'വൈദ്യുതി വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് പുതിയ സ്റ്റാര്‍ട്ട്അപ്പ് കമ്പനികളെ സ്വാഗതം ചെയ്യുന്നു. സര്‍ക്കാരിന്റെ എല്ലാ പിന്തുണയും നിങ്ങള്‍ക്കുണ്ടാകും. ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി 18,000 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇത് പ്രയോജനപ്പെടുത്താന്‍ രാജ്യത്തെ യുവാക്കാള്‍ മുന്നിട്ടിറങ്ങണം.' ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമായ ഇന്ത്യയുടെ സ്വന്തം ഓട്ടോ എക്‌സ്‌പോയുടെ 17-മാത് പതിപ്പ് ഉദ്ഘാടനം ചെയ്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനമാണിത്. രാജ്യത്തിന്റെ വാഹനമേഖലയുടെ ഗതി ഏത് ദിശയിലേക്കാകണമെന്ന വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗം. 

To advertise here,

ഒന്നിടവിട്ട വര്‍ഷങ്ങളിലാണ് സാധാരണ നിലയില്‍ ഓട്ടോ എക്‌സ്‌പോ നടക്കുന്നത്. തൊട്ടടുത്ത വര്‍ഷങ്ങളില്‍ നിരത്തുകളില്‍ എത്തുന്ന വാഹനങ്ങളും ഭാവിയില്‍ നിര്‍മിക്കാന്‍ ഉദേശിക്കുന്ന വാഹനങ്ങളുടെ കണ്‍സെപ്റ്റുകളുമെല്ലാമായാണ് ഈ വാഹന മാമാങ്കത്തില്‍ അരങ്ങേറാറുള്ളത്. 2020 മുതലാണ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിന് എത്തുന്ന വാഹനങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വന്നുതുടങ്ങിയത്. അതുവരെ ഇന്റേണല്‍ കംപസ്റ്റിന്‍ എന്‍ജിനുകള്‍ കരുത്തേകുന്ന പലതരത്തിലുള്ള വാഹനങ്ങളായിരുന്നു എക്‌സ്‌പോയില്‍ തിളങ്ങിയിരുന്നതെങ്കില്‍ 2020 മുതല്‍ ഇലക്ട്രിക് വാഹനങ്ങളും സാന്നിധ്യമറിയിച്ച് തുടങ്ങി. 2023 ഇലക്ട്രിക് വാഹനങ്ങളായിരുന്നു എക്‌സ്‌പോയുടെ പ്രധാന ആകര്‍ഷണമെങ്കില്‍ ഈ വര്‍ഷം എക്‌സ്‌പോ ഇലക്ട്രിക് വാഹനങ്ങള്‍ പൂര്‍ണമായും കൈയടക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. 

2023-ലാണ് ഓട്ടോ എക്‌സ്‌പോ എന്ന പേരില്‍ ഇന്ത്യയുടെ വാഹന പ്രദര്‍ശനം അവസാനമായി നടന്നത്. കണക്ക് അനുസരിച്ച് 2025-ലാണ് അടുത്ത ഓട്ടോ എക്‌സ്‌പോ നടക്കുന്നത്. എന്നാല്‍, 2024-ല്‍ ഭാരത് മൊബിലിറ്റി എക്‌സ്‌പോ എന്ന പേരില്‍ ഓട്ടോ എക്‌സ്‌പോയുടെ ഒരു മിനിയേച്ചര്‍ രൂപം നടന്നിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ കണ്‍സെപ്റ്റുകളും വാഹനങ്ങളിലെ സാങ്കേതികവിദ്യയുമായിരുന്നു ഈ ഷോയില്‍ പ്രധാനമായും പ്രദര്‍ശിപ്പിച്ചത്. എന്നാല്‍, 2025-ല്‍ ഇന്ത്യയുടെ ഓട്ടോ എക്‌സ്‌പോ പുനര്‍നാമകരണം ചെയ്ത് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ എന്ന പേരിലാണ് അരങ്ങേറിയത്. നോയിഡയിലെ എക്‌സ്‌പോ സെന്ററില്‍ നടന്നുവന്നിരുന്ന ഓട്ടോ എക്‌സ്‌പോ, ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററായ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലേക്ക് പറിച്ചുനട്ടതും ഈ വര്‍ഷമാണ്. 

