ലോകത്തിലെ തന്നെ എണ്ണംപറഞ്ഞ ആഡംബര കാറുകളും സ്‌പോര്‍ട്‌സ് കാറുകളും ഉള്‍പ്പെടുന്നതാണ് ദുബായ് പോലീസിന്റെ വാഹനശ്രേണി. ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി, മക്​ലാരൻ എം.പി.4-12സി, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍77, ഫെരാരി എഫ്.എഫ്, ബുഗാട്ടി വെയ്‌റോണ്‍, ലംബോര്‍ഗിനി അവന്റഡോര്‍ തുടങ്ങി ഏതൊരു വാഹനപ്രേമിയേയും കൊതിപ്പിക്കും ദുബായ് പോലീസിന്റെ വാഹനങ്ങള്‍. ഈ വാഹനനിരയിലേക്ക് ഇറ്റാലിയല്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ പെര്‍ഫോമെന്‍സ് എസ്.യു.വിയായ ഉറുസ് പെര്‍ഫോമെന്റെയും എത്തിച്ചിരിക്കുകയാണ്. 

To advertise here,

നവംബര്‍ മാസത്തില്‍ നടന്ന എയര്‍ഷോയുടെ ഭാഗമായി ദുബായ് പോലീസിന് ലംബോര്‍ഗിനി ഉറുസ് പെര്‍ഫോമെന്റെ എഡിഷന്‍ കൈമാറിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് പോലീസ് വാഹനവ്യൂഹത്തിലേക്ക് ചേര്‍ത്തത്. മുമ്പും ലംബോര്‍ഗിനി ഉറുസ് പോലീസ് സേനയിലെത്തിയിട്ടുണ്ട്. ഉറുസിന് പുറമെ, അവന്റഡോറും പോലീസ് സേനയുടെ ഭാഗമാണ്. എന്നാല്‍, ഇതാദ്യമായാണ് ഉറുസിന്റെ പെര്‍ഫോമെന്‍സ് മോഡല്‍ പോലീസ് വാഹനങ്ങളിലേക്ക് എത്തുന്നത്. 

ഉറുസ് എസ് മോഡലില്‍ നിന്ന് ഡിസൈനില്‍ അല്‍പ്പം മാറ്റം വരുത്തിയാണ് പെര്‍ഫോമെന്റെ എത്തിയിരിക്കുന്നത്. കൂളിങ്ങ് വെന്റുകള്‍ നല്‍കിയിട്ടുള്ള പുതിയ ബോണറ്റ്, അഗ്രസീവ് ഭാവമുള്ള ബമ്പര്‍, വെന്റുകള്‍ നല്‍കി പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള റിയര്‍ ബമ്പര്‍, ഓപ്ഷണലായി നല്‍കുന്ന 23 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് വാഹനത്തിന്റെ ഡിസൈന്‍ സവിശേഷത. എന്നാല്‍, നിറം, ഗണ്‍ ബോക്‌സ്, ബീക്കണ്‍ ലൈറ്റ് തുടങ്ങി ദുബായ് പോലീസ് വാഹനങ്ങളുടെ രൂപത്തിലേക്ക് മാറുന്നതിനുള്ള പുതുമകളും ഇതില്‍ വരുത്തിയിട്ടുണ്ട്.

ബ്ലാക്ക് അല്‍കന്റാര ഇന്റീരിയറില്‍ സ്റ്റാന്റേഡ് ഫീച്ചറായി നല്‍കിയിട്ടുള്ള മോഡലാണ് ഉറുസ് പെര്‍ഫോമെന്റെ. പെര്‍ഫോമെന്റെ ബാഡ്ജിങ്ങിനൊപ്പം ഹെക്സാഗണല്‍ ഡിസൈനും നല്‍കിയാണ് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. ഡോറിലും റൂഫ് ലൈനിങ്ങിലുമുണ്ട് ഈ ബാഡ്ജിങ്. ഇവയ്ക്ക് പുറമെ, അകത്തളത്തില്‍ പലയിടങ്ങളിലായി ബ്ലാക്ക് ആക്സെന്റുകളും നല്‍കി അലങ്കരിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ അടിയന്തിര ഉപയോഗങ്ങള്‍ക്കായാണ് ഈ വാഹനം എത്തിച്ചിരിക്കുന്നതെന്നാണ് വിവരം. 

ഉറുസ് എസില്‍ എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനമാണ് നല്‍കിയിട്ടുള്ളതെങ്കില്‍ കോയില്‍ സ്പ്രിങ് സസ്‌പെന്‍ഷനുമായാണ് പെര്‍ഫോമെന്റെ പതിപ്പ് എത്തിയിട്ടുള്ളത്. റെഗുലര്‍ ഉറുസ് എസ്.യു.വിയില്‍  സാന്റ്, സ്നോ, മഡ് എന്നീ മൂന്ന് ഡ്രൈവ് മോഡുകളാണ് നല്‍കിയിരുന്നതെങ്കില്‍, ഇതിനുപകരമായ റാലി എന്ന മോഡാണ് ഉറുസ് പെര്‍ഫോമെന്റെയില്‍ ഒരുക്കിയിരിക്കുന്നത്. ഉറുസ് എസിനെക്കാള്‍ 16 എം.എം. വീതിയും 25 എം.എം. നീളവും ഈ മോഡലിന് അധികമായി നല്‍കുന്നുണ്ട്. 47 കിലോ ഗ്രാം ഭാരവും കുറച്ചിട്ടുണ്ട്.

മെക്കാനിക്കലായി ഉറുസ് എസ് മോഡലിനെ പിന്തുടര്‍ന്നാണ് പെര്‍ഫോമെന്റെ പതിപ്പും എത്തിയിട്ടുള്ളത്. എന്നാല്‍, 16 എച്ച്.പി. അധിക പവര്‍ ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. 666 എച്ച്.പിയാണ് ഈ വേരിയന്റിന്റെ പവര്‍. 850 എന്‍.എം. ടോര്‍ക്കാണ് പെര്‍ഫോമെന്റെയിലും ഉള്ളത്. കേവലം 3.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും. മണിക്കൂറില്‍ 306 കിലോ മീറ്ററാണ് പെര്‍ഫോമെന്റെയുടെ പരമാവധി വേഗത.