ന്ത്യയിലെ എം.പി.വി. ശ്രേണിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് പിഴച്ച വാഹനമാണ് കിയയുടെ കാര്‍ണിവല്‍. ആദ്യ വരവില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ മടങ്ങിയ ഈ വാഹനം വീണ്ടും തിരിച്ചെത്തുകയാണ്. ഉറച്ച ചുവടുവയ്പ്പുമായി എത്തുന്ന ഈ വാഹനത്തെ വരവിന് മുമ്പ് തന്നെ ഇന്ത്യയിലെ വാഹനപ്രേമികള്‍ ഏറ്റെടുത്തെന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒക്ടോബര്‍ മൂന്നാം തിയതിയാണ് ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. 

To advertise here,

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന പുതിയ കാര്‍ണിവലിന്റെ ബുക്കിങ് കഴിഞ്ഞ ദിവസമാണ് കിയ മോട്ടോഴ്‌സ് ആരംഭിച്ചത്. രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കി ആരംഭിച്ച ബുക്കിങ്ങില്‍ ആദ്യ ദിവസം തന്നെ 1822 പേരാണ് ഈ വാഹനം സ്വന്തമാക്കാന്‍ എത്തിയത്. ലിമോസിന്‍, ലിമോസിന്‍ പ്ലസ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനം പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് സി.ബി.യു. റൂട്ട് വഴിയായിരിക്കും ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. 

ടൊയോട്ട ഇന്നോവ ആധിപത്യം ഉറപ്പിച്ചിട്ടുള്ള എം.പി.വി. ശ്രേണിയിലേക്കായിരുന്നു കിയ മോട്ടോഴ്‌സ് ആദ്യം കാര്‍ണിവലിനെ എത്തിച്ചത്. പ്രധാന എതിരാളി ഇന്നോവ ക്രിസ്റ്റയുമായിരുന്നു. എന്നാല്‍, ഇത്തവണ ഒരു വാഹനത്തോടും മത്സരത്തിനില്ലെന്ന പ്രഖ്യാപനത്തോടെയാണ് കാര്‍ണിവലിന്റെ വരവ്. എം.പി.വി. സെഗ്മെന്റിലേക്കാണ് വരുന്നതെങ്കിലും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് എത്തുന്നതിനാല്‍ തന്നെ 50 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. 

രാജ്യാന്തര വിപണിയില്‍ ഇതിനോടകം തന്നെ എത്തിയിട്ടുള്ള കാര്‍ണിവലിന്റെ ഡിസൈനില്‍ തന്നെയാണ് ഇന്ത്യന്‍ മോഡലും ഒരുങ്ങുന്നത്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ല്, എല്‍ ഷേപ്പില്‍ നല്‍കിയിട്ടുള്ള വലിയ ഡി.ആര്‍.എല്‍, നിരയായി നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍ എന്നിവയാണ് മുന്നിലെ പുതുമ. അലോയ് വീലിന്റെ ഡിസൈനാണ് വശങ്ങളിലെ മാറ്റം. കിയയുടെ മറ്റ് വാഹനങ്ങളിലേതിന് സമാനമായ ടെയ്ല്‍ലാമ്പാണ് പുതിയ കാര്‍ണിവലിലുമുള്ളത്. ബമ്പര്‍ ഉള്‍പ്പെടെയുള്ളവയിലും മാറ്റം പ്രകടമാണ്. 

അത്യാഡംബര എം.പി.വി. മോഡലുകളില്‍ ലഭിക്കുന്ന ഫീച്ചറുകള്‍ ഉറപ്പാക്കിയാണ് കാര്‍ണിവല്‍ ആദ്യം തന്നെ എത്തിയത്. ഈ വരവിലും ഇത് ആവര്‍ത്തിക്കും. 12.5 ഇഞ്ച് വലിപ്പത്തിലുള്ള രണ്ട് സ്‌ക്രീനുകളാണ് നല്‍കിയിട്ടുള്ളത്. മുന്നിലും പിന്നിലും ഡാഷ്‌ക്യാമറ, റോട്ടറി ഡ്രൈവ് സെലക്ടര്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, ഹെഡ് അപ്പ് ഡിസ്‌പ്ലേ, 14.6 റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ കീ, ആംബിയന്റ് ലൈറ്റിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്.

200 ബിഎച്ച്പി പവറും 440 എന്‍എം ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് നിരത്തൊഴിഞ്ഞ കിയ കാര്‍ണിവല്‍ എം.പി.വിക്ക് കരുത്തേകിയിരുന്നത്. ഇത് തന്നെയായിരിക്കും പുതിയ മോഡലിലും നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും തുടര്‍ന്നേക്കും. 2.2 ലിറ്റര്‍ ഡീസല്‍, ഇലക്ട്രിക് മോട്ടോറിന്റെ പിന്തുണയോടെ നല്‍കുന്ന 1.6 ലിറ്റര്‍ പെട്രോള്‍, 3.5 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലായിരുന്നു കാര്‍ണിവല്‍ വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ളത്.