മാറുന്ന വാഹനങ്ങള്‍

വാഹന പ്രദര്‍ശനത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സുസ്ഥിരമായ മൊബിലിറ്റിക്ക് പ്രധാന്യം നല്‍കിയുള്ള വാഹനങ്ങളായിരുന്നു ഓരോ വാഹന നിര്‍മാതാക്കളുടെയും പവലിയനുകളില്‍ നിരന്നവയില്‍ ഏറെയും. പരമ്പരാഗത ഇന്ധനങ്ങളില്‍നിന്ന് ഇലക്ട്രിക്, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍, സി.എന്‍.ജി. തുടങ്ങിയ ബദല്‍ ഇന്ധനങ്ങളിലേക്കുള്ള മാറ്റത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് ഇന്ത്യയുടെ പ്രഖ്യാപിത നയമായ മലിനീകരണം കുറഞ്ഞ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണെങ്കില്‍ രണ്ടാമത്തേത് തികച്ചും സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ളതാണ്. 2024 സാമ്പത്തിക വര്‍ഷത്തിലെ കണക്ക് അനുസരിച്ച് 11 ലക്ഷം കോടി രൂപയുടെ ക്രൂഡ് ഓയിലാണ് ഇന്ത്യ വിവിധ രാജ്യങ്ങളില്‍ നിന്ന് വാങ്ങിയിരിക്കുന്നത്. ഇത് കുറയ്ക്കാനുള്ള പ്രധാന മാര്‍ഗമായി സര്‍ക്കാര്‍ കാണുന്നത് ഇലക്ട്രിക് വാഹനങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ്. 

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വാഹന മേഖലയുടെ നിര്‍ണായക ശക്തിയായി ഇലക്ട്രിക് വാഹനങ്ങളെ മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ മറ്റൊരു ലക്ഷ്യം. ഇതിന് വഴിയൊരുക്കിയുള്ള ഇലക്ട്രിക് വാഹന നയവും രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഇ.വി.30 അറ്റ് 30 എന്നാണ് 2030 ലക്ഷ്യമാക്കി ഒരുക്കിയിട്ടുള്ള ഇലക്ട്രിക് വാഹന നയത്തിന് നല്‍കിയിട്ടുള്ള പേര്. ഇന്ത്യയുടെ മൊത്ത വാഹന വില്‍പ്പനയുടെ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുകയെന്നതാണ് പ്രഥമ ലക്ഷ്യം. 2070-ഓടെ സീറോ എമിഷന്‍ എന്നതും ഈ നയത്തിന്റെ തുടര്‍ച്ചയാണ്. രാജ്യത്തിന്റെ ഈ വലിയ ലക്ഷ്യത്തിന് ഇന്ധനമേകുന്ന നീക്കങ്ങളാണ് ഇന്ത്യയിലെ ഓരോ വാഹന നിര്‍മാതാക്കളും നടത്തുന്നത്. ഈ ലക്ഷ്യത്തിന് സാധ്യത കണക്കിലെടുത്ത് ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തേക്ക് നിരവധി സ്റ്റാര്‍ട്ടപ്പുകളും വിദേശ വാഹന നിര്‍മാതാക്കളും എത്തുന്നുവെന്നതും പ്രതീക്ഷ നല്‍കുന്നതാണ്. 

ഇലക്ട്രിക്കിലെ ഭാവി

2025 ഓട്ടോ എക്‌സ്‌പോയില്‍ (ഭാരത് മൊബിലിറ്റി എക്‌സ്‌പോ) ഇന്ത്യയിലെ മുന്‍നിര കമ്പനികള്‍ എല്ലാം പ്രധാന്യം നല്‍കിയത് ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളും ബി.എം.ഡബ്ല്യു, മെഴ്‌സിഡീസ് ബെന്‍സ്, പോര്‍ഷെ തുടങ്ങിയ പ്രീമിയം വാഹന നിര്‍മാതാക്കളുമെല്ലാം ഇലക്ട്രിക് വാഹനങ്ങളാണ് പ്രധാനമായും ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതിനുപുറമെ, രാജ്യത്തെ പ്രധാന ഇരുചക്ര വാഹന നിര്‍മാതാക്കളും ഇലക്ട്രിക് മോഡലുകളുമായി രംഗത്തെത്തിയിരുന്നു. ഹോണ്ട ആക്ടീവ-ഇ, ഹോണ്ട ക്യൂ.സി.1, സുസുക്കി ഇ-ആക്‌സസ് തുടങ്ങി പുതിയ സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ വരെ മത്സരിച്ചാണ് ഇലക്ട്രിക് മോഡലുകള്‍ പ്രദര്‍ശനവേദിയില്‍ എത്തിച്ചത്. 2025 ഓട്ടോ എക്‌സ്‌പോയില്‍ ശ്രദ്ധിക്കപ്പെട്ട ഇലക്ട്രിക് വാഹനങ്ങളെ അറിയാം. 

മാരുതി സുസുക്കി ഇ-വിത്താര

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി അവരുടെ ആദ്യ ഇലക്ട്രിക് മോഡല്‍ പുറത്തിറക്കിയത് ഈ ഓട്ടോ എക്‌സ്‌പോയിലാണ്. ഇ-വിത്താര എന്ന പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് എസ്.യു.വി. മോഡല്‍ മാര്‍ച്ച് മാസത്തോടെ വില്‍പ്പനയ്ക്ക് ഒരുങ്ങിയാണ് എത്തിയിരിക്കുന്നത്. രണ്ട് ബാറ്ററിപ്പാക്ക് ഓപ്ഷനുകളില്‍ 500 കിലോമീറ്ററിലധികം റേഞ്ച് ഉറപ്പാക്കിയാണ് മാരുതിയുടെ ആദ്യ ഇലക്ട്രിക് മോഡലിനെ വിപണിയിലേക്ക് എത്തിക്കുന്നത്. മിഡ്‌സൈസ് എസ്.യു.വി. ശ്രേണിയില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 20 ലക്ഷം രൂപയില്‍ താഴെയായിരിക്കും പ്രാരംഭ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്

കോന എന്ന മോഡലിലൂടെ 2019-ലാണ് ഹ്യുണ്ടായിയുടെ ഇലക്ട്രിക് യാത്ര ആരംഭിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം പ്രാരംഭ ഘട്ടത്തിലായിരുന്നതിനാല്‍ തന്നെ ആ വാഹനത്തിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. പിന്നീട് 2023-ല്‍ അയോണിക് 5 എന്ന പേരില്‍ ഒരു പ്രീമിയം ഇലക്ട്രിക് എസ്.യു.വിയും വിപണിയില്‍ എത്തിക്കുകയായിരുന്നു. മറ്റ് പ്രീമിയം ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് വില കുറവാണെന്നതും ഫീച്ചറുകളുടെ ആധിക്യവും അയോണിക് 5-ന്റെ വില്‍പ്പനയ്ക്ക് അനുകൂലമായി. മൂന്നാമതായാണ് ഹ്യുണ്ടായി വാഹനനിരയിലെ ജനപ്രിയ മോഡലായ ക്രെറ്റ  പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ എത്തിയിട്ടുള്ള ഈ വാഹനം 473 കിലോമീറ്റര്‍ റേഞ്ചാണ് നല്‍കുന്നത്. 17.99 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. 

അയോണിക് 9

ഇലക്ട്രിക് വാഹനങ്ങളിലെ ഹ്യുണ്ടായിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ അയോണിക്-9 എസ്.യു.വിയും ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുകയാണ്. ആറ്, ഏഴ് സീറ്റര്‍ ലേഔട്ടില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തില്‍ 110.3 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് നല്‍കിയിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 620 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. അയോണിക് 9-ന്റെ ഗ്ലോബല്‍ മോഡലില്‍ ഒന്നിലധികം പവര്‍ ട്രെയിനുകളാണ് കരുത്തേകുന്നത്. ഇതില്‍ ഏത് പതിപ്പാണ് ഇന്ത്യയില്‍ എത്തുകയെന്ന കാര്യത്തില്‍ നിര്‍മാതാക്കള്‍ വ്യക്തത വരുത്തിയിട്ടില്ല. യഥാര്‍ഥ ഇലക്ട്രിക് വഹന ലുക്കില്‍ ഹൈടെക് ഫീച്ചറുകളും അഡാസ് ലെവല്‍-2 സുരക്ഷ സംവിധാനങ്ങളാണ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച അയോണിക്-9 എസ്.യു.വിയില്‍ നല്‍കിയിട്ടുള്ളത്. 

മഹീന്ദ്ര ഇ.വി.6

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനത്തിന് തുടക്കമിട്ടതിന്റെ ക്രെഡിറ്റ് മഹീന്ദ്രയ്ക്ക് സ്വന്തമാണ്. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി മഹീന്ദ്ര വികസിപ്പിച്ച ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ള രണ്ട് മോഡലുകളുമായാണ് മഹീന്ദ്ര ഇത്തവണ ഓട്ടോ എക്‌സ്‌പോയില്‍ എത്തിയത്. ഇതില്‍ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ വരുന്ന വാഹനമാണ് ബി.ഇ.6. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍682 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ ഇലക്ട്രിക് എസ്.യു.വിയിലുള്ളത്. 59 കിലോവാട്ട്, 79 കിലോവാട്ട് ശേഷിയുള്ള രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ എത്തുന്ന ഈ വാഹനത്തിന് 18.90 ലക്ഷം രൂപ മുതല്‍ 26.90 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. 

എക്‌സ്.ഇ.വി.9 ഇ

ഒരു ഇലക്ട്രിക് എസ്.യു.വി. എന്നതിലുപരി സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പല ഫീച്ചറുകളും സംഗമിച്ചിരിക്കുന്ന ഒരു വാഹനമാണ് മഹീന്ദ്ര എക്‌സ്.ഇ.വി. 9ഇ എന്ന മോഡല്‍. ഒരു ഇന്ത്യന്‍ നിര്‍മിത വാഹനത്തില്‍ ആദ്യമായി ഓട്ടോ പാര്‍ക്കിങ് സംവിധാനം ഒരുക്കുന്നത് ഈ വാഹനത്തിലാണ്. ഇതുപോലെ നിരവധി ഫീച്ചറുകളാണ് ഇതിലുള്ളത്. 9 കിലോവാട്ട്, 79 കിലോവാട്ട് ശേഷിയുള്ള രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ 500 കിലോമീറ്ററില്‍ അധികം റേഞ്ച് ഉറപ്പാക്കിയാണ് ഈ വാഹനം എത്തുന്നത്. വെറും 18 മിനിറ്റില്‍ 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജിങ് സാധ്യമാകുന്നതും ഈ വാഹനത്തിന്റെ സവിശേഷതകളില്‍ ഒന്നാണ്. 280 പി.എസ്.പവറും 380 എന്‍.എം. ടോര്‍ക്കുമേകുന്ന് ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.

ടാറ്റ ഹാരിയര്‍ ഇ.വി

നിരത്തുകളിലെ അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കുന്ന ടാറ്റയുടെ ഇലക്ട്രിക് ഫ്‌ളാഗ്ഷിപ്പ് മോഡലാണ് ഹാരിയര്‍ ഇ.വി. റെഗുലര്‍ ഹാരിയറിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്ഫോമില്‍ മാറ്റം വരുത്തിയാണ് ഇലക്ട്രിക് മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. ടാറ്റയുടെ രണ്ടാം തലമുറ ഇ.വി.ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയാണ് ഹാരിയര്‍ ഇലക്ട്രിക് ഒരുക്കിയിരിക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് ഹാരിയര്‍ ഇ.വിയുടെ സവിശേഷത. ഹാരിയറിന്റെ മെക്കാനിക്കല്‍ ഫീച്ചറില്‍ സസ്‌പെന്‍സ് തുടരുന്നുണ്ടെങ്കിലും 60 കിലോവാട്ടില്‍ അധികം ശേഷിയുള്ള ബാറ്ററി പാക്ക് നല്‍കുമെന്നും ഇത് 500-ല്‍ അധികം കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുമെന്നുമാണ് അഭ്യൂഹങ്ങള്‍. 

എം.ജി. എം9 ഇ.വി

വിദേശ വിപണികളില്‍ മിഫ 9 എന്ന പേരില്‍ എം.ജി.മോട്ടോഴ്‌സ് എത്തിച്ചിട്ടുള്ള വാഹനമാണ് ഇന്ത്യയില്‍ എം9 എന്ന പേരില്‍ എത്തിക്കുന്നത്. അത്യാഡംബര എം.പി.വി. ശ്രേണിയിലേക്ക് എത്തുന്ന ഈ വാഹനത്തില്‍ 90 കിലോവീട്ട് ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും നല്‍കുക. 430 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പ് നല്‍കുന്നത്. 245 എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമായിരിക്കും ഇതിലെ ഇലക്ട്രിക് മോട്ടോര്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. 5.2 മീറ്ററാണ് എം9 മോഡലിന്റെ നീളം. രണ്ട് മീറ്റര്‍ വീതിയും 1.8 മീറ്റര്‍ ഉയരവും ഈ വാഹനത്തിനുണ്ട്. ഏഴ് സീറ്റ്, എട്ട് സീറ്റ് ലേഔട്ടില്‍ ഈ ആഡംബര എം.പി.വി. നിരത്തുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

സൈബര്‍സ്റ്റര്‍ ഇ.വി.

മറ്റ് വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് എം.പി.വി, എസ്.യു.വി. ശ്രേണികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഒരു ഇലക്ട്രിക് സൂപ്പര്‍ കാര്‍ എന്ന ആശയം യാഥാര്‍ഥ്യമാക്കിയും എം.ജി. മോട്ടോഴ്‌സ് പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്. വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്തായിരിക്കും സൈബര്‍സ്റ്റര്‍ സ്പോര്‍ട്സ് കാര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. 77 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് ബാറ്ററിയാണ് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിച്ചിട്ടുള്ള വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 580 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് സൈബര്‍സ്റ്ററിലുള്ളത്. ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകള്‍ കരുത്തേകുന്ന ഈ വാഹനം 503 ബി.എച്ച്.പി. പവറും 725 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 3.2 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയും ഈ വാഹനം കൈവരിക്കും.

ഇന്ത്യയില്‍ എത്തുന്ന പുതുമുഖം

ഇതുവരെ പറഞ്ഞതും കണ്ടതും ഇന്ത്യയില്‍ ഇതിനോടകം കരുത്ത് തെളിയിച്ചിട്ടുള്ള വാഹന നിര്‍മാതാക്കളെ കുറിച്ചാണെങ്കില്‍, ഈ ഓട്ടോ എക്‌സ്‌പോയിലൂടെ പുതിയൊരു കമ്പനി കൂടി ഇന്ത്യയിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. വിയറ്റ്‌നാം ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് ആണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ആദ്യ പ്രവേശനത്തിന് പകിട്ടേകാന്‍ വാഹനനിരയിലെ എല്ലാ മോഡലുകളുമായാണ് വിന്‍ഫാസ്റ്റ് എത്തിയത്. എന്നാല്‍, ഇതില്‍ വി.എഫ്.7, വി.എഫ്.6 എന്നീ രണ്ട് മോഡലുകള്‍ മാത്രമാണ് ഉടന്‍ ഇന്ത്യയില്‍ എത്തുന്ന മോഡലുകള്‍. 

വി.എഫ്.7 അഞ്ച് സീറ്റര്‍ ഇലക്ട്രിക് എസ്.യു.വി. ശ്രേണിയിലേക്കാണ് എത്തുന്നത്. ക്രോസ്ഓവര്‍ സിലുവേറ്റില്‍ ഇക്കോ, പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ് വി.എഫ്.7 എത്തുന്നത്. 75.3 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള വി.എഫ് 7-ന്റെ ഇക്കോ പതിപ്പില്‍ 450 കിലോമീറ്റര്‍ റേഞ്ചും പ്ലസ് പതിപ്പില്‍ 431 കിലോമീറ്റര്‍ റേഞ്ചുമാണ് ഉറപ്പാക്കുന്നത്. ഇക്കോ വേരിയന്റില്‍ 204 എച്ച്.പി. പവറും 310 എന്‍.എം.ടോര്‍ക്കുമേകുന്ന സിംഗിള്‍ മോട്ടോറും പ്ലസ് വേരിയന്റില്‍ 345 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമേകുന്ന ഇരട്ട മോട്ടോറുമാണ് നല്‍കുക. 

ഇലക്ട്രിക് മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്കാണ് വി.എഫ്.6-ന്റെ വരവ്. ഇക്കോ, പ്ലസ് എന്നീ വേരിയന്റുകളില്‍ തന്നെയാണ് വി.എഫ്.6 എത്തുന്നത്. ഇക്കോ വേരിയന്റ് 399 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 59.6 കിലോവാട്ട് ബാറ്ററി പാക്കാണ് നല്‍കിയിരിക്കുന്നത്. ഇതിലെ മോട്ടോര്‍ 178 എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. പ്ലസ് വേരിയന്റില്‍ റേഞ്ച് 381 കിലോമീറ്ററായി കുറയുന്നുണ്ട്. എന്നാല്‍, കൂടുതല്‍ കരുത്തേറിയ പതിപ്പാണ് പ്ലസ് വേരിയന്റ്. 204 എച്ച്.പി. പവറും 310 എന്‍.എം. ടോര്‍ക്കുമാണ് ഇതിലെ ഇലക്ട്രിക് മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്.

ഓട്ടോ എക്‌സ്‌പോ എന്ന വിസ്മയം

ഏഷ്യയിലെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമായാണ് ഡല്‍ഹിയിലെ ഓട്ടോ എക്‌സ്‌പോയെ വിശേഷിപ്പിക്കുന്നത്. ഏകദേശം നാല് പതിറ്റാണ്ടിന്റെ പാരമ്പര്യമാണ് ഇന്ത്യയിലെ വാഹന പ്രദര്‍ശനത്തിനുള്ളത്. 1985-ല്‍ ആണ് ഭാവി വാഹനങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ പ്രദര്‍ശിപ്പിക്കുക എന്ന ആശയം ഉടലെടുക്കുന്നത്. ഒരു വര്‍ഷത്തിനിപ്പുറം 1986-ലാണ് ഇന്ത്യയിലെ ആദ്യ വാഹന പ്രദര്‍ശനം അരങ്ങേറുന്നത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഉദ്ഘാടനം ചെയ്ത ആദ്യ ഓട്ടോ എക്‌സ്‌പോ 1986 ജനുവരി മൂന്ന് മുതല്‍ 11 വരെയാണ് നടന്നത്. ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോ വേദിയായ പ്രഗതി മൈതാനില്‍ തന്നെയാണ് ആദ്യ ഓട്ടോ എക്‌സ്‌പോയും നടന്നത്.

ആദ്യ പതിപ്പ് ഗംഭീരമായെങ്കിലും പിന്നീട് അത് തുടരാനാകാതെ വന്നു. ഏഴ് വര്‍ഷത്തിന് ശേഷം 1993-ലാണ് ഓട്ടോ എക്‌സ്‌പോയുടെ രണ്ടാം പതിപ്പ് നടക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം 1996-ല്‍ മൂന്നാമതും ഓട്ടോ എക്‌സ്‌പോ നടന്നു. പിന്നീട് അങ്ങോട്ട് രണ്ട് വര്‍ഷത്തിന്റെ ഇടവേളകളില്‍ സ്ഥിരമായി ഈ വാഹന പ്രദര്‍ശനം നടന്നിരുന്നു. ഒന്ന് മുതല്‍ 11 വരെയുള്ള പതിപ്പുകള്‍ പ്രഗതി മൈതാനിലാണ് നടന്നിരുന്നതെങ്കില്‍ 12-ാമത്തേത് ഗ്രേറ്റര്‍ നോയിഡയിലെ എക്‌സ്‌പോ സെന്ററിലേക്ക് മാറ്റുകയായിരുന്നു. 15-ാമത് ഓട്ടോ എക്‌സ്‌പോ 2020-ല്‍ നടന്നെങ്കിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2022-ല്‍ നടക്കേണ്ട എക്‌സ്‌പോ 2023-ലേക്ക് മാറ്റിയിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പൂര്‍വ്വകാല പ്രതാപത്തോടെ പ്രഗതി മൈതാനിലേക്ക് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ എന്ന പേരില്‍ ഓട്ടോ ഷോ തിരിച്ചെത്തുകയായിരുന്നു.