മാരുതിയുടെ ജിപ്‌സി നിരത്തൊഴിഞ്ഞതോടെ ജിപ്‌സി പ്രേമികളെ മാരുതി സമാധാനിപ്പിച്ചത് ജിമ്‌നി എന്ന മറ്റൊരു കിടിലന്‍ വാഹനം കാണിച്ചാണ്. ഇന്നുവരും, നാളെവരുമെന്നു പറഞ്ഞുള്ള കാത്തിരിപ്പ് വര്‍ഷങ്ങളായി തുടരുകയാണ്. ജിപ്‌സിയുടെ ത്രീ ഡോര്‍ മോഡലിനായി ഇന്ത്യക്കാരുടെ കാത്തിരിപ്പ് തുടരുമ്പോള്‍ ജിമ്‌നിയുടെ ഫൈവ് ഡോര്‍ മോഡലിന്റെ ലോങ് വീല്‍ ബേസ് പതിപ്പ് പരീക്ഷണയോട്ടത്തിന് ഇറക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍.

ലൈം ഗ്രീന്‍ നിറത്തിലുള്ള ജിമ്‌നിയുടെ ലോങ് വീല്‍ബേസ് മോഡല്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നിറയുന്നത്. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലാണ് ചിത്രം പതിഞ്ഞിട്ടുള്ളത്. മൂടിക്കെട്ടലുകള്‍ ഇല്ലാതെയാണ് ഈ ജിമ്‌നിയുടെ പരീക്ഷണയോട്ടം. അതേസമയം, പരീക്ഷണയോട്ടം നടത്തുന്ന സ്ഥലം തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഫൈവ് ഡോര്‍ ലോങ് വീല്‍ബേസ് മോഡലാണെന്ന് ചിത്രത്തില്‍ വ്യക്തമാണ്.

ജിമ്‌നി സിയേറയെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഫൈവ് ഡോര്‍ ജിമ്‌നി ഒരുങ്ങുകയെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം, 300 എം.എം. വീല്‍ബേസ് ഉയരുമെന്നും സൂചനയുണ്ടായിരുന്നു. വീല്‍ബേസ് ഉയരുന്നതോടെ ക്യാബിന്‍ കൂടുതല്‍ വിശാലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3850 എം.എം. നീളവും 1645 എം.എം. വീതിയും 1730 എം.എം. ഉയരവും 2550 എം.എം. വീല്‍ബേസുമാണ് ജിമ്‌നിക്കുള്ളതെന്നാണ് മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ലുക്കിലും ഫീച്ചറുകളിലും ത്രീ ഡോര്‍ ജിമ്‌നിക്ക് സമാനമാണ് പുതിയ ഫൈവ് ഡോര്‍ മോഡലും. അതേസമയം, മുന്നിലെ ബമ്പറിന്റെയും ഗ്രില്ലിന്റെയും ഡിസൈനില്‍ മാറ്റം പ്രതീക്ഷിക്കാം. എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവ ഇവയിലെ പുതുമകളാകും. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എ.സി.വെന്റ്, ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ ഫീച്ചറുകളിലെ ഹൈലൈറ്റാകും.

ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 100 ബി.എച്ച്.പി. പവറും 130 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. വിദേശ വിപണിയില്‍ 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ജിമ്‌നിയില്‍ നല്‍കിയിട്ടുള്ളത്.  

Content Highlights: Maruti Jimny New Five Door Model Spied In Test Run