
ഇന്ത്യയിലെ ഏറ്റവും വലിയ എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ബിഎസ്-6 നിലവാരത്തിലുള്ള ഏതാനും മോഡലുകള്‍ അവതരിപ്പിച്ച് കഴിഞ്ഞു. ലോക്ക്ഡൗണിന് പിന്നാലെ പുതുതലമുറ ഥാറും എത്തുമെന്ന് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍, മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനശ്രേണിയിലേക്കുള്ള മോഡലുകള്‍ അല്‍പ്പം വൈകുമെന്നാണ് സൂചന.
രാജ്യത്തെ ഇലക്ട്രിക് എസ്യുവികളിലേക്കുള്ള മഹീന്ദ്ര സാന്നിധ്യമായി എക്സ്യുവി 300-ന്റെ ഇലക്ട്രിക് പതിപ്പ് ഈ വര്‍ഷമെത്തുമെന്ന് അറിയിക്കുകയും ഇതിന്റെ കണ്‍സെപ്റ്റ് മോഡല്‍ കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതിന്റെ വരവ് 2021-ലേക്ക് നീട്ടിയതായാണ് റിപ്പോര്‍ട്ട്.
അതുപോലെ മഹീന്ദ്ര ഇതിനോടകം അവതരിപ്പിച്ചിട്ടുള്ള മിനി എസ്യുവി വാഹനമായ കെയുവി100-ന്റെ ഇലക്ട്രിക് പതിപ്പ് ഷോറൂമുകളിലെത്താനും കാലതാമസം നേരിടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിനോടകം ഷോറൂമുകളിലെത്തേണ്ടിയിരുന്ന ഈ വാഹനത്തെ 2020-ന്റെ അവസാനത്തോടെ മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്നും സൂചനകളുണ്ട്.
മഹീന്ദ്രയില്‍ നിന്ന് ഇനിയെത്തുന്ന ഇലക്ട്രിക് വാഹനം എക്സ്യുവി 300 ആയിരിക്കുമെന്ന് മുമ്പുതന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ എക്സ്യുവി300 ഇ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചത്. റെഗുലര്‍ മോഡലിന്റെ ഡിസൈനില്‍ തന്നെയാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്.
സ്റ്റാന്റേഡ്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളായാണ് ഈ വാഹനം നിരത്തുകളിലെത്തുക. റേഞ്ചിന്റെ അടിസ്ഥാനത്തിലാണ് രണ്ട് വേരിയന്റുകളായി തിരിച്ചിട്ടുള്ളത്. ഇതില്‍ സ്റ്റാന്റേഡ് പതിപ്പ് 200 കിലോമീറ്ററും ലോങ്ങ് റേഞ്ച് പതിപ്പ് 300 കിലോമീറ്ററുമാണ് ഒറ്റത്തവണ ചാര്‍ജില്‍ സഞ്ചരിക്കുന്ന ദൂരം.
വിവിധ തലങ്ങളിലുള്ള ഉപയോക്താക്കള്‍ക്കായി രണ്ട് തരത്തിലുള്ള ബാറ്ററി പാക്കുകളിലായിരിക്കും ഈ എസ്യുവി നിരത്തിലെത്തുകയെന്നാണ് വിവരം. പരമാവധി വേഗത 150 കിലോമീറ്ററുള്ള ഈ എസ്യുവി 11 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് സൂചന. നെക്സോണ്‍ ഇവി ആയിരിക്കും ഈ വാഹനത്തിന്റെ എതിരാളി.
Source: NDTV Car and Bike
Content Highlights: Mahindra XUV300 Electric Launch postponed To 2021
Published: 16 May 2020, 09:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented