അമേരിക്കൻ ഇലക്ട്രിക് വാഹന ഭീമനായ ടെസ്‌ല തങ്ങളുടെ ആദ്യ വാഹനമായ 'മോഡൽ Y' ഈ വർഷം ജൂലായിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. അതിനുശേഷം, ആദ്യത്തെ മോഡൽ Y മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക്കായിരുന്നു സ്വന്തമാക്കിയത്. ഇപ്പോഴിതാ, ഇന്ത്യയിൽ ടെസ്‌ല വാങ്ങുന്ന ആദ്യത്തെ ബിസിനസുകാരനായി മാറിയിരിക്കുകയാണ് ഐനോക്സ് (INOX) ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ സിദ്ധാർഥ് ജെയിൻ. താൻ 'ഇന്ത്യ ഇൻകോർപ്പറേറ്റി'ന്റെ ആദ്യത്തെ ടെസ്‌ല കാർ സ്വന്തമാക്കിയതായി സിദ്ധാർത്ഥ് പറഞ്ഞു. ടെസ്‌ലയുടെ 'മോഡൽ Y' വാങ്ങിയത് തനിക്ക് ഒരു സ്വപ്ന സാക്ഷാത്കാര നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹനം ഡെലിവറിയെടുത്ത ശേഷമുള്ള ചിത്രങ്ങൾ സിദ്ധാർത്ഥ് X-ൽ പങ്കുവെച്ചു. ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിനെ ടാഗ് ചെയ്തുകൊണ്ടുള്ള കുറിപ്പും ഇതോടൊപ്പമുണ്ടായിരുന്നു. മസ്‌ക് കാരണമാണ് താന്‍ ടെസ്‌ല വാങ്ങിയതെന്ന് ജെയിന്‍ പോസ്റ്റില്‍ പറയുന്നു. കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലുള്ള ടെസ്‌ല ഫാക്ടറി സന്ദര്‍ശിച്ച അന്നുമുതല്‍ ഒന്ന് കൈയ്യില്‍ കിട്ടാനായി കാത്തിരിക്കുകയായിരുന്നുവെന്നും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമെന്നും ജെയിന്‍ പോസ്റ്റില്‍ കുറിച്ചു. സിദ്ധാർഥ് ജെയിനിന്റെ പോസ്റ്റ് ഓൺലൈനിൽ പെട്ടെന്ന് ശ്രദ്ധ നേടുകയും ഉപയോക്താക്കൾ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.
ജൂലായ് പകുതിയോടെ ബുക്കിങ് ആരംഭിച്ചതിന് ശേഷം കമ്പനിക്ക് 600-ൽ പരം ഓർഡറുകൾ മാത്രമാണ് ലഭിച്ചതെന്ന് സെപ്റ്റംബർ രണ്ടിന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഈ വർഷം 350-നും 500-നും ഇടയിൽ വാഹനങ്ങൾ ഇന്ത്യയിലേക്ക് അയക്കാനാണ് ടെസ്‌ല ഇപ്പോൾ പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യ ഷിപ്പ്മെൻ്റ് ഈ മാസം ആദ്യം ഷാങ്ഹായിൽനിന്ന് എത്തിയിരുന്നു. തുടക്കത്തിൽ മുംബൈ, ഡൽഹി, പുണെ, ഗുരുഗ്രാം എന്നിവിടങ്ങളിൽ മാത്രമായിരിക്കും ഡെലിവറി.
ഈ വർഷം 2,500 കാറുകളുടെ പൂർണ ക്വാട്ട ഉപയോഗിക്കാനായിരുന്നു ടെസ്‌ല ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, എൻട്രി ലെവൽ മോഡൽ Y-യുടെ വില 60 ലക്ഷം രൂപയ്ക്ക് മുകളിലെത്തിക്കുന്ന ഉയർന്ന ഇറക്കുമതി തീരുവ, ശരാശരി 22 ലക്ഷം രൂപയ്ക്ക് ഇവികൾ വിൽക്കുന്ന വിപണിയിൽ ഡിമാൻഡ് കുറച്ചു. പ്രീമിയം വിഭാഗത്തിൽ, 45 ലക്ഷത്തിനും 70 ലക്ഷത്തിനും ഇടയിൽ വിലയുള്ള 2,800 യൂണിറ്റുകൾ മാത്രമാണ് 2025-ന്റെ ആദ്യ പകുതിയിൽ വിറ്റഴിഞ്ഞത്. ഇതേ കാലയളവിൽ, ചൈനീസ് എതിരാളിയായ BYD, 49 ലക്ഷം രൂപ എന്ന കുറഞ്ഞ പ്രാരംഭ വിലയുടെ സഹായത്തോടെ തങ്ങളുടെ സീലിയോൺ 7 എസ്‌യുവിയുടെ 1,200-ൽ അധികം യൂണിറ്റുകൾ വിറ്റ് മികച്ച പ്രകടനം കാഴ്ചവച്ചു.
വിലനിർണയത്തിനപ്പുറം, വ്യാപാര ചർച്ചകളിലും ടെസ്‌ല തടസ്സങ്ങൾ നേരിടുന്നുണ്ട്. ലോകരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ താരിഫ് ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷ മങ്ങി. ഷോറൂമുകൾ ആളുകളുടെ താൽപ്പര്യം ആകർഷിച്ചെങ്കിലും അത് കാര്യമായ വിൽപ്പനയിലേക്ക് നയിച്ചിട്ടില്ല. എന്നിരുന്നാലും, മുംബൈയിലും ഡൽഹിയിലും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചും അടുത്ത വർഷം ദക്ഷിണേന്ത്യയിൽ ഒരു പുതിയ എക്സ്പീരിയൻസ് സെന്റർ സ്ഥാപിക്കാൻ പദ്ധതിയിട്ടും കമ്പനി മുന്നോട്ട് പോകുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: Inox Executive Director Siddharth Jain becomes the first businessman in India to own a Tesla Model Y
Published: 17 Sept 2025, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented