കിയ മോട്ടോഴ്സിന്റെ ഇന്ത്യയിലെ വാഹനനിരയിലെ ഏക ഇലക്ട്രിക് മോഡലാണ് പ്രീമിയം വാഹനമായ ഇ.വി.6. 2021-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഈ പ്രീമിയം ഇലക്ട്രിക് കാറിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോ 2025-ലാണ് കിയ ഇ.വി.6-ന്റെ പുതിയ പതിപ്പ് എത്തിച്ചിരിക്കുന്നത്. അവതരണത്തിന് പിന്നാലെ തന്നെ പുതിയ ഇ.വി.6 മോഡലിന്റെ ബുക്കിങ്ങ് ആരംഭിച്ചതായും കിയ ഇന്ത്യ അറിയിച്ചു.
മുന്‍ മോഡലിന് സമാനമായി ജി.ടി.ലൈന്‍ വേരിയന്റിന്റെ റിയര്‍ വീല്‍ ഡ്രൈവ്, ഓള് വീല്‍ ഡ്രൈവ് മോഡലുകളാണ് ഇത്തവണയും എത്തിച്ചിരിക്കുന്നത്. ലുക്കിലും ഫീച്ചറുകളിലും വരുത്തിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്കൊപ്പം മെക്കാനിക്കലായുള്ള പുതുമയും ഈ വരവില്‍ ഇ.വി6-ല്‍ വരുത്തിയിട്ടുണ്ട്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തിച്ചാണ് വില്‍പ്പനയെങ്കിലും രാജ്യാന്തര വിപണിയില്‍ എത്തിച്ചിട്ടുള്ള ജി.ടി.ലൈന്‍ എസ് വേരിയന്റ് ഇന്ത്യയില്‍ എത്തിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇ.വി.6-ന്റെ ആദ്യ മോഡലിന് അടിസ്ഥാനമൊരുക്കിയിരുന്ന ഇ-ജി.എം.പി. പ്ലാറ്റ്ഫോമില്‍ തന്നെയാണ് പുതിയ പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍, 84 കിലോവാട്ട് ശേഷിയുള്ള ബാറ്ററിപാക്കാണ് പുതിയ മോഡലില്‍ നല്‍കിയിട്ടുള്ളത്. മുന്‍ മോഡലില്‍ 77.4 കിലോവാട്ട് ബാറ്ററിയാണ് നല്‍കിയിരുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 650 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കിയ മോട്ടോഴ്സ് അവകാശപ്പെടുന്നത്. 325 എച്ച്.പി. പവറും 605 എന്‍.എം.ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇ.വി.6-ന് കരുത്തേകുന്നത്.
അതിവേഗ ചാര്‍ജിങ്ങാണ് പുതിയ ഇ.വി.6-ല്‍ വന്നിട്ടുള്ള മറ്റൊരു പുതുമ. 350 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് കേവലം 18 മിനിറ്റില്‍ 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. വാഹനത്തിന്റെ അളവുകളില്‍ മാറ്റം വരുത്താതെയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. 4695 എം.എം. നീളം, 1890 എം.എം. വീതി, 1550 എം.എം. ഉയരം എന്നിവയ്ക്കൊപ്പം 2900 എം.എമ്മിന്റെ വീല്‍ബേസുമാണ് ഇ.വി.6 മോഡലില്‍ നല്‍കിയിരിക്കുന്നത്.
ഡിസൈനില്‍ ശ്രദ്ധേയമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ത്രികോണാകൃതിയിലുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്പും കിയയുടെ സിഗ്നേച്ചര്‍ സ്റ്റാര്‍ മാപ്പ് ബോര്‍ഡര്‍ ലൈറ്റുകളുമാണ് മുന്നില്‍ നല്‍കിയിരിക്കുന്നത്. ബമ്പറില്‍ വരുത്തിയിട്ടുള്ള മാറ്റത്തിനൊപ്പം ലോവര്‍ ഗ്രില്ലിലും ഏതാനും അഴിച്ചുപണികള്‍ വരുത്തിയിട്ടുണ്ട്. മുന്‍ മോഡലില്‍ നല്‍കിയിരുന്ന ക്രോമിയം ആവരണങ്ങളെല്ലാം നീക്കി വാഹനെത്ത കൂടുതല്‍ സ്പോര്‍ട്ടിയാക്കിയിട്ടുണ്ട്. 19 ഇഞ്ച് വലിപ്പമുള്ള അലോയി വീലാണ് ഇ.വി.6-നെ റോഡുമായി ബന്ധിപ്പിക്കുന്നത്.
ഹൈടെക് ഫീച്ചറുകളാണ് ഈ വരവില്‍ ഇ.വി.6-നെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനായി നല്‍കിയിട്ടുള്ള ഫിംഗര്‍പ്രിന്റെ സെന്‍സര്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, പുതിയ ഹെഡ് അപ്പ് ഡിസ്പ്ലേ, എ.ഐ. അടിസ്ഥാനമാക്കിയുള്ള നാവിഗേഷന്‍ സംവിധാനം, പുതിയ ഡിസൈനില്‍ ഒരുക്കിയിട്ടുള്ള കിയ ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള ത്രീ സ്പോക്ക് സ്റ്റിയറിങ് വീല്‍, 12.3 ഇഞ്ച് വലിപ്പത്തിലുള്ള രണ്ട് സ്ക്രീനുകള്‍ എന്നിങ്ങനെ നീളും പുതിയ മോഡലിലെ ഫീച്ചറുകള്‍.
Content Highlights: Kia EV6 updated 2025 model boasts a larger battery faster charging and enhanced design
Published: 18 Jan 2025, 09:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented