ക്രെറ്റ എന്നാൽ ഹ്യുണ്ടായി ഇന്ത്യയുടെ വിജയമന്ത്രം എന്ന് കൂടി വിശേഷിപ്പിക്കാം. കഴിഞ്ഞ പത്ത് വർഷത്തോളമായി ഇന്ത്യൻ നിരത്തുകളിൽ നിറഞ്ഞ് നിൽക്കുന്ന ഈ വാഹനത്തിന് 2025 ഏറ്റവും നല്ല വർഷമായിരുന്നു. ഈ കഴിഞ്ഞുപോയ വർഷം മാത്രം ക്രെറ്റയുടെ രണ്ടുലക്ഷം യൂണിറ്റാണ് ഹ്യുണ്ടായി വിറ്റഴിച്ചിരിക്കുന്നത്. ക്രെറ്റയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക വിൽപ്പനയാണ് 2025 കലണ്ടർ വർഷത്തിൽ ലഭിച്ചിരിക്കുന്നതെന്നാണ് ഹ്യുണ്ടായി ഇന്ത്യ അറിയിച്ചിരിക്കുന്നത്.

To advertise here,

സെഡാൻ, ഹാച്ച്ബാക്ക് എന്നീ ശ്രേണിയിലെ വാഹനങ്ങൾ ഒരു വർഷം രണ്ടുലക്ഷം യൂണിറ്റിന്റെ വിൽപ്പന കൈവരിക്കുന്നത് വളരെ സാധാരണമാണ്. എന്നാൽ, മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിലെ ഒരു വാഹനം ഈ നേട്ടം കൈവരിക്കുന്ന അത്യപൂർവ്വമാണെന്നാണ് ഹ്യുണ്ടായി ഇന്ത്യ അഭിപ്രായപ്പെടുന്നത്. 2025-ലെ ക്രെറ്റയുടെ വിൽപ്പനയിൽ 44 ശതമാനവും ഡീസൽ എൻജിന് മോഡലിനാണെന്നതും ശ്രദ്ധേയമാണ്. 32 ശതമാനം ക്രെറ്റ ഉടമകളും ആദ്യമായി കാർ സ്വന്തമാക്കുന്നവരുമാണ്.

ഒരു വർഷത്തിൽ രണ്ടുലക്ഷം വാഹനങ്ങൾ വിറ്റഴിഞ്ഞതോടെ പ്രതിദിനം ശരാശരി 550 ക്രെറ്റ നിരത്തുകളിൽ എത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. പത്ത് മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള എസ്‌യുവികളിൽ മികച്ച വിൽപ്പനയാണ് ഇതെന്നാണ് ഹ്യുണ്ടായി ഇന്ത്യ കണക്കാക്കുന്നത്. ടാറ്റയുടെ പഞ്ച് എസ്‌യുവി 2024 കലണ്ടർ വർഷം രണ്ടുലക്ഷം യൂണിറ്റിന് മുകളിൽ വിൽപ്പന നേടിയിരുന്നു. എന്നാൽ, അത് നാല് മീറ്ററിൽ താഴെ വലിപ്പമുള്ളതും കുറഞ്ഞ വിലയിലുള്ള വാഹനവുമാണ്.

‘’ഹ്യുണ്ടായി ക്രെറ്റയുടെ ഇന്ത്യൻ വിപണിയിലെ യാത്ര അസാധാരണമായ ഒന്നാണ്. രണ്ടുലക്ഷം യൂണിറ്റിന്റെ വിൽപ്പന എന്നത് ഏറെ അഭിമാനം നൽകുന്നതാണ്. ക്രെറ്റയുടെ നേട്ടം ഇതാദ്യമല്ല. 2020 മുതൽ 25 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിച്ചിട്ടുള്ള എസ്‌യുവിയുടെ ക്രെറ്റയാണ്. നിരത്തുകളിൽ എത്തി പത്ത് വർഷത്തിനുള്ളിൽ വിശ്വാസ്യതയുള്ള എസ്‌യുവിയായി മാറാൻ ക്രെറ്റയ്ക്ക് സാധിച്ചിട്ടുണ്ട് ‘’- ഹ്യുണ്ടായി ഇന്ത്യ മാനേജിങ് ഡയറക്ടർ തരുൺ ഗാർഗ് അഭിപ്രായപ്പെട്ടു.

2020-ൽ ആദ്യ കാറായി ക്രെറ്റ വാങ്ങുന്നവർ 13 ശതമാനമായിരുന്നു. എന്നാൽ അഞ്ച് വർഷത്തിനുള്ളിൽ ഇത് 32 ശതമാനമാക്കി വർധിപ്പിക്കാൻ ഈ വാഹനത്തിന് സാധിച്ചിട്ടുണ്ട്. 2025-ൽ ക്രെറ്റയുടെ വിൽപ്പനയിൽ 70 ശതമാനവും സൺറൂഫുള്ള മോഡലുകൾക്കായിരുന്നു. ഡീസൽ എൻജിൻ മോഡലും ക്രെറ്റയുടെ വിൽപ്പനയ്ക്ക് വലിയ മുതൽകൂട്ടാണ്. 44 ശതമാനം ആളുകളാണ് ഡീസൽ മോഡൽ തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.