ഹ്യുണ്ടായ് ഇന്ത്യ ഇന്ന് ഒരു സുപ്രധാന നാഴികക്കല്ല് ആഘോഷിക്കുകയാണ്. അവരുടെ ഹോട്ട് സെല്ലിങ്ങ് മോഡലായ ക്രെറ്റയ്ക്ക് 10 വയസ്സ് തികയുന്നതാണ് ആ സന്തോഷം. 2015-ൽ ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്കുള്ള ക്രെറ്റയുടെ വരവ് ഒരു വലിയ ചുവടുവെപ്പായിരുന്നു. പിന്നീട് വാഹനവിപണി സാക്ഷ്യംവഹിച്ചത് ആ വാഹനത്തിന്റെ തേരോട്ടത്തിനാണ്. കഴിഞ്ഞ പത്തുവർഷം ഉപഭോക്താക്കളുടെ പ്രതീക്ഷകളെ പുനർനിർവചിക്കുക മാത്രമല്ല, മത്സരത്തിൽ സ്ഥിരമായി മുന്നിൽ നിൽക്കാനും ക്രെറ്റയ്ക്ക് കഴിഞ്ഞു.
കരുത്തുറ്റ രൂപകൽപ്പന, സൗകര്യങ്ങൾ നിറഞ്ഞ ക്യാബിൻ, ഹ്യുണ്ടായിയുടെ വിശ്വസ്തമായ ബ്രാൻഡ് മൂല്യം എന്നിവയുമായി 2015-ലാണ് ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. അന്ന്, വെറും മൂന്ന് പ്രധാന എതിരാളികൾ മാത്രമുണ്ടായിരുന്ന ഒരു വിഭാഗത്തിലേക്കാണ് ക്രെറ്റ എത്തിയത്. എന്നാൽ 2025-ൽ എത്തുമ്പോൾ ഈ വിഭാഗത്തിൽ 14 എതിരാളികളുണ്ടായിട്ടും ക്രെറ്റ വില്‍പനയില്‍ ഒന്നാമനായി തുടരുന്നു.
കടുത്ത മത്സരം ഉണ്ടായിരുന്നിട്ടും, 2016 മുതൽ എല്ലാ വർഷവും ഈ വിഭാഗത്തിൽ ക്രെറ്റ ഒന്നാം സ്ഥാനം നിലനിർത്തി എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ വാഹനത്തിന്റെ വാർഷിക വിൽപന ഇരട്ടിയിലധികമായി വർധിച്ചു. ഇത് ഉപഭോക്താക്കൾക്കിടയിലുള്ള ക്രെറ്റയുടെ സ്വീകാര്യത വ്യക്തമാക്കുന്നു.
10 വർഷം, 2 തലമുറകൾ
കഴിഞ്ഞ ദശകത്തിൽ, ഹ്യുണ്ടായ് ക്രെറ്റയുടെ രണ്ട് തലമുറകളെയാണ് അവതരിപ്പിച്ചത്. 2015-ൽ പുറത്തിറങ്ങിയ ഒന്നാം തലമുറ മത്സരത്തിന് അടിത്തറയിട്ടു. ഡിസൈനിൽ വലിയ മാറ്റങ്ങളോടും കൂടുതൽ കണക്റ്റഡ് ഫീച്ചറുകളോടും കൂടിയായിരുന്നു 2020-ൽ രണ്ടാം തലമുറ എത്തിയത്.
2024-ന്റെ തുടക്കത്തിൽ, മിഡ്-സൈക്കിൾ അപ്‌ഡേറ്റിലൂടെ കൂടുതൽ ഷാർപ്പായ സ്റ്റൈലിങ്, ലെവൽ 2 ADAS, കൂടുതൽ ഫീച്ചറുകൾ, നിരവധി ഡ്രൈവ്ട്രെയിൻ ഓപ്ഷനുകൾ എന്നിവയോടെ മുഖംമിനുക്കിയ ക്രെറ്റ എത്തി.
ബ്ലാക്ക്ഡ്-ഔട്ട് സ്റ്റൈലിങ്ങും സ്പോർട്ടി ആക്‌സന്റുകളും കോർത്തിണക്കി 2022-ൽ അവതരിപ്പിച്ച നൈറ്റ് എഡിഷനും റഗ്ഗഡ് കോസ്മെറ്റിക് മാറ്റങ്ങളും എക്സ്ക്ലൂസീവ് നിറങ്ങളുമായി 2023-ൽ എത്തിയ അഡ്വഞ്ചർ എഡിഷനും വാഹനപ്രേമികൾ ഇരുംകൈയും നീട്ടി സ്വീകരിച്ചു. ഉപഭോക്താക്കളുടെ ഇഷ്ടങ്ങളെക്കുറിച്ചുള്ള ഒരു രസകരമായ കാര്യം, 2025-ന്റെ ആദ്യ പകുതിയിൽ വിറ്റഴിച്ച ക്രെറ്റ യൂണിറ്റുകളിൽ 70 ശതമാനവും സൺറൂഫ് ഉള്ളവയായിരുന്നു എന്നതാണ്.
ഇന്ത്യയിൽ വിറ്റഴിച്ചത് 12 ലക്ഷത്തിലധികം യൂണിറ്റുകൾ
2025 ജൂലായ് വരെ, ഹ്യുണ്ടായ് ഇന്ത്യയിൽ മാത്രം 12 ലക്ഷത്തിലധികം ക്രെറ്റ യൂണിറ്റുകൾ വിറ്റഴിച്ചു. മികച്ച ഡ്രൈവിങ്, ക്ലാസ്-ലീഡിങ് ഫീച്ചറുകൾ, വിപുലമായ വിൽപനാനന്തര സേവന ശൃംഖല എന്നിവ ഈ നേട്ടത്തിന് സഹായിച്ചു.
കയറ്റുമതി ചെയ്തത് 2.87 ലക്ഷം യൂണിറ്റുകൾ
ക്രെറ്റയുടെ വിജയം ആഭ്യന്തര വിപണിയിൽ മാത്രം ഒതുങ്ങുന്നതല്ല. ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ 13-ലധികം രാജ്യങ്ങളിലേക്ക് ഹ്യുണ്ടായ് ഏകദേശം 2.87 ലക്ഷം യൂണിറ്റുകൾ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്തിട്ടുണ്ട്. കൂടാതെ ആഗോള വാഹന നിർമാണ രംഗത്ത് ഇന്ത്യയുടെ വർധിച്ചുവരുന്ന പങ്കിനെയും ഇത് കാണിക്കുന്നു.
Content Highlights: hyundai-creta-10-year-anniversary
Published: 21 Jul 2025, 03:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented