കിയ ഇന്ത്യയുടെ വാഹന നിരിയിലേക്ക് വീണ്ടുമൊരു കോംപാക്ട് എസ്.യു.വി. കൂടി അവതരിപ്പിച്ചു. സൈറസ് എന്ന പേരിട്ടിരിക്കുന്ന ഈ വാഹനം വലിപ്പത്തില്‍ സോണറ്റിനോടും ഫീച്ചറുകളില്‍ സെല്‍റ്റോസിനോടും ഒപ്പം നില്‍ക്കാന്‍ പോകുന്ന മോഡലാണ്. ആഗോള പ്രദര്‍ശനം നിര്‍വഹിച്ചിരിക്കുന്ന ഈ വാഹനം ജനുവരി മാസം മുതല്‍ വിപണിയില്‍ എത്തിത്തുടങ്ങുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. കിയയുടെ ഇന്റര്‍നാഷണല്‍ മോഡലായ സോളുമായി ഡിസൈന്‍ പങ്കിട്ട് ഒരുങ്ങിയിരിക്കുന്ന വാഹനമാണിത്. 

To advertise here,

സോണറ്റ്  ഉള്‍പ്പെടെയുള്ള കിയ മോഡലുകളിലും വെന്യൂ പോലുള്ള ഹ്യുണ്ടായി വാഹനങ്ങളിലും നല്‍കിയിരുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും സൈറസിന് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 115 ബി.എച്ച്.പി. പവറും 250 എന്‍.എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകള്‍ ഡീസല്‍ എന്‍ജിനൊപ്പം നല്‍കും. 

placeholder
കിയ സൈറസ്

120 ബി.എച്ച്.പി. പവറും 173 എന്‍.എം ടോര്‍ക്കുമാണ് സൈറസിലെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക്  ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. സോണറ്റിന്റെ അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനില്‍ സൈറസ് എത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.  

കിയയുടെ വാഹനശ്രേണിയിലെ രണ്ടാമത് കോംപാക്ട് എസ്.യു.വിയാണ് സൈറസ്. ടോള്‍ ബോയി ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് ബോഡി ഒരുക്കിയിരിക്കുന്നത്. നിരനിരയായി നല്‍കിയിരിക്കുന്ന എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ലൈന്‍ മാതൃകയില്‍ തീര്‍ത്തിരിക്കുന്ന ഡി.ആര്‍.എല്‍, ബോക്സി ഭാവമുള്ള ബമ്പര്‍, ഫ്ളാറ്റായി തീര്‍ത്തിരിക്കുന്ന ബോണറ്റ് എന്നിവയാണ് മുഖഭാവത്തെ അലങ്കാരം. കിയയുടെ സിഗ്‌നേച്ചറായി ടൈഗര്‍ നോസ് ഗ്രില്ല് ഒഴിവാക്കിയതും ഈ വാഹനത്തിന്റെ സവിശേഷതയാണ്. 

placeholder
കിയ സൈറസ്

ഇന്റീരിയര്‍ കംഫോര്‍ട്ടിന് കൂടുതല്‍ പ്രധാന്യം നല്‍കിയൊരുങ്ങിയിരിക്കുന്ന വാഹനമാണ് സൈറസ്. ഇന്‍സ്ട്രുമെന്റ്  ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയില്‍ സോണറ്റിന്റെ പിന്‍ഗാമിയാണെങ്കിലും 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, അഡാസ് സ്യൂട്ട്, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളും ഈ വാഹനത്തില്‍ ഒരുങ്ങും. കൂടുതല്‍ മികച്ച റിയര്‍ സീറ്റ് എക്‌സ്പീരിയന്‍സ് ഉറപ്പാക്കുന്നതിനായി റിക്ലൈന്‍ സംവിധാനമുള്ള സീറ്റുകള്‍ പിന്‍നിരയില്‍ നല്‍കിയിട്ടുണ്ട്.

വലിപ്പത്തില്‍ വിപണിയിലെ മറ്റ് കോംപാക്ട് എസ്.യു.വികള്‍ക്കും സോണറ്റിനും സമാനമാണ് സൈറസും. 3995 എം.എം. നീളം, 1800 എം.എം. വീതി, 1665 എം.എം. ഉയരം, 2550 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് സൈറസിന്റെ അഴകളവുകള്‍. 406 ലിറ്ററിന്റെ ഉയര്‍ന്ന ബൂട്ട് സ്പേസ് ഈ വാഹനത്തെ എതിരാളികളെക്കാള്‍ മുന്നിലെത്തിക്കും. ഭാരത് മൊബിലിറ്റി എക്സ്പോയിലായിരിക്കും ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുക. വിലയും ഈ അവസരത്തിലായിരിക്കും പ്രഖ്യാപിക്കുക. ജനുവരി മൂന്നിന് വണ്ടിയുടെ ബുക്കിങ് ആരംഭിക്കും. ഫെബ്രുവരി 25-ന് വാഹനം വിതരണം ആരംഭിക്കും.