ഫോർച്യൂണർ ലീഡർ എഡിഷൻ്റെ 2025 പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർ. ഇതിന് മുൻപ്, 2024-ലും ബ്രാൻഡ് ഈ ജനപ്രിയ എസ്‌യുവിയുടെ ലീഡർ എഡിഷൻ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ 2025-ലും അതേ മാതൃക കമ്പനി പിന്തുടർന്നിരിക്കുകയാണ്.

To advertise here,

യാതൊരു മെക്കാനിക്കൽ മാറ്റങ്ങളുമില്ലാതെ, കാഴ്ച്ചയിൽ കൂടുതൽ മിഴിവേകുന്ന മാറ്റങ്ങളാണ് ഈ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എക്സ്റ്റീരിയറിൽനിന്ന് തുടങ്ങിയാൽ, 2025 ടൊയോട്ട ഫോർച്യൂണർ ലീഡർ എഡിഷനിൽ സാധാരണ മോഡലിലെ ഗ്രില്ലിന് പകരം പുതിയ ഗ്രില്ലാണ് നൽകിയിരിക്കുന്നത്.

ഇതിനൊപ്പം, കാഴ്ച്ചയിലെ ഭംഗി വർധിപ്പിക്കുന്നതിനായി ഫ്രണ്ട്, റിയർ ബമ്പർ സ്‌പോയിലറുകളും ക്രോം ഗാർണിഷും ബ്രാൻഡ് ചേർത്തിട്ടുണ്ട്. ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകളുടെ സാന്നിധ്യം വാഹനത്തിൻ്റെ സൈഡ് പ്രൊഫൈലിന് കൂടുതൽ ലുക്ക് നൽകുന്നു.

ലീഡർ എഡിഷന്റെ ഇൻ്റീരിയർ ഒരു സ്പോർട്ടി അനുഭവം നൽകുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ളതാണ് എന്നാണ് ടൊയോട്ട പറയുന്നത്. പുതിയ ബ്ലാക്ക് ആൻഡ് മറൂൺ ഡ്യുവൽ-ടോൺ സീറ്റുകളിലും ഡോർ ട്രിമ്മുകളിലും ഇത് കാണാൻ സാധിക്കും.

ഓട്ടോ-ഫോൾഡിങ് മിററുകളും ഇല്യൂമിനേറ്റഡ് സ്കഫ് പ്ലേറ്റുകളും ഈ പതിപ്പിൽ ബ്രാൻഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS) പോലുള്ള ഫീച്ചറുകളും ഇതിൽ ചേർത്തിട്ടുണ്ട്.

സമാനമായ 1GD-FTV 2.8-ലിറ്റർ ടർബോചാർജ്ഡ് എൻജിനാണ് ലീഡർ എഡിഷന് കരുത്തേകുന്നത്. 201 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കും.

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉണ്ട്. അതേസമയം, ലീഡർ എഡിഷനിൽ 4x4 സിസ്റ്റം ലഭ്യമല്ല. പകരം റിയർ-വീൽ ഡ്രൈവ് (RWD) കോൺഫിഗറേഷനാണ് നൽകിയിട്ടുള്ളത്.