ഇലക്ട്രിക് വാഹനങ്ങളിൽ തിരിച്ചടി നേരിടുന്നതിനൊപ്പം തന്നെ ഹൈബ്രിഡ് വാഹനങ്ങൾക്ക് ചില മേഖലയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി നാൾക്കുനാൾ കുതിക്കുകയാണ്. ഓരോ മാസവും വിൽപ്പനയിൽ വളർച്ചയാണ് ഉണ്ടാകുന്നത്. എന്നാൽ, ഇതിന് നേരെ വിപരീതമാണ് ആഗോളതലത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന. ജനുവരി മാസത്തെ വിൽപ്പന അനുസരിച്ച് മൂന്ന് ശതമാനത്തിന്റെ ഇടിവാണ് ആഗോളതലത്തിൽ ഉണ്ടായിരിക്കുന്നത്. 2026 ജനുവരിയിൽ 1.2 ദശലക്ഷം യൂണിറ്റാണ് ഇലക്ട്രിക്, പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനങ്ങളുടെ ആകെ വിൽപ്പന.
നയപരമായ കാരണങ്ങൾ കൊണ്ടും സബ്‌സിഡി വെട്ടിച്ചുരുക്കിയതിനേയും തുടർന്ന് ചൈനയിലും നോർത്ത് അമേരിക്കയിലും ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത കുറഞ്ഞതാണ് ഈ വാഹനത്തിന്റെ വിൽപ്പനയെ ബാധിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായി ചൈനയും യൂറോപ്യൻ യൂണിയനും നിരവധി ഇൻസെന്റീവുകളും മറ്റും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിൽ പലതും പിൻവലിച്ചതോടെയാണ് വിൽപ്പനയിൽ തിരിച്ചടികൾ നേരിട്ട് തുടങ്ങിയത്.
ഇലക്ട്രിക് വാഹനങ്ങളിൽ തിരിച്ചടി നേരിടുന്നതിനൊപ്പം തന്നെ ഹൈബ്രിഡ് വാഹനങ്ങൾക്ക് ചില മേഖലയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പരമ്പരാഗത പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് ഒരു ബദൽ വാഹനമായാണ് ഹൈബ്രിഡ് മോഡലിനെ ഇവർ കണക്കാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയും ചാർജിങ് ആവശ്യമില്ലെന്നതുമാണ് ഹൈബ്രിഡ് വാഹനങ്ങൾക്ക് ഇലക്ട്രിക് മോഡലുകളെക്കാൾ സ്വീകാര്യത ലഭിക്കാൻ കാരണമെന്നാണ് വിലയിരുത്തലുകൾ.
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന വിപണി ചൈനയാണ്. ഇവിടെ ജനുവരിയിലെ രജിസ്‌ട്രേഷനിൽ ഏകദേശം 20 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആറ് ലക്ഷം യൂണിറ്റായിരുന്നു ജനുവരിയിൽ ചൈനയിലെ ഇലക്ട്രിക് വാഹന വിൽപ്പന. അതായത് രണ്ട് വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിൽപ്പനയാണിത്. സർക്കാർ സബ്‌സിഡികളിൽ വരുത്തിയ കുറവും പുതിയ പർച്ചേസ് ടാക്‌സ് ചുമത്താൻ തുടങ്ങിയതുമാണ് ഇലക്ട്രിക് വാഹന വിൽപ്പനയിൽ പ്രതിഫലിച്ചിരിക്കുന്നത്.
നോർത്ത് അമേരിക്കയിൽ വലിയ ഇടിവാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. 2025 ജനുവരിയിലെ വിൽപ്പനയുമായി തട്ടിച്ച് നോക്കുമ്പോൾ 33 ശതമാനത്തിന്റെ ഇടിവാണ് ഈ ജനുവരിയിൽ ഉണ്ടായിരിക്കുന്നത്. 2022-ന്റെ തുടക്കത്തിന് ശേഷം ഏറ്റവും കുറഞ്ഞ ഇലക്ട്രിക് വാഹന വിൽപ്പനയാണ് 2026 ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെയും ഫെഡറൽ, സ്റ്റേറ്റ് തലത്തിൽ നൽകിയിരുന്ന ആനുകൂല്യങ്ങൾ നിർത്തിയാണ് തിരിച്ചടിക്ക് കാരണം.
ചൈനയിലും നോർത്ത് അമേരിക്കയിലും വിൽപ്പനയിൽ ഇടിവ് നേരിട്ടെങ്കിലും യൂറോപ്പിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വൻ കുതിപ്പാണുണ്ടായിരിക്കുന്നത്. 2025 ജനുവരിയെ അപേക്ഷിച്ച് ഈ ജനുവരിയിൽ 24 ശതമാനത്തിന്റെ കുതിപ്പാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3,20,000 യൂണിറ്റിന്റെ വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തെ വിൽപ്പന അനുസരിച്ച് ഏറ്റവും കുറഞ്ഞ കണക്കാണിതെന്നാണ് സൂചന.
Content Highlights: Global EV sales see a 3% dip in January due to subsidy cuts & new taxes in China/North America. Hybrid cars gain traction.
Published: 15 Feb 2026, 06:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented