സിജെ റോയിയുടെ വാഹന ശേഖരