ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നീ മോഡലുകളിലൂടെ ഇന്ത്യയിലെ വാഹന വിപണിക്ക് ലഭിച്ച ഒരു ശ്രേണിയാണ് മൈക്രോ എസ്.യു.വി. ഈ രണ്ട് കമ്പനികള്‍ക്ക് പുറമെ, കിയ മോട്ടോഴ്‌സ് ഉള്‍പ്പെടെയുള്ള കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ ഈ ശ്രേണിയിലേക്ക് വാഹനമെത്തിക്കാനുള്ള തിരക്കുപിടിച്ച നീക്കത്തിലാണ്. കിയ മോട്ടോഴ്‌സിന്റെ മൈക്രോ എസ്.യു.വി. നിരത്തുകളില്‍ എത്തുമെന്ന് ഉറപ്പിച്ച് വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. 

To advertise here,

കിയ മോട്ടോഴ്‌സ് അടുത്തിടെ പകര്‍പ്പവകാശം സ്വന്തമാക്കിയ ക്ലാവിസ് എന്ന പേര് ഒരു മൈക്രോ എസ്.യു.വി. മോഡലിന് ഉപയോഗിക്കാനാണെന്ന സൂചനകള്‍ മുമ്പ് ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുകയും ചെയ്യുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള ചിത്രങ്ങള്‍. പൂര്‍ണമായും മൂടികെട്ടിയ നിലയിലുള്ള ചിത്രമാണ് പുറത്തായിരിക്കുന്നത്. എന്നാല്‍, വാഹനത്തിന്റെ എക്സ്റ്റീരിയറിലെ ഏതാനും സവിശേഷതകളും ഫീച്ചറുകളും ഈ ചിത്രം വെളിപ്പെടുത്തുന്നുണ്ട്.

ബമ്പറിലാണ് ഹെഡ്‌ലാമ്പുകളുടെ സ്ഥാനം. കിയയുടെ മറ്റ് വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായാണ് ഡി.ആര്‍.എല്‍. സ്ഥാനം. കിയയുടെ സിഗ്നേച്ചറായ ടൈഗര്‍ നോസ് ഗ്രില്ല് ഈ വാഹനത്തില്‍ നല്‍കിയിട്ടില്ലെന്നാണ് ചിത്രം നല്‍കുന്ന സൂചന. ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ സ്‌റ്റൈലിഷായ ഡിസൈനിലാണ് അലോയി വീല്‍ ഒരുങ്ങിയിട്ടുള്ളത്. വലിയ ഹാച്ച്‌ഡോറും ഗ്ലാസിന്റെ സൈഡിലായി നല്‍കിയിട്ടുള്ള ടെയ്ല്‍ലാമ്പുമാണ് പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നത്. 

വിശാലമായ ഇന്റീരിയറാണ് ക്ലാവിസിനെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. മികച്ച സീറ്റുകള്‍ക്കും ലെഗ്‌റൂമിനൊപ്പം വാഹനത്തിന്റെ ഉയരത്തിനനുസരിച്ച് വിശാലമായ ഹെഡ്‌റൂമും പിന്നില്‍ നല്‍കുന്നുണ്ട്. മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകളും നല്‍കുന്നുണ്ട്. ഡോര്‍ പാനലിലാണ് ഇതിന്റെ കണ്‍ട്രോള്‍ യൂണിറ്റ്. 360, ഡിഗ്രി ക്യാമറ, സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം ലെവല്‍-2 അഡാസ് ഫീച്ചറും ഈ വാഹനത്തില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പരീക്ഷണയോട്ട ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ടെങ്കിലും ഈ വാഹനം എപ്പോള്‍ ഇന്ത്യയില്‍ എത്തുമെന്ന് വ്യക്തമല്ല. പുതുതലമുറ കാര്‍ണിവല്‍, ഇലക്ട്രിക് എസ്.യു.വിയായ ഇ.വി.9 തുടങ്ങിയ മോഡലുകള്‍ 2024-ല്‍ അവതരിപ്പിക്കാനൊരുങ്ങുന്നതിനാലാണ് ക്ലാവിസിന്റെ വരവ് 2025-ഓടെ മാത്രമേ ഉണ്ടാവുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഹ്യുണ്ടായിയില്‍ നിന്ന് അടുത്തിടെ വിപണിയില്‍ എത്തിയ എക്സ്റ്റര്‍ മോഡലുമായി മെക്കാനിക്കല്‍ ഫീച്ചറുകള്‍ പങ്കിടുന്ന വാഹനമായിരിക്കും ക്ലാവിസ് എന്ന മൈക്രോ എസ്.യു.വിയുമെന്നാണ് വിവരം.

Image Source: Shorts_Car