ഇന്ത്യയിൽ വാഹന നിർമാണം പുനരാരംഭിക്കുന്നതിൽ യുഎസ് വാഹന ഭീമനായ ഫോർഡിൽ വീണ്ടും പ്രതിസന്ധിയെന്ന് റിപ്പോർട്ട്. ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനംമൂലം ചെന്നൈക്കടുത്തുള്ള മറൈമലൈ നഗർ പ്ലാന്റിൽ പ്രവർത്തനം പുനരാരംഭിക്കാനുള്ള പദ്ധതികൾക്ക് തിരിച്ചടി നേരിട്ടെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
മറൈമലൈ നഗറിലെ തങ്ങളുടെ പ്ലാന്റിന്റെ ഭാവി തീരുമാനിക്കാൻ വീണ്ടും ആലോചനകൾ ആരംഭിക്കുകയാണെന്ന് ഇതിൽ പറയുന്നു. മിഷിഗൺ ആസ്ഥാനമായുള്ള കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ പ്ലാന്റിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു യോഗം ചേരുമെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ദരിച്ചുള്ള ഈ റിപ്പോർട്ടിലുണ്ട്.
ട്രംപിന്റെ താരിഫുകൾ, പദ്ധതിയുടെ സാമ്പത്തിക വശങ്ങൾ പുനഃപരിശോധിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചെന്നും ഇതിൽ വ്യക്തമാക്കുന്നു. ഇറക്കുമതി നികുതി വർധിപ്പിച്ച സാഹചര്യത്തിൽ ഇന്ത്യയിലെ ഫാക്ടറിയിൽ കാറുകൾ നിർമിച്ച് കയറ്റി അയക്കുന്നത് ലാഭകരമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
കയറ്റുമതിക്കായി എൻജിനുകൾ നിർമിക്കാൻ പ്ലാന്റ് ഉപയോഗിക്കുന്നതും കമ്പനി നേരത്തെ പരിഗണിച്ചിരുന്നു. എന്നാൽ മാറുന്ന ആഗോള മുൻഗണനകളും വർധിച്ചുവരുന്ന വ്യാപാര തടസ്സങ്ങളും കണക്കുകൂട്ടലുകൾ മാറ്റിയതായി പറയപ്പെടുന്നു. ഇന്ത്യ ഇനി ഒരു മുൻഗണനാ വിപണിയല്ലെന്നും ഫോർഡ് യൂറോപ്പിലേക്ക് പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിൽ വാഹന നിർമാണം നിർത്തിയതിനെ തുടർന്ന്, 2022-ന്റെ പകുതി മുതൽ മറൈമലൈ നഗറിലെ പ്ലാന്റ് പ്രവർത്തനരഹിതമാണ്. പ്ലാന്റിൽ എൻജിനുകൾ നിർമിക്കാൻ കമ്പനി ആലോചിക്കുന്നതായി മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനുശേഷം, യുഎസിലേക്കുള്ള കയറ്റുമതി ചെലവേറിയതാക്കിയ ട്രംപിന്റെ താരിഫ് നയങ്ങൾ നിരവധി അമേരിക്കൻ കമ്പനികളുടെ നിക്ഷേപ പദ്ധതികളെ പ്രതിസന്ധിയിലാക്കി.
അതേസമയം, തീരുമാനത്തിൽ മാറ്റം ഉണ്ടായിട്ടില്ലെന്നാണ് ഫോർഡ് വക്താവ് പറയുന്നത്. ചെന്നൈയിലെ ഞങ്ങളുടെ നിർമാണശാല സംബന്ധിച്ച നിലപാടിൽ 2024 അവസാനത്തിൽനിന്ന് മാറ്റമൊന്നും വന്നിട്ടില്ല. ഏത് തരം നിർമാണമാണ് നടത്തുകയെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ "ഉചിതമായ സമയത്ത്" വെളിപ്പെടുത്തും.
12,000 ജീവനക്കാരുള്ള തങ്ങളുടെ ഫോർഡ് ബിസിനസ് സർവീസസ് ടീം ഇപ്പോഴും ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ടെന്നും തമിഴ്‌നാട് സർക്കാരിന്റെ പ്രതിനിധികളുമായി തങ്ങൾ നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Ford is re-evaluating its Chennai manufacturing plant`s future due to Trump tariffs impacting export plans. A decision on investment or write-off is pending.
Published: 12 Oct 2025, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented