമുള്ള രൂപം, എളുപ്പത്തിൽ ഡ്രൈവിങ് കൈകാര്യം ചെയ്യൽ എന്നിവ ഇതിനെ തലമുറകളായി ആദ്യ കാർ വാങ്ങുന്നവരുടെ ഇഷ്ട വാഹനമാക്കി മാറ്റി.
വാഗൺആർ: 34 ലക്ഷത്തിലധികം വിൽപ്പന നേടിയ ടോൾബോയ്
ടോൾ-ബോയ് ഡിസൈനിനും ക്യാബിനിലെ പ്രായോഗികതയ്ക്കും പേരുകേട്ട വാഗൺആർ, കുടുംബങ്ങൾക്കിടയിൽ വ്യാപകമായ സ്വീകാര്യത നേടിയിട്ടുണ്ട്. ആഭ്യന്തര വിൽപ്പനയിൽ 34 ലക്ഷം യൂണിറ്റുകൾ പിന്നിട്ട ഈ മോഡലിൻ്റെ ഒന്നിലധികം ഇന്ധന ഓപ്ഷനുകൾ, ദീർഘകാലത്തെ വിശ്വാസ്യത എന്നിവ പതിറ്റാണ്ടുകളായി അതിൻ്റെ സ്ഥാനം ഉറപ്പിച്ചു.
സ്വിഫ്റ്റ്: 32 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച സ്പോർട്ടി ഹാച്ച്ബാക്ക്
യുവത്വത്തിൻ്റെ യാത്രയുടെ പ്രതീകമായി സ്വിഫ്റ്റ് ഇപ്പോഴും തുടരുന്നു. 2005-ലെ അരങ്ങേറ്റം മുതൽ പ്രീമിയം കോംപാക്റ്റ് വിഭാഗത്തിൽ ഈ ഹാച്ച്ബാക്ക് സ്ഥിരമായി ജനപ്രീതിയിൽ ഒന്നാമതാണ്. 32 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച സ്വിഫ്റ്റ്, ആധുനിക രൂപകൽപനയും ശക്തമായ പ്രകടനവും ഇന്ധനക്ഷമതയും സംയോജിപ്പിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്നു.
ചുരുക്കത്തിൽ ഇന്ത്യയിലെ മാരുതി സുസുക്കിയുടെ സാന്നിധ്യത്തിന് ഈ മൂന്ന് മോഡലുകളാണ് അടിത്തറ പാകിയത് എന്നുപറയാം. നിലവിൽ 19 മോഡലുകളും 170-ൽ അധികം വേരിയൻ്റുകളും വിൽപ്പനയ്‌ക്കുണ്ട്. രാജ്യത്തുടനീളം യാത്രാസൗകര്യം വികസിപ്പിക്കാനുള്ള പ്രവർത്തനം തുടരുമെന്ന് കമ്പനി പറയുന്നു.
വാഹന വ്യവസായത്തിൽ ആദ്യമായി മൂന്ന് കോടി ആഭ്യന്തര വിൽപന എന്ന നാഴികക്കല്ല് പിന്നിട്ടെങ്കിലും, ഇന്ത്യയിൽ 1000 പേർക്ക് ഏകദേശം 33 കാറുകൾ എന്ന നിലയിൽ കാർ ഉടമസ്ഥത ഇപ്പോഴും കുറവാണെന്നും ഇത് ഭാവിയിലെ വളർച്ചയ്ക്ക് വലിയ സാധ്യത നൽകുന്നുവെന്നും മാരുതി സുസുക്കി ചൂണ്ടിക്കാണിക്കുന്നു.
Content Highlights: Maruti Suzuki celebrates 3 crore domestic sales milestone! Discover how the iconic Alto, WagonR, and Swift have shaped India`s automotive journey with affordability, reliability, and fun.
Published: 06 Nov 2025, 06:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented