കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ആകാശ് ദീപ് എന്ന പേസ് ബൗളര്‍. മൂന്ന് മത്സരങ്ങളില്‍ നിന്നായി നേടിയ 13 വിക്കറ്റുകളും നൈറ്റ് വാച്ച്മാനായി ബാറ്റിങ്ങിനിറങ്ങിയ തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറി നേടിയതെല്ലാം ഇന്ത്യയുടെ വിജയത്തിന് വഴിയൊരുക്കിയ നീക്കങ്ങളാണ്. നേട്ടങ്ങളില്‍ നിറവില്‍ നില്‍ക്കുന്ന ഈ താരം തന്റെ യാത്രകള്‍ക്കായി പുതിയൊരു വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. 

To advertise here,

ടൊയോട്ടയുടെ പ്രീമിയം എസ്‌യുവി വാഹനമായ ഫോര്‍ച്യൂണറാണ് ആകാശ് സ്വന്തമാക്കിയിരിക്കുന്നത്. സ്വപ്‌നം യാഥാര്‍ഥ്യമായി, പ്രിയപ്പെട്ടവര്‍ക്കൊപ്പം താക്കോല്‍ സ്വീകരിച്ചു എന്ന കുറിപ്പോടെ അദ്ദേഹം തന്നെയാണ് തന്റെ സ്വപ്ന വാഹനത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. തന്റെ കുടുംബത്തിനൊപ്പം എത്തിയാണ് ആകാശ് പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ബ്ലാക്ക് ഫിനീഷിങ്ങിലുള്ള വാഹനമാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. 

ടൊയോട്ട ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി എന്ന് വിശേഷിപ്പിക്കാവുന്ന വാഹനമാണ് ഫോര്‍ച്യൂണര്‍. എന്‍ജിന്റെയും ട്രാന്‍സ്മിന്റെയും അടിസ്ഥാനത്തില്‍ ഒമ്പത് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 36.20 ലക്ഷം രൂപ മുതല്‍ 52.34 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. അഗ്രസീവായ ഭാവങ്ങളുള്ള വാഹനമാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. മുന്‍ഭാഗം നിറയുന്ന ഗ്രില്ലും നേര്‍ത്ത എല്‍ഇഡി ഹെഡ്​ലാമ്പും ഫോഗ്​ലാമ്പും സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള ബമ്പറുമാണ് അഗ്രസീവ് ലുക്കിന് കാരണം. 

ഫീച്ചര്‍ സമ്പന്നമാണ് ഈ വാഹനത്തിന്റെ ഇന്റീരിയര്‍. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍.ഇ.ഡി. ആംബിയന്റ് ലൈറ്റിങ്ങ്, വയര്‍ലെസ് ചാര്‍ജിങ്ങ്, വെന്റിലേറ്റഡ് സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ബൂട്ട് ഓപ്പണര്‍ തുടങ്ങി നിരവധി സംവിധാനങ്ങളോടെയാണ് ഫോര്‍ച്യൂണറിന്റെ അകത്തളവും ഒരുങ്ങിയിരിക്കുന്നത്. 

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഫോര്‍ച്യൂണര്‍ നിരത്തുകളില്‍ എത്തുന്നുണ്ട്. പെട്രോള്‍ മോഡലില്‍ 164 ബി.എച്ച്.പി. പവറും 245 എന്‍.എം. ടോര്‍ക്കുമേകുന്ന 2.7 ലിറ്റര്‍ നാല് സിലിണ്ടര്‍ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകളാണ് ഈ മോഡലില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും ഈ വാഹനം എത്തുന്നുണ്ട്. 201 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമാണ് ഇതിന്റെ കരുത്ത്. ആറ് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.