ഷാർജ: ഗൾഫ് രാജ്യങ്ങൾക്കിടയിൽ വേഗത്തിലും സുരക്ഷിതമായും പറന്നെത്താൻ പറക്കുംകാർ വരുന്നു. ഡച്ച് കമ്പനിയായ പിഎഎൽ-വി ഷാർജ റിസർച്ച് ടെക്‌നോളജി ആൻഡ് ഇനൊവേഷൻ പാർക്കിൽ പറക്കുംകാർ പ്രദർശിപ്പിച്ചു. മണിക്കൂറിൽ 180 കിലോമീറ്റർ വേഗമുള്ള ‘ലിബർട്ടി’ പുതുവിപ്ലവമാകുമെന്നാണ് കരുതുന്നത്.
വിജയകരമായ പരീക്ഷണപറക്കലിനുശേഷം വാണിജ്യാടിസ്ഥാനത്തിൽ ഇവ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ചെറിയവിമാനം പറന്നുപൊങ്ങുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. രണ്ടുപേർക്ക് യാത്രചെയ്യാം. 20 കിലോഗ്രാം ലഗേജും കൊണ്ടുപോകാം. 500 കിലോമീറ്റർ വരെ തുടർച്ചയായി സഞ്ചരിക്കാം. ഗൾഫ് രാജ്യങ്ങൾക്കിടയിൽ രണ്ടുമണിക്കൂർ 20 മിനിറ്റുകൊണ്ട് പറന്നെത്താം. യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയിൽനിന്നുള്ള സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയായതായി കമ്പനി അധികൃതർ അവകാശപ്പെട്ടു.
ഏവിയേഷൻ ടെക്‌നോളജിയിൽ ഉപയോഗിക്കുന്ന സ്വതന്ത്ര സ്പിന്നിങ് റോട്ടർ വഴി പറന്നുയരാവുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. ജിറോപ്ലെയിനും ചെറിയകാറും ചേർന്നുള്ള പ്രത്യേക വാഹനമാണിത്. മൂന്നുചക്രങ്ങളുണ്ട്. 200 മീറ്റർ നീളത്തിലുള്ള എയർസ്ട്രിപ്പിൽനിന്നാണ് ടേക്ക് ഓഫ്. 30 മീറ്റർ റൺവേയിലാണ് ലാൻഡിങ്. ജിറോപ്ലെയിൻ ലൈസൻസുള്ള പൈലറ്റായിരിക്കും വാഹനംനിയന്ത്രിക്കുക. എട്ട് ലക്ഷംഡോളറാണ് വാഹനത്തിന്റെവില.
താഴ്ന്ന ഉയരത്തിൽ പറക്കുന്ന ഇത് അതിർത്തി പട്രോളിങ്, തീരസംരക്ഷണം, മറ്റ് സൈനിക പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാമെന്ന് പിഎഎൽ-വി അധികൃതർ അവകാശപ്പെട്ടു. കൂടാതെ അടിയന്തര സാഹചര്യങ്ങളിൽ ഡോക്ടർമാരെ ലക്ഷ്യസ്ഥാനങ്ങളിൽ വേഗത്തിലെത്തിക്കും. മറ്റേതൊരു ഗതാഗതത്തേക്കാളും വേഗമേറിയതും ചെലവ് കുറഞ്ഞതുമാണ്.
ദുബായ് ആസ്ഥാനമായ ഏവിറ്റെറ എന്ന കമ്പനിയാണ് ഗൾഫിൽ പറക്കുംകാർ വിപണിയിലിറക്കുക. ലോകംമുഴുവൻ ഉറ്റുനോക്കുന്ന രണ്ട് വ്യോമയാന അതോറിറ്റികളായ യുഎഇയിലും സൗദി അറേബ്യയിലുമായിരിക്കും ആദ്യഘട്ടത്തിൽ പ്രവർത്തനം. നിലവിലെ ബുക്കിങ്ങുകളുടെ അടിസ്ഥാനത്തിൽ കമ്പനിയുടെ മൊത്തം ഉത്പാദനത്തിന്റെ 30 ശതമാനം ഗൾഫിൽ ആവശ്യമായി വരുമെന്ന് ഏവിറ്റെറ പ്രതിനിധികൾ പറയുന്നു.
രണ്ടുവർഷത്തിനകം വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഗൾഫിൽ പൂർണമായും പ്രവർത്തനം വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കൂടാതെ ലോകമെമ്പാടും ഒന്നിലേറെ പരിശീലനകേന്ദ്രങ്ങൾ തുറക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. കറൻസി, ആർച്ചർ ഏവിയേഷൻ, ജോബി എന്നീ കമ്പനികൾ ഈവർഷം അവസാനമോ അടുത്തവർഷം ആദ്യമോ യുഎഇയിൽ പറക്കും ടാക്സികൾ ആരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തിവരുകയാണ്.
Content Highlights: Flying car between Gulf countries
Published: 18 Apr 2025, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented