പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നീ പവർട്രെയിനുകളിൽ കൈവരിച്ച വിജയത്തിന് പിന്നാലെ ഹൈബ്രിഡ് കരുത്തിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങുകയാണ് കിയ മോട്ടോഴ്‌സ് ഇന്ത്യ. ഈ നീക്കത്തിന്റെ ആദ്യ ചുവടുവയ്പ്പ് സൊറെന്റോ എന്ന എസ്‌യുവിയാണെങ്കിൽ ഇതിന്റെ പിൻഗാമിയായി നിരവധി മോഡലുകൾ എത്തുമെന്നാണ് റിപ്പോർട്ട്. ഇതിൽ തന്നെ കിയ സോണറ്റ്, കിയ കാരൻസ് ക്ലാവിസ് തുടങ്ങിയ മോഡലുകൾ എത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് കമ്പനി മേധാവികൾ.

To advertise here,

സൊറെന്റോ കൂടാതെ 2027 മുതൽ തന്നെ കിയയിൽ നിന്ന് മറ്റ് ഹൈബ്രിഡ് ഇലക്ട്രിക് മോഡലുകൾ നിരത്തുകളിൽ എത്തിതുടങ്ങും. 2029 ആകുന്നതോടെ കിയ സോണറ്റ്, കാരൻസ് ക്ലാവിസ് എന്നീ മോഡലുകളുടെ ഹൈബ്രിഡ് പതിപ്പ് എത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം പ്രാദേശികമായി വികസിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോഡൽ കിയയുടെ ബി-സെഗ്മെന്റ് എസ്‌യുവി നിരയിലേക്ക് എത്തുമെന്നും നിർമാതാക്കൾ ഉറപ്പ് നൽകുന്നുണ്ട്. സെൽറ്റോസ് ഉൾപ്പെടെയുള്ള മോഡലുകളും ഹൈബ്രിഡിനായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

കിയയുടെ വാഹന നിരയിലെ ഏറ്റവും ചെറിയ വാഹനമാണ് സോണറ്റ്. ഈ എസ്‌യുവിയുടെ പുതുതലമുറ പതിപ്പ് 2027-ഓടെ വിപണിയിൽ എത്തും. 2028 അല്ലെങ്കിൽ 29 ആകുമ്പോഴേക്കും ഈ വാഹനത്തിന്റെ ഹൈബ്രിഡ് പതിപ്പും പുറത്തിറക്കുമെന്നാണ് കിയ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. വെന്യുവിലും സിറോസിലും അടിസ്ഥാനമൊരുക്കുന്ന ഗ1 പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ സോണറ്റും ഒരുങ്ങുക. ഇത് ഹൈബ്രിഡ്, ഇലക്ട്രിക് തുടങ്ങിയ ആർക്കിടെക്ചറുകൾക്ക് ഇണങ്ങുന്നതാണ്.

കാരൻസ് ക്ലാവിസ് എംപിവിയുടെ അടുത്ത തലമുറ മോഡലിലായിരിക്കും ഹൈബ്രിഡ് സംവിധാനം നൽകുക. 2029-ഓടെ ആയിരിക്കും ഈ പതിപ്പ് എത്തുക. പെട്രോൾ, ഡീസൽ, ഇലക്ട്രിക് പവർട്രെയിനുകളിൽ എത്തുന്ന വാഹനമാണ് കാരൻസ് ക്ലാവിസ്. ഇതിനൊപ്പമാണ് ഹൈബ്രിഡ് സംവിധാനവും ഒരുക്കുക. 2027-ൽ എത്തുന്ന സെൽറ്റോസ് ഹൈബ്രിഡിൽ നൽകുന്ന സാങ്കേതികവിദ്യയായിരിക്കും കാരൻസ് ക്ലാവിസ് ഹൈബ്രിഡിലും നൽകുകയെന്നാണ് റിപ്പോർട്ട്.

കിയ മോട്ടോഴ്‌സിൽ നിന്ന് ഒരു ബി-സെഗ്മെന്റ് എസ്‌യുവി നിരത്തുകളിൽ എത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇത് ഇലക്ട്രിക് വാഹനമായിരിക്കുമെന്നാണ് പുതിയ സൂചനകൾ. ഇതിനുപുറമെ, പൂർണമായും പ്രാദേശികമായി വികസിപ്പിക്കുന്ന വാഹനവുമായിരിക്കും ഇത്. സെൽറ്റോസ്, സിറോസ് വാഹനങ്ങളുടെ ഇടയിൽ സ്ഥാനം പിടിക്കുന്ന പുതിയ എസ്‌യുവിയുടെ മെക്കാനിക്കൽ ഫീച്ചറുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.

Source