
വാഹനം സ്വന്തമാക്കാതെ തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്ന കാര്‍ ലീസിങ്ങ് പ്രോഗ്രാം ഇപ്പോള്‍ വളരെ സുലഭമാണ്. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, മാരുതി സുസുക്കി, കിയ മോട്ടോഴ്‌സ് തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും ഈ സേവനം നല്‍കുന്നുണ്ട്. എന്നാല്‍, റെഗുലര്‍ വാഹനങ്ങള്‍ക്ക് പുറമെ, ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് എസ്.യു.വിയായ ഇ.വി.6 ഇത്തരത്തില്‍ വാടകയ്ക്ക് നല്‍കി ഈ മേഖലയില്‍ ഒരുപടി മുന്നിലെത്തിയിരിക്കുകയാണ് കിയ മോട്ടോഴ്‌സ്.
സോണറ്റ്, സെല്‍റ്റോസ്, കാരന്‍സ് എന്നീ മോഡലുകളും കിയയുടെ കാര്‍ ലീസിങ്ങ് പ്രോഗ്രാമിന്റെ ഭാഗമാണ്. ഈ നിരയിലേക്കാണ് ഇ.വി.6 എത്തിച്ചിരിക്കുന്നത്. സോണറ്റിന് പ്രതിമാസം 17,999 രൂപയും സെല്‍റ്റോസിന് 23,999 രൂപയും കാരന്‍സിന് 24,999 രൂപയുമാണ് ഈടാക്കിയിരുന്നതെങ്കില്‍ ഇ.വി.6-ന്റെ പ്രതിമാസ വാടക ഒരുലക്ഷം കടക്കും. കിയ മോട്ടോഴ്‌സ് നല്‍കിയ വിവരം അനുസരിച്ച് 1.29 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് വാഹനത്തിന് പ്രതിമാസം ഈടാക്കുന്ന വാടക.
24 മാസം മുതല്‍ 60 മാസം വരെ കാലാവധിയിലുള്ള വ്യത്യസ്തമായ ലീസിങ്ങ് പ്രോഗ്രാമുകളാണ് കിയ മോട്ടോഴ്‌സ് ഒരുക്കിയിരിക്കുന്നത്. വാഹനം വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് സര്‍വീസ് ഉള്‍പ്പെടെയുള്ള തലവേദനകള്‍ ഉണ്ടാകില്ലെന്നും കിയ ഉറപ്പാക്കിയിട്ടുണ്ട്. ഇന്‍ഷൂറന്‍സ്, വാഹനത്തിന്റെ അറ്റകുറ്റപണികള്‍, പീരിയോഡിക്കല്‍ സര്‍വീസുകള്‍, പിക്ക്അപ്പ് ആന്‍ഡ് ഡ്രോപ്പ്, 24 മണിക്കൂര്‍ റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയവയെല്ലാം കിയ ലീസിങ്ങ് പ്രോഗ്രാമില്‍ ഉറപ്പാക്കുന്നുണ്ട്.
ആഡംബര വാഹനശ്രേണിയില്‍ വരുന്ന ഇ.വി.6 ആണ് ഈ ലീസിങ്ങ് പദ്ധതിയില്‍ ഒടുവില്‍ എത്തിയിരിക്കുന്നത്. കിയ ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് മോഡലാണ് ഇ.വി.6. റിയര്‍ വീല്‍, ഓള്‍ വീല്‍ ഡ്രൈവ് പതിപ്പുകളില്‍ ഈ വാഹനം എത്തുന്നുണ്ട്. റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിന് 229 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ഓള്‍ വീല്‍ ഡ്രൈവില്‍ രണ്ട് ഇലക്ട്രിക് മോട്ടോറാണ് നല്‍കിയിട്ടുള്ളത്. ഇത് 325 ബി.എച്ച്.പി. പവറും 650 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 708 കിലോമീറ്റര്‍ ഇ.വി.6 സഞ്ചരിക്കുമെന്നാണ് കിയ അവകാശപ്പെടുന്നത്. 77.4 kWh ബാറ്ററി പാക്കാണ് രണ്ട് മോഡലിലും നല്‍കിയിട്ടുള്ളത്. 350 കിലോവാട്ട് ഡി.സി. ചാര്‍ജര്‍ ഉപയോഗിച്ച് കേവലം 18 മിനിറ്റില്‍ 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 50 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 73 മിനിറ്റിനുള്ളില്‍ ബാറ്ററിയുടെ 80 ശതമാനം നിറയുമെന്നാണ് കിയ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്.
Content Highlights: Kia India introduces a lease program for its flagship product, EV6
Published: 27 Jul 2024, 02:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented