മഹീന്ദ്രയിൽ നിന്ന് പുതിയൊരു വാഹനം അവതരിപ്പിച്ച ബുക്കിങ് ആരംഭിക്കുമ്പോൾ പുതിയ റെക്കോഡുകൾ പിറക്കുകയെന്നത് ഒരു കീഴ്‌വഴക്കം പോലെ തുടരുന്ന ഒന്നാണ്. മഹീന്ദ്ര ഏറ്റവും ഒടുവിൽ പുറത്തിറക്കിയ രണ്ട് എസ്‌യുവികളുടെ കാര്യത്തിലും ഈ പതിവ് തെറ്റിയില്ല. ഏറ്റവും പുതിയ എസ്‌യുവികളായ എക്‌സ്ഇവി 9എസ്, എക്‌സ്‌യുവി 7എക്‌സ്ഒ എന്നീ മോഡലുകളുടെ ബുക്കിങ്ങിലും റെക്കോഡ് നേട്ടമാണ് രാജ്യത്തെ മുൻനിര എസ്‌യുവി നിർമാതാക്കളായ മഹീന്ദ്രയ്ക്ക് ലഭിച്ചിരിക്കുന്നത്.

To advertise here,

ജനുവരി 14-നാണ് ഈ രണ്ട് വാഹനങ്ങളുടെയും ബുക്കിങ് മഹീന്ദ്ര ആരംഭിച്ചത്. ബുക്കിങ് വിൻഡോ തുറന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ 93,689 പേരാണ് ഈ രണ്ട് വാഹനങ്ങളുമായി ബുക്കുചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണി വരെയുള്ള വിവരം അനുസരിച്ച് എക്‌സ്‌ഷോറൂം വില കണക്കാക്കി ഈ ബുക്കിങ്ങിലൂടെ 20500 കോടി രൂപയാണ് മഹീന്ദ്രയുടെ പണപെട്ടിയിൽ എത്തിയിരിക്കുന്നത്. രണ്ട് മോഡലുകളിൽ ഒന്ന് മഹീന്ദ്രയുടെ ആദ്യ ഏഴ് സീറ്റർ ഇലക്ട്രിക് എസ്‌യുവിയാണ്. XUV 7XO ഐസ് എൻജിൻ എസ്‌യുവിയാണ്.

മഹീന്ദ്ര XUV 7XO

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മഹീന്ദ്രയുടെ XUV 7XO വിപണിയിൽ അവതരിപ്പിച്ചത്. ഫ്ളാഗ്ഷിപ്പ് എസ്യുവി മോഡലായി വിശേഷിപ്പിക്കുന്ന ഈ വാഹനത്തിന് 13.66 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. XUV 7OO മോഡലിന്റെ പുതുക്കിയ രൂപമാണ് പുതിയ പേരിൽ ഒരുങ്ങിയിരിക്കുന്നത്. ട്രിപ്പിൾ സ്‌ക്രീൻ സംവിധാനം, ടു സ്പോക്ക് സ്റ്റിയറിങ് വീൽ, ക്ലൈമറ്റ് കൺട്രോൾ ഉൾപ്പെടെയുള്ളവ നിയന്ത്രിക്കുന്നതിനുള്ള ടച്ച് പാഡ് തുടങ്ങിയവയാണ് ഫീച്ചറുകളിൽ മികച്ച് നിൽക്കുന്നത്.

സുരക്ഷയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. 540 ഡിഗ്രി ക്യാമറയാണ് ഇതിൽ പ്രധാനം. ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഓട്ടോ ഹോൾഡ് എന്നിവയ്ക്കൊപ്പം അടിസ്ഥാന സുരക്ഷ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. അഡ്വാൻസ്ഡ് സുരക്ഷ നൽകുന്നതിനായി ലെവൽ ടു അഡാസ് സംവിധാനവും ഇതിലുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോ എമർജൻസി ബ്രേക്കിങ്, തുടങ്ങിയവ അഡാസിൽ നൽകുന്നുണ്ട്.

എക്സ്യുവി 700-ൽ നിന്നുള്ള മെക്കാനിക്കൽ സംവിധാനങ്ങളാണ് XUV 7XO-യിലും. 200 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ എംസ്റ്റാലിൻ പെട്രോൾ, 185 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ എംഹോക്ക് ഡീസൽ എന്നിവയാണിത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഇതിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഉയർന്ന വേരിയന്റുകളിലെ ഡീസൽ എൻജിനുകൾക്കൊപ്പം ഓൾ വീൽ ഡ്രൈവ് സംവിധാനവും നൽകുന്നുണ്ട്.

മഹീന്ദ്ര XEV 9S

നാല് ട്രിമ്മുകളിലായി 59kWh, 70kWh, 79kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പാക്കുകളാണുള്ളത് XEV 9S-ലുള്ളത്. ഇവയെല്ലാം 175kW വരെയുള്ള ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നു. എൻട്രി ലെവൽ പാക്ക് വൺ എബൗ വേരിയന്റിന് 59kWh, 79kWh ഓപ്ഷനുകളുണ്ട്. ഇവ രണ്ടും റിയർ-വീൽ ഡ്രൈവാണ്. 79kWh ബാറ്ററിയുള്ള XEV 9S പാക്ക് വൺ എബൗ വേരിയന്റിന് 21.95 ലക്ഷം രൂപയാണ് വില. 59kWh ബാറ്ററിയുള്ള XEV 9S-ന് ARAI പ്രകാരം 521 കിലോമീറ്ററാണ് റേഞ്ച്. അതേസമയം 79kWh-ന്റെ എല്ലാ വേരിയന്റുകൾക്കും 679 കിലോമീറ്റർ ARAI റേഞ്ച് ലഭിക്കും.

മിഡ്-സ്‌പെക്ക് പാക്ക് ടു എബൗ ട്രിമ്മിന് പുതിയ 70kWh ബാറ്ററി പാക്ക് (600 കിലോമീറ്റർ ARAI റേഞ്ച്) ലഭിക്കുന്നു, ഇതിന് 24.45 ലക്ഷം രൂപയാണ് വില. 79kWh പതിപ്പിന് 25.45 ലക്ഷം രൂപയും. ടോപ്പ്-സ്‌പെക്ക് XEV 9S പാക്ക് ത്രീ, പാക്ക് ത്രീ എബൗ എന്നിവ 79kWh ബാറ്ററി പാക്കിൽ മാത്രമേ ലഭ്യമാകൂ, ഇവയ്ക്ക് യഥാക്രമം 27.35 ലക്ഷം രൂപയും 29.45 ലക്ഷം രൂപയുമാണ് വില. 7.2kW ചാർജറിന് 50,000 രൂപയും 11.2kW ചാർജറിന് 75,000 രൂപയും അധികമായി നൽകണം.