ജനുവരിയിലെ വിൽപനയിലും എതിരാളികളെ ഞെട്ടിച്ച് ഇന്ത്യക്കാരുടെ ജനപ്രിയ മിഡ് സൈസ് എസ്.യു.വിയായ ഹ്യുണ്ടായ് ക്രെറ്റ. 18,522 യൂണിറ്റുകളാണ് കഴിഞ്ഞമാസം കമ്പനി വിറ്റഴിച്ചത്. ക്രെറ്റയുടെ ഏറ്റവും വലിയ പ്രതിമാസ വിൽപനയാണിത്. 

To advertise here,

കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ കാർ വിപണിയിൽ എതിരാളികളെ വിറപ്പിക്കുന്ന പ്രകടനമാണ് ക്രെറ്റ കാഴ്ചവെക്കുന്നത്. 2023-ൽ 1,57,311 യൂണിറ്റുകളാണ് ഹ്യുണ്ടായ് വിറ്റഴിച്ചത്. ഇന്ത്യയിൽ ഒരു മിഡ് സൈസ് എസ്.യു.വി ഒരു കലണ്ടർ വർഷത്തിൽ നേടുന്ന ഏറ്റവും വലിയ വിൽപനയായിരുന്നു ഇത്. 2024-ൽ സ്വന്തം റെക്കോർഡ് ക്രെറ്റ മറികടന്നു. 1,86,919 യൂണിറ്റുകളുടെ വിൽപന. 

മാരുതി സുസുക്കി ​ഗ്രാന്റ് വിത്താര, കിയ സെൽറ്റോസ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലവേറ്റ്, സ്കോഡ കുഷാക്ക്, ഫോക്സ് വാ​ഗൺ ടൈ​ഗൂൺ, എം.ജി.ആസ്റ്റർ എന്നീ വമ്പൻമാരെ മറികടന്നാണ് ക്രെറ്റ ജൈത്രയാത്ര തുടരുന്നത്. ഇലക്ട്രിക് മോഡൽ കൂടി എത്തിയതോടെ നിലവിലെ റെക്കോർഡുകളെല്ലാം തകർത്ത് 2025-ൽ പുതു ചരിത്രം സൃഷ്ടിക്കാനാകുമെന്നാണ് ഹ്യുണ്ടായ് പ്രതീക്ഷിക്കുന്നത്. 

placeholder
2015-ൽ ഹ്യുണ്ടായ് ഇന്ത്യയില്‍ അവതരിപ്പിച്ച ക്രെറ്റ, പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ, ഇലക്ട്രിക് പവർടെയിനുകളിലാണ് വിപണിയിലുള്ളത്. 2024 ജനുവരിയിൽ വാഹനത്തിന്റെ ഏറ്റവും പുതിയ പതിപ്പും ഇന്ത്യന്‍ വിപണിയില്‍ എത്തി. ഫീച്ചറുകളാല്‍ സമ്പന്നമായ ഈ വാഹനത്തില്‍ 70 കണക്ടഡ് ഫീച്ചറുകള്‍ നല്‍കിയാണ് ഹ്യുണ്ടായി സാങ്കേതിക തികവ് തെളിയിച്ചത്. അഡാസ് ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. 

ഫീച്ചറുകളിലും ലുക്കിലും വലിയ മാറ്റങ്ങള്‍ വരുത്തിയപ്പോഴും മെക്കാനിക്കലി മുന്‍മോഡലുകളുടെ പിന്മുറക്കാരനായിരുന്നു പുതിയ പതിപ്പ്. 115 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിന്‍, 160 ബി.എച്ച്.പി. പവറുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 115 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷനുകള്‍.

51.4 കിലോവാട്ട്, 42 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളിലാണ് ക്രെറ്റ ഇ.വി. ലഭ്യമാകുന്നത്. ഇവ യഥാക്രമം 473 കിലോമീറ്ററും 390 കിലോമീറ്ററും റെയ്ഞ്ച് നല്‍കും. ലെവല്‍ ടു അഡാസ് സ്യൂട്ടിന്റെയും ആറ് എയര്‍ബാഗുകളുടെ സുരക്ഷയാണ് ഈ ഇലക്ട്രിക് എസ്.യു.വിയില്‍ ഉറപ്പാക്കിയിരിക്കുന്നത്.