ല്ലാ വാഹനങ്ങള്‍ക്കും ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കാനുള്ള ഉദ്യമത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. ഇതിന്റെ ഭാഗമായി മാരുതിയുടെ വാഹന നിരയിലെ എന്‍ട്രി ലെവല്‍ മോഡലായ ആള്‍ട്ടോ കെ10-ല്‍ ആറ് എയര്‍ബാഗ് നല്‍കിയിരിക്കുകയാണ് കമ്പനി. സുരക്ഷയില്‍ കൂടുതല്‍ കാര്യക്ഷമമായി എത്തിയിട്ടുള്ള ഈ മോഡലിന് 4.23 ലക്ഷം രൂപയിലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. 

To advertise here,

എയര്‍ബാഗുകളുടെ എണ്ണം രണ്ടില്‍ നിന്ന് ആറായി ഉയര്‍ത്തിയതോടെ വേരിയന്റിന് അനുസരിച്ച് ആള്‍ട്ടോ കെ10-ന്റെ എക്‌സ്‌ഷോറൂം വിലയില്‍ 6000 രൂപ മുതല്‍ 16,000 രൂപയുടെ വരെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതിനൊപ്പം ഓപ്ഷണല്‍ എന്ന വേരിയന്റും ആള്‍ട്ടോ കെ10 നിരയില്‍ നിന്ന് നീക്കിയതായി മാരുതി അറിയിച്ചു. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, സി.എന്‍.ജി. എന്നീ മോഡലുകള്‍ ഉള്‍പ്പെടെ എട്ട് വേരിയന്റുകളിലാണ് ആള്‍ട്ടോ കെ10 വിപണിയില്‍ എത്തുന്നത്. 

എയര്‍ബാഗുകളുടെ എണ്ണം ഉയര്‍ത്തിയതിന് പുറമെ ആള്‍ട്ടോ കെ10-ല്‍ വേറെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 65.71 ബി.എച്ച്.പി. പവറും 89 എന്‍.എം.ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി. എന്നിവയാണ് ഇതിലെ ട്രാന്‍സ്മിഷന്‍. സി.എന്‍.ജി. മോഡല്‍ 55.92 ബി.എച്ച്.പി. പവറും 82.1 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് സി.എന്‍.ജിയിലുള്ളത്. 

പുതുതായി നല്‍കിയിട്ടുള്ള ആറ് എയര്‍ബാഗുകള്‍ക്ക് പുറമെ, വേറെയും സുരക്ഷ ഫീച്ചറുകള്‍ ഈ വാഹനത്തിലുണ്ട്. റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, ലഗേഷ് റിട്ടന്‍ഷന്‍ ക്രോസ്ബാറുകള്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം (ഇ.എസ്.പി), ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ.ബി.എസ്), ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇ.ബി.ഡി) എന്നീ സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തില്‍ മാരുതി നല്‍കിയിട്ടുണ്ട്.