കാലത്തിന് മുന്നേ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കുക എന്നതാണ് എല്ലാ കാലത്തും അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ മുഖമുദ്ര. ഇലക്ട്രിക് കാറുകളെ ഇത്രയും പോപ്പുലര്‍ ആക്കിയതിന്റെ ക്രെഡിറ്റിലൂടെ തുടങ്ങി ഓട്ടോ പൈലറ്റ് പോലുള്ള സംവിധാനങ്ങള്‍ അവതരിപ്പിച്ചതും ടെസ്‌ലയുടെ കിരീടത്തിലെ പൊന്‍തൂവലാണ്. ഇപ്പോഴിതാ ഓട്ടോണമസ് ഡ്രൈവിങ് സംവിധാനത്തിലുള്ള വാഹനവും ടെസ്‌ല പുറത്തിറക്കിയിരിക്കുകയാണ്. 

To advertise here,

ടെസ്‌ല വിപണിയില്‍ എത്തിക്കുന്ന ലോകത്തിലെ ആദ്യ ഓട്ടോണോമസ് വാഹനത്തിന്റെ ഡെലവറി വീഡിയോയാണ് ഇപ്പോള്‍ ലോകശ്രദ്ധ നേടിയിരിക്കുന്നത്. സാധാരണ ഗതിയില്‍ വാഹനം സ്വന്തമാക്കാന്‍ ഉടമ ഷോറൂമില്‍ എത്തുകയാണ് പതിവെങ്കില്‍ ഈ വീഡിയോയില്‍ വാഹനം തനിയെ ഉടമയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഡ്രൈവര്‍ ഇല്ലാതെ ഓടാന്‍ കഴിയുന്ന ടെസ്‌ലയുടെ മോഡല്‍ വൈ കാറാണ് 30 മിനിറ്റ് തനിയെ ഡ്രൈവ് ചെയ്ത് ഉടമയുടെ വീട്ടില്‍ എത്തിയത്. 

ടെക്‌സാസിലെ ഓസ്റ്റിനിലുള്ള ടെസ്‌ലയുടെ ഫാക്ടറില്‍ നിന്നാണ് മോഡല്‍ വൈ തനിയെയുള്ള യാത്ര ആരംഭിച്ചത്. 30 മിനിറ്റ് സമയത്തെ ഡ്രൈവാണ് വാഹനം സ്വന്തമാക്കിയ ഉടമയുടെ വീട്ടിലേക്ക് ഉണ്ടായിരുന്നത്. പ്രധാന ഹൈവേകള്‍, ജങ്ഷനുകള്‍, ട്രാഫിക് സിഗ്നലുകള്‍, നഗരപ്രദേശങ്ങള്‍ എന്നിവയിലൂടെയെല്ലാം ഒരു ഡ്രൈവര്‍ ഇരുന്ന വാഹനം നിയന്ത്രിക്കുന്നതിനെക്കാള്‍ തന്മയത്വത്തോടെയായിരുന്നു ഈ ഡ്രൈവര്‍ ലെസ് വാഹനത്തിന്റെ യാത്രയെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. 

ഡ്രൈവര്‍ ലെസ് കാറിന്റെ ഈ യാത്രയുടെ മൂന്ന് മിനിറ്റ് ടൈം ലാപ്‌സ് വീഡിയോയാണ് ആദ്യം ടെസ്‌ല പുറത്തുവിട്ടത്. പിന്നീട് 30 മിനിറ്റ് യാത്രയുടെയും പൂര്‍ണമായും വീഡിയോയും വെളിപ്പെടുത്തുകയായിരുന്നു. ലോകത്താകമാനമുള്ള നിരവധി ആളുകളാണ് ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. വാഹനത്തിന്റെ പിന്നിലെ സീറ്റില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മുന്നിലെ ഡ്രൈവര്‍, കോ ഡ്രൈവര്‍ സീറ്റുകളില്‍ യാത്രക്കാരില്ലെന്നും വ്യക്തമാണ്. 

ഒരു ഡ്രൈവറിന്റെ ഇടപെടല്‍ ഇല്ലാതെ തന്നെ റോഡുകളില്‍ കൃത്യമായി വരി തെറ്റാതെ ഓടിക്കുകയും വളവുകള്‍ തിരിയുന്നതും സ്റ്റോപ്പ് സിഗ്നലുകളില്‍ നിര്‍ത്തുകയും മറ്റ് സിഗ്നലുകള്‍ പാലിക്കുകയുമെല്ലാം ചെയ്യുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 30 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ യാത്രയ്‌ക്കൊടുവില്‍ ഈ ഡ്രൈവര്‍ ലെസ് കാര്‍ ഉടമയുടെ വീടിന് മുന്നില്‍ വന്ന് നില്‍ക്കുന്നതും കാണാം. ടെസ്‌ലയുടെ മേധാവി ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ളവര്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഈ യാത്രയ്ക്കിടയില്‍ വാഹനം 115 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിച്ചിരുന്നെന്നാണ് ടെസ്‌ലയുടെ എഐ ആന്‍ഡ് ഓട്ടോപൈലറ്റ് വിഭാഗം മേധാവി അശോക് എലുസ്വാമി സ്ഥിരീകരിച്ചു. ഒരു ടെസ്‌ല മോഡല്‍ വൈ കാര്‍ അതിന്റെ ഫാക്ടറിയില്‍ നിന്ന് ഹൈവേകളും പട്ടണങ്ങളും അടങ്ങിയ പ്രദേശങ്ങളിലൂടെയുള്ള യാത്ര പൂര്‍ത്തിയാക്കി അതിന്റെ ഉടമയുടെ വീട്ടിലെത്തി. വാഹനത്തിന്റെ ഡെലിവറി ഉദ്ദേശിച്ചതിലും മുമ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് എക്‌സില്‍ കുറിച്ചു.

വാഹനത്തിന്റെ ഡ്രൈവിങ് സീറ്റില്‍ ആരുമുണ്ടായിരുന്നില്ല. ഒരു ഘട്ടത്തിലും റിമോട്ട് ഉപയോഗിച്ച് വാഹനം നിയന്ത്രിക്കാനും ശ്രമിച്ചിട്ടില്ല. പൂര്‍ണമായും ഡ്രൈവര്‍ ഇല്ലാതെ അല്ലെങ്കില്‍ ഓട്ടോണമസ് ആയായിരുന്നു യാത്ര. ഒരു പൊതു ഹൈവേയിലൂടെ ഡ്രൈവര്‍ ഇല്ലാതെയും അല്ലെങ്കില്‍ റിമോട്ടില്‍ നിയന്ത്രിക്കാതെയോ ആദ്യത്തെ ഓട്ടോണമസ് ഡ്രൈവാണ് ടെസ്‌ല മോഡല്‍ വൈ പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നാണ് ഇലോണ്‍ മസ്‌ക് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അവകാശപ്പെടുന്നത്.