ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നീ വാഹനങ്ങള്‍ തമ്മിലായിരുന്നു ഇന്ത്യയിലെ പ്രീമിയം എസ്‌യുവി ശ്രേണിയിലെ മത്സരം. ഇന്ത്യന്‍ നിരത്തുകളില്‍ നിന്നുള്ള ഫോര്‍ഡിന്റെ പിന്മാറ്റത്തോടെ ഈ ശ്രേണിയില്‍ ഫോര്‍ച്യൂണറിന് ഒരു എതിരാളിയുടെ അഭാവം അനുഭവപ്പെടുന്നുണ്ട്. ഈ അഭാവം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളും ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുമായ ഹ്യുണ്ടായി.
ഫോര്‍ച്യൂണറുമായി മുട്ടിനില്‍ക്കാന്‍ പോകുന്ന ഹ്യുണ്ടായി മോഡല്‍ എതാണെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ. ഹ്യുണ്ടായിയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ പാലിസേഡ്. വിദേശ നിരത്തുകളില്‍ ഇതിനോടകം കരുത്ത് തെളിയിച്ചിട്ടുള്ള ഈ പ്രീമിയം എസ്‌യുവിയെ ഇന്ത്യയിലേക്കും എത്തിക്കാനുള്ള നീക്കത്തിലാണ് ഹ്യുണ്ടായി. എന്നാല്‍, പാലിസേഡിന്റെ വരവിനായി മൂന്ന് വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും. 2028-ഓടെയായിരിക്കും പാലിസേഡ് എത്തുക.
എതിരാളികളെ അപേക്ഷിച്ച് വ്യത്യസ്തമായ മെക്കാനിക്കല്‍ സവിശേഷതകളുമായാണ് പാലിസേഡ് എത്തുക. ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ഹ്യുണ്ടായിയുടെ പുതുതലമുറ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആയിരിക്കും പാലിസേഡില്‍ നല്‍കുക. ഹൈബ്രിഡ് സംവിധാനത്തിനൊപ്പം 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും കരുത്തേകുന്നത്. 334 എച്ച്പി പവറും 460 എന്‍എം ടോര്‍ക്കുമേകുന്ന ഈ എന്‍ജിന്‍ 14.1 കിലോമീറ്റര്‍ മൈലേജും ഉറപ്പാക്കും.
290 എച്ച്പി പവറും 353 എന്‍എം ടോര്‍ക്കുമേകുന്ന 3.5 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനില്‍ പാലിസേഡ് വിദേശ രാജ്യങ്ങളില്‍ എത്തുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഹൈബ്രിഡ് മോഡല്‍ മാത്രമായിരിക്കും എത്തുക. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് സംവിധാനവുമാണ് പാലിസേഡില്‍ നല്‍കുന്നതെങ്കില്‍ പാലിസേഡ് ഹൈബ്രിഡില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം നല്‍കിയേക്കും. ഇക്കോ, സ്‌പോര്‍ട്ട്, മൈ ഡ്രൈവ് എന്നീ ഡ്രൈവ് മോഡുകളും മഡ്. സ്‌നോ, സാന്‍ഡ് എന്നീ ടെറൈന്‍ മോഡുകളും ഇതില്‍ നല്‍കും.
2024 ഡിസംബറിലാണ് പുതുതലമുറ പാലിസേഡ് പുറത്തിറങ്ങിയത്. മുന്‍ പതിപ്പുകള്‍ക്ക് സമാനമായി മികച്ച ഡിസൈനിലാണ് ഈ മോഡലും എത്തിയിട്ടുള്ളതെങ്കിലും ബോക്‌സി ഭാവം ഉയര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നിരയായി നല്‍കിയിട്ടുള്ള എല്‍ഇഡി ലൈറ്റുകള്‍, വലിയ ഗ്രില്ല്, 15 സ്‌പോക്കുകള്‍ നല്‍കി ഒരുക്കിയിട്ടുള്ള 21 ഇഞ്ച് അലോയി വീല്‍, ബോഡി ക്ലാഡിങ്ങുകള്‍, ഡി-പില്ലര്‍, റൂഫ് റെയില്‍, എല്‍ഇഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ ലാമ്പ് എന്നിങ്ങനെയാണ് പാലിസേഡിന്റെ ഡിസൈന്‍.
Content Highlights: Hyundai Palisade's 2028 India Launch: A Premium SUV to Rival Toyota Fortuner
Published: 10 Jun 2025, 05:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented