ഒന്നാംസ്ഥാനത്ത് ടാറ്റയും തൊട്ടുപിന്നില് മഹീന്ദ്രയും മൂന്നാമതായി എം.ജി.യുമാണ്

ഇന്ത്യയുടെ ഇ20 എഥനോൾ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുപാട് ആശങ്കകളാണ് സോഷ്യൽ മീഡിയയിലും മറ്റുമായി ഈയിടെ പ്രചരിച്ചത്. പെട്രോളിൽ ഇരുപതുശതമാനംവരെ എഥനോൾ കലർത്തുന്ന പദ്ധതി എൻജിന് കേടുപാടുണ്ടാക്കുന്നതിനും ഇന്ധനക്ഷമത കുറയ്ക്കുന്നതിനും കാരണമാകുമെന്നായിരുന്നു പ്രധാന ആരോപണങ്ങൾ.
എന്നാൽ, ഈ ആശങ്കകൾ മറ്റൊരു മേഖലയ്ക്ക് ഊർജമായിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് മുന്നേറുകയാണ് രാജ്യത്ത് നേരത്തേതന്നെ വേരോടിത്തുടങ്ങിയിരുന്ന ഇലക്ട്രിക് കാറുകളുടെ മേഖല. ഇലക്ട്രിക് കാറുകൾ ബുക്ക് ചെയ്താൽ കിട്ടുന്നതിനുള്ള കാലാവധി ഒരുമാസത്തിലധികമായി വർധിച്ചത് മേഖലയിലുണ്ടായ ഡിമാൻഡ് കാരണമാണ്.
മാരുതി സുസുക്കിയുടെ ഇ വിറ്റാര, വിൻഫാസ്റ്റിന്റെ വി സെവൻ സിക്സ്, മഹീന്ദ്രയുടെ എസ്.യു.വി. ലൈനപ്പായ എക്സ്.ഇ.വി 9 എസ്, ഹ്യുണ്ടായിയുടെ ക്രെറ്റ ഇലക്ട്രിക്, ടാറ്റയുടെ ടിയാഗോ, കർവ്, ഹാരിയർ നെക്‌സൺ ഇവികൾക്കെല്ലാം വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.
വിൽപ്പനയിൽ 82.9 ശതമാനം വർധന
ജൂലായ് മാസത്തിൽ ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ വിൽപ്പനയുടെ കണക്കൊന്നു നോക്കിയാൽമാത്രം മനസ്സിലാകും ഈ മേഖല ആർജിക്കുന്ന കരുത്ത്. ഈവർഷം ജൂലായിൽ 32,036 കാറുകളാണ് വിറ്റഴിഞ്ഞത്. ഇത് പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പനയോട് താരതമ്യംചെയ്യാൻ കഴിയുന്ന വലിയൊരു സംഖ്യയൊന്നുമല്ല.
പക്ഷേ, കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിൽപ്പനയിലുണ്ടായ വളർച്ച 82.9 ശതമാനമാണെന്നത് വാഹനമേഖലയിലുണ്ടാകുന്ന വലിയൊരു മാറ്റത്തെത്തന്നെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം ഇതേകാലയളവിൽ കേവലം 17,515 വാഹനങ്ങൾ മാത്രമാണ് വിറ്റഴിഞ്ഞത്.
ഒന്നാംസ്ഥാനത്ത് ടാറ്റയും തൊട്ടുപിന്നിൽ മഹീന്ദ്രയും മൂന്നാമതായി എം.ജി.യുമാണ് അരയും തലയും മുറുക്കി അങ്കത്തിൽ മുന്നിട്ടുനിന്നത്. ശ്രേണിയിലേക്കെത്തിയ പുതിയ താരങ്ങളായ മാരുതി സുസുക്കിയും വിൻഫാസ്റ്റും മോശമല്ലാത്ത വിൽപ്പനനേടി വരാനിരിക്കുന്ന അങ്കത്തിൽ സക്രിയമാകുമെന്നതിന്റെ സൂചനകൾ നൽകി. ബി.വൈ.ഡി, ഹ്യുണ്ടായ്, കിയ, ടൊയോട്ട, സിട്രോയൻ എന്നീ വമ്പൻമാർ യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങൾ നേടി.
കേരളത്തിലും ടാറ്റയ്ക്ക് വളർച്ച
കേരളത്തിലും ടാറ്റ ഇലക്ട്രിക് കാറുകൾ വിൽപ്പനയിൽ മികച്ച വളർച്ച കൈവരിച്ചത് ചെറിയ കാര്യമല്ല. മുൻപ് ചാർജിങ് സ്റ്റേഷനുകളില്ലാത്തതും സ്പെയർപാർട്സുകളുടെ ലഭ്യതക്കുറവും വിൽപ്പനാനന്തര സേവനങ്ങളുടെ അപര്യാപ്തതയുമൊക്കെയായിരുന്നു ഇ.വി. മേഖല നേരിട്ടിരുന്ന പ്രതിസന്ധിയെങ്കിൽ ഇപ്പോൾ ഇതിൽ മിക്കതും പരിഹരിച്ചുകഴിഞ്ഞു. ഓണത്തിന് ടാറ്റ സിയറ, പഞ്ച്, ടിയാഗോ ഇ.വി.കളുടെ ഏറ്റവുംപുതിയ പതിപ്പുകളുമായാണ് അങ്കത്തിനിറക്കുന്നത്.
പരിസ്ഥിതിസൗഹാർദ സഞ്ചാരമാർഗമെന്ന നിലയിൽ കഴിഞ്ഞ ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാൻ ഏർപ്പെടുത്തിയ നികുതിയിളവും വരുംകാലത്ത് ഇ.വി.കളുടെ വിൽപ്പന കൂട്ടുമെന്ന കാര്യത്തിൽ തർക്കമില്ലെന്നാണ് വാഹനലോകത്തെ വിദഗ്ധർ വിലയിരുത്തുന്നത്.
Content Highlights: India's electric car sales witnessed an 82.9% growth in July, reaching 32,036 units compared to 17,515 units the previous year., Concerns over the E20 ethanol blending policy and engine impact have inadvertently boosted the demand for electric vehicles., Waiting periods for electric cars have increased to over a month due to high demand., Tata leads the market, followed closely by Mahindra and MG, with new entrants like Maruti Suzuki and VinFast showing strong potential., Government tax incentives and improved charging infrastructure in states like Kerala are further driving EV adoption.
Published: 16 Aug 2026, 10:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented