കെ.ജി.എഫ് സിനിമകളിലെ തകര്‍പ്പന്‍ പെര്‍ഫോമെന്‍സിലൂടെ ഇന്ത്യയിലുടനീളം ആരാധകരെ സൃഷ്ടിച്ച തെന്നിന്ത്യന്‍ താരമാണ് യഷ്. താരം തന്റെ യാത്രകള്‍ക്കായി സൂപ്പര്‍ പെര്‍ഫോമെന്‍സ് എസ്.യു.വി. സ്വന്തമാക്കിയതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പുതിയ റേഞ്ച് റോവര്‍ എസ്.യു.വിയാണ് യഷിന്റെ വാഹനശേഖരത്തില്‍ എത്തിച്ചിരിക്കുന്ന പുതിയ വാഹനം. നാല് കോടി രൂപയ്ക്ക് മുകളിലാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 

To advertise here,

റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ പതിപ്പാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം പുതിയ വാഹനത്തിന് മുന്നില്‍ ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. പുതിയ ലുക്കിലും കൂടുതല്‍ ആഡംബര ഫീച്ചറുകളുമായി 2023-ലാണ് റേഞ്ച് റോവറിന്റെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചത്. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ അടുത്തിടെ റേഞ്ച് റോവര്‍ എസ്.യു.വികള്‍ സ്വന്തമാക്കിയിരുന്നു.

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ എസ്.യു.വി. ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. 3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, 3.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍, 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 4.4 ലിറ്റര്‍ മോഡലാണ് കൂടുതല്‍ കരുത്തനായ വാഹനം. കേവലം 5.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ മോഡലിനാകും. 

ഇപ്പോള്‍ എത്തിച്ചിട്ടുള്ള റേഞ്ച് റോവര്‍ എസ്.യു.വിക്ക് പുറമെ, വേറെയും നിരവധി ആഡംബര വാഹനങ്ങള്‍ യഷിന്റെ ഗ്യാരേജിലുണ്ട്. മെഴ്‌സിഡീസ് ജി.എല്‍.സി. 250ഡി, ഔഡി ക്യൂ7, ബി.എം.ഡബ്ല്യു ഫൈവ് സീരീസ്, പജേറോ സ്‌പോര്‍ട്‌സ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലുള്ളത്.