മഹീന്ദ്രയുടെ കോംപാക്ട് എസ്.യു.വി. മോഡലായ എക്‌സ്.യു.വി.300 തിരിച്ച് വിളിച്ച് നിര്‍മാതാക്കള്‍. വാഹനത്തിന്റെ ക്ലെച്ച് ഡിസ്‌ക് അസംബ്ലിയിലും എ.സി. ഗ്യാസ് ലീക്കേജും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍വീസിനായി വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നതെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. എതാനും ദിവസങ്ങള്‍ക്ക് മുമ്പ് ടര്‍ബോ ചാര്‍ജറില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മഹീന്ദ്ര എക്‌സ്.യു.വി.700 തിരിച്ച് വിളിച്ചിരുന്നു.

To advertise here,

മഹീന്ദ്ര എക്‌സ്.യു.വി.300-ന്റെ പെട്രോള്‍-ഡീസല്‍ എന്‍ജിന്‍ മോഡലുകളില്‍ ഈ തകരാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തകരാര്‍ സ്ഥിരീകരിച്ചിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിനായുള്ള സംവിധാനം മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, വാഹന ഉടമകളെ ഡീലര്‍ഷിപ്പ് അധികൃതര്‍ നേരിട്ട് ബന്ധപ്പെടുമെന്നുമാണ് വിവരം. തകരാര്‍ കണ്ടെത്തിയ വാഹനങ്ങള്‍ കമ്പനിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ മുഖേന സര്‍വീസ് ചെയ്ത് നല്‍കും. 

വാഹനത്തിലെ എയര്‍ കണ്ടീഷന്‍ സിസ്റ്റത്തിലെ സി.വി. കോര്‍ അസംബ്ലിയിലാണ് ഗ്യാസ് ലീക്ക് കണ്ടെത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇത് എ.സിയുടെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ വിലയിരുത്തുന്നത്. എന്നാല്‍, രണ്ട് തകരാറുകളും എത്ര വാഹനത്തിലാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന കാര്യത്തില്‍ നിര്‍മാതാക്കള്‍ വ്യക്തത വരുത്തിയിട്ടില്ല. അതിനാലാണ് വെബ്‌സൈറ്റില്‍ വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കി പരിശോധിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. 

ടര്‍ബോചാര്‍ജര്‍ ആക്‌ച്വേറ്റര്‍ ലിങ്കേജ് മാറ്റി നല്‍കുന്നതിനായാണ് എക്‌സ്.യു.വി.700-ന്റെ ഡീസല്‍ എന്‍ജിന്‍ മാനുവല്‍-ഓട്ടോമാറ്റിക് പതിപ്പുകള്‍ തിരിച്ച് വിളിച്ചിരിക്കുന്നത്. അതേസമയം, ഇതിന്റെ പെട്രോള്‍ എന്‍ജിന്‍ മോഡലുകളുടെ ടി-ബ്ലോക്ക് കണക്ടര്‍ ഇന്‍സ്റ്റലേഷന്‍ പരിശോധിക്കുന്നതിനായും തിരിച്ച് വിളിച്ചിട്ടുണ്ട്. ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാറിന്റെ ഡീസല്‍ മോഡലിന്റെ ടര്‍ബോചാര്‍ജര്‍ ആക്‌ച്വേറ്റര്‍ ലിങ്കേജിലും തകരാര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്നീ എന്‍ജിനുകളിലാണ് മഹീന്ദ്ര എക്‌സ്.യു.വി.300 എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 110 പി.എസ്.പവറും 200 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കും. ഡീസല്‍ എന്‍ജിന്‍ മോഡല്‍ 115 ബി.എച്ച്.പി.പവറും 300 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ മോഡലില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഡീസല്‍ മോഡലില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.