തൊഴിലിടത്തിലെ ആത്മാർഥതയ്ക്കുള്ള പ്രതിഫലമായി ജീവനക്കാർക്ക് പ്രത്യേകം പാരിതോഷിതങ്ങൾ നൽകുന്നത് ഇപ്പോൾ സർവ്വ സാധാരണമാണ്. വാഹനങ്ങൾ, മൊബൈൽ ഫോണുകൾ, ആഭരണങ്ങൾ, ടൂർ പാക്കേജുകൾ തുടങ്ങിയ പല തരത്തിലുള്ള സമ്മാനങ്ങളാണ് ഓരോ കമ്പനികളും ജീവനക്കാർക്ക് നൽകുക. ഇത്തരത്തിൽ കമ്പനിയിലെ 51 ജീവനക്കാർക്ക് എസ്‌യുവി സമ്മാനമായി നൽകിയിരിക്കുകയാണ് ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി.
എംഐടിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫാർമസ്യൂട്ടിക്കൽ വിഭാഗത്തിലെ ജീവനക്കാർക്കാണ് വാഹനം സമ്മാനമായി ലഭിച്ചിരിക്കുന്നത്. ക്രിസ്മസിനോട് അനുബന്ധിച്ച് ആറ് ജീവനക്കാർക്കാണ് നിസാൻ മാഗ്‌നൈറ്റ് സമ്മാനമായി നൽകിയിരിക്കുന്നത്. ദീപാവലിയുടെ ഭാഗമായി നിരവധി ജീവനക്കാർക്ക് കിയ സോണറ്റും സമ്മാനിച്ചിരുന്നു. ഈ വർഷം 51 ജീവനക്കാർക്ക് ഈ കമ്പനി വാഹനം സമ്മാനമായി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജീവനക്കാർക്ക് ബോണസായി നൽകാനുദേശിക്കുന്ന തുകയാണ് വാഹനത്തിന്റെ ഡൗൺപേമെന്റ് ആയി കമ്പനി അടച്ചിരിക്കുന്നത്. ഈ വാഹനത്തിന്റെ പ്രതിമാസ ഇഎംഐയും കമ്പനി തന്നെയാണ് അടയ്ക്കുന്നത്. വാഹനം സ്വന്തമായി ലഭിച്ചവർക്ക് പെട്രോൾ ഒഴിക്കുന്നതിനെ കുറിച്ചുള്ള ആശങ്കയും വേണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഓരോ ജീവനക്കാർക്കും പ്രതിമാസം 2500 രൂപ പെട്രോൾ അലവൻസായി നൽകാനും. ഇതിനുപുറമെ, വാഹനവുമായി കമ്പനിയുടെ ആവശ്യത്തിന് യാത്ര ചെയ്യുകയാണെങ്കിൽ ഇതിനുള്ള ഇന്ധനച്ചെലവും ജീവനക്കാർക്ക് ലഭിക്കും.
മൂന്ന് എൻജിൻ ഓപ്ഷനുകളിൽ സോണറ്റ് വിപണിയിൽ എത്തുന്നുണ്ട്. ഇതിൽ ഏത് പതിപ്പാണ് സമ്മാനമായി നൽകിയതെന്ന് വ്യക്തമല്ല. 1.0 ലിറ്റർ പെട്രോൾ ടർബോ, 1.2 ലിറ്റർ പെട്രോൾ നാച്വറലി ആസ്പിരേറ്റഡ്, 1.5 ലിറ്റർ സിആർഡിഐ ഡീസൽ എന്നിവയാണ് എൻജിനുകൾ. ഇവയ്‌ക്കെല്ലാമായി ഏഴ് സ്പീഡ് ഡി.സി.ടി, ആറ് സ്പീഡ് ഐ.എം.ടി, ആറ് സ്പീഡ് ഓട്ടോമാറ്റിക്-മാനുവൽ, അഞ്ച് സ്പീഡ് മാനുവൽ എന്നിങ്ങനെ അഞ്ച് ട്രാൻസ്മിഷൻ ഓപ്ഷനുകളും നൽകുന്നുണ്ട്.
1.2 ലിറ്റർ എൻഎ പെട്രോൾ എൻജിൻ 83 പിഎസ് പവറും 115 എൻഎം ടോർക്കുമാണ് നൽകുന്നത്. ഈ മോഡലിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് നൽകിയിട്ടുള്ളത്. 120 പിഎസ് പവറും 172 എൻഎം ടോർക്കുമാണ് 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിന്റെ കരുത്ത്. ആറ് സ്പീഡ് എടി, ഏഴ് സ്പീഡ് ഡിസിടി എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷൻ. 1.5 ലിറ്റർ ഡീസൽ എൻജിൻ 116 പിഎസ് പവറും 250 എൻഎം ടോർക്കുമേകും. ആറ് സ്പീഡ് മാനുവൽ-ഓട്ടോമാറ്റിക്, ആറ് സ്പീഡ് ഐഎംടി. എന്നിവയാണ് ഈ എൻജിനൊപ്പം ചേർത്തിട്ടുള്ള ട്രാൻസ്മിഷുകൾ.
Content Highlights: MITS Group gifts 51 employees Kia Sonet SUVs as rewards for their dedication. Includes down payment, EMI, and monthly fuel allowance. Learn more about this amazing employee benefit!
Published: 28 Dec 2025, 02:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented