ഇന്ത്യയുടെ കോവിഡ്-19 പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെയും തമിഴ്നാട്ടിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ മൂന്ന് കോടി രൂപയുടെ ധനസഹായമാണ് ബിഎംഡബ്ല്യു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണപിന്തുണയും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
കൊറോണ വൈറസ് രാജ്യത്തെ ആരോഗ്യമേഖലയിലും വ്യാവസായിക മേഖലയിലും കടുത്ത ആഘാതമാണുണ്ടാക്കിയിട്ടുള്ളത്. ഈ മഹാമാരിയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ ബിഎംഡബ്ല്യു പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ബിഎംഡബ്ല്യു ഇന്ത്യ സിഇഒ രുദ്രതേജ് സിങ്ങ് അറിയിച്ചു.
ധനസഹായത്തിന് പുറമെ, ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്റിന് സമീപമുള്ള ചെങ്കല്‍പേട്ട് ജനറല്‍ ആശുപത്രിയില്‍ കൊറോണ ഐസോലേഷന് വാര്‍ഡ് ഒരുക്കുന്നതിനായി ബിഎംഡബ്ല്യു സഹായിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ചെന്നൈയിലെയും ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്കുള്ള ഉപകരണങ്ങള്‍ എത്തിക്കുമെന്നും ബിഎംഡബ്ല്യും അറിയിച്ചു.
ഡല്‍ഹി, ചെന്നൈ എന്നീ സ്ഥലങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷ ഉപകരണങ്ങള്‍ നല്‍കാനും കമ്പനി നടപടി സ്വീകരിക്കുന്നുണ്ട്. ഈ രണ്ടു സ്ഥലങ്ങളിലെയും ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണെന്നും ബിഎംഡബ്ല്യു പ്രസ്താവനയില്‍ പറയുന്നു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായും സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ പ്ലാന്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. പ്ലാന്റിലെയും ഡീലര്‍ഷിപ്പുകളിലെയും ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും ബിഎംഡബ്ല്യു അറിയിച്ചു.
Content Highlights: Covid-19; BMW India Donates Three Crore Rupees For Rehabilitation
Published: 18 Apr 2020, 04:43 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented