പൂക്കളവും പുത്തൻകോടിയുമായി മലയാളികൾ ഓണംമൂഡിലേക്ക് കടക്കുമ്പോൾ, കാർ വിപണി ടോപ്പ്ഗിയറിലാണ്. വിൽപ്പനയ്ക്ക് പഞ്ഞമില്ലാത്തതിനാൽ കാർവിപണിയുടെ നല്ലകാലമാണ് ഓണം സീസൺ. അവധിദിനങ്ങളിലും ഷോറൂമുകളിൽ വിൽപ്പന സജീവം. നാൽച്ചക്രത്തിലേറി ഇത്തവണ ഓണവിൽപ്പന 4,500 കോടി രൂപ കടക്കുമെന്നാണ് വാഹന നിർമാതാക്കൾ കണക്കാക്കുന്നത്. ഈ കണക്കനുസരിച്ച് ഏകദേശം 45,000 കാറുകളെങ്കിലും വിറ്റുപോകും.

To advertise here,

 

ജി.എസ്.ടി. മാറ്റത്തിന് ശേഷമുള്ള ആദ്യ ഓണമാണ് ഇത്തവണത്തേത്. വിലയിലെ നേട്ടങ്ങൾ സ്വന്തമാക്കാൻ ഇത്തവണ മലയാളികൾ മത്സരിക്കുമെന്നതാണ് വാഹന നിർമാതാക്കൾക്ക് ശുഭപ്രതീക്ഷ നൽകുന്നത്. അതിനാൽ, മുൻവർഷത്തേക്കാൾ 40 മുതൽ 50 ശതമാനം വരെ അധിക വിൽപ്പന വിപണി പ്രതീക്ഷിക്കുന്നുണ്ട്.

 

ഒരു മുഴം മുൻപേ

ചിങ്ങം പിറക്കുമ്പോൾ വാഹനം വീട്ടിലെത്തണം, ഈ കണക്കുകൂട്ടലിലാണ് സംസ്ഥാനത്ത് ഉപഭോക്താക്കൾ കാറുകൾ ബുക്ക് ചെയ്യുന്നത്. അതിനാൽ ജൂലായ് മാസത്തിൽതന്നെ ഓണക്കാലത്തേക്കുള്ള ബുക്കിങ്ങിന് തുടക്കമായിരുന്നു.

മുൻനിര കാർ കമ്പനിയായ മാരുതി സുസുക്കിയ്ക്ക് ജൂലായിൽ 16,000 ബുക്കിങ് വരെ ലഭിച്ചിരുന്നു. ഓണക്കാലത്ത് 25,000 വാഹനങ്ങളുടെ വിൽപ്പന കൂടി പ്രതീക്ഷിക്കുന്നുണ്ട്. സാധാരണയായി 12,000 വാഹനങ്ങൾ വരെയാണ് മറ്റ് മാസങ്ങളിൽ വിറ്റുപോകുന്നത്. ആൾട്ടോ 2.99 ലക്ഷം രൂപ മുതലും വാഗൺആർ 4.3 ലക്ഷം രൂപ മുതലും സ്വന്തമാക്കാമെന്നത് ഉപഭോക്താക്കൾ ഉപയോഗപ്പെടുത്തുമെന്ന് കമ്പനി വിലയിരുത്തുന്നു.

ഓണം സ്‌പെഷ്യൽ

ഓണംസീസണിൽ പുതിയ വാഹനം ലോഞ്ച് ചെയ്ത ആത്മവിശ്വാസത്തിലാണ് നിസാൻ. നിസാൻ ടെക്ടൺ ആണ് കമ്പനിയുടെ താരം. കേരളവിപണിയിൽ ദിവസങ്ങൾക്കു മുൻപ് ലോഞ്ച് ചെയ്ത വാഹനം കൂടുതൽ വിൽപ്പന ആകർഷിക്കുമെന്നാണ് കരുതുന്നതെന്ന് നിസാൻ കേരള സെയിൽസ് മേധാവി പ്രജിത്ത് മോഹൻ പറഞ്ഞു. ഓണക്കാലത്ത് 7,500 ബുക്കിങ്ങുകളാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഇരട്ടിവിൽപ്പനയും കൂട്ടവിതരണവും

ഓണക്കാലത്ത് ഇരട്ടിവിൽപ്പനയാണ് ടൊയോട്ടയുടെ പ്രതീക്ഷ. ഹൈറൈഡർ, ഗ്ലാൻസ എന്നീ വാഹനങ്ങൾക്കാണ് ബുക്കിങ് കൂടുതലായുള്ളത്. 25 കോടിയുടെ ആനുകൂല്യമാണ് ഇത്തവണ ഉപഭോക്താക്കൾക്ക് കൈമാറുകയെന്ന് നിപ്പോൺ ടൊയോട്ട ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എൽദോ ബെഞ്ചമിൻ പറഞ്ഞു. ഹൈറൈഡറിന് 3.20 ലക്ഷം രൂപ വരെയും ഗ്‌ളാൻസയ്ക്ക് 95,000 രൂപ വരെയും കിഴിവ് ലഭിക്കും.

 

ഓണവിൽപ്പന മുന്നിൽ കണ്ട് ജൂലായ് 15 മുതൽ തന്നെ ആവശ്യത്തിന് വാഹനങ്ങൾ ഷോറൂമുകളിലെത്തിച്ചിരുന്നു. ചിങ്ങം ഒന്നിന് 500 വാഹനങ്ങൾ വരെ ഒന്നിച്ച് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആയിരത്തിലധികം വാഹനങ്ങളുടെ വിൽപ്പനയാണ് ഇത്തവണ കണക്കാക്കുന്നതെന്ന് അമാന ടൊയോട്ട സെയിൽസ് മേധാവി എ.വി. ലിബേഷ് പറഞ്ഞു. 2.25 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്.

 

വിൽപ്പനയിലെ വളർച്ച

 

കഴിഞ്ഞ ഓണക്കാലത്തേക്കൾ 40 ശതമാനം വളർച്ചയാണ് ഹ്യൂണ്ടായ് മോട്ടോഴ്‌സിന് കേരളത്തിലുള്ളത്. വെന്യു, ക്രെറ്റ, എക്സ്റ്റർ എന്നീ മോഡലുകൾക്കാണ് കൂടുതൽ ബുക്കിങ്ങുകളെന്ന് പോപ്പുലർ ഹ്യൂണ്ടായ് സെയിൽസ് ആൻഡ് മാർക്കറ്റിങ് വൈസ് പ്രസിഡന്റ് ബി. ബിജു പറഞ്ഞു.1,000 രൂപ മുതൽ ഒരുലക്ഷം രൂപവരെയുള്ള ആനുകൂല്യങ്ങളും മോഡലുകൾക്ക് അനുസരിച്ച് ലഭ്യമാകും. 4,000 വാഹനങ്ങളുടെ വിൽപ്പനയാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. ബുക്കിങ്ങുകൾ ഇതിനോടകം 2,000 കടന്നിട്ടുണ്ട്.

 

ഓഫർമഴ

ജെ.എസ്.ഡബ്ല്യു. എം.ജി. മോട്ടോഴ്‌സ് തിരഞ്ഞെടുത്ത വാഹനങ്ങൾക്ക് കാഷ് ഓഫറുകൾക്ക് പുറമേ, വൈദ്യുത വാഹനങ്ങൾക്ക് (ഇ.വി.) സൗജന്യ ചാർജിങ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്. ആസ്റ്ററിന് 2.20 ലക്ഷം രൂപ വരെയും എം.ജി ഇസഡ്.എസ്. ഇ.വി.ക്ക് 2.15 ലക്ഷം രൂപ വരെയും ആനുകൂല്യങ്ങൾ ലഭിക്കും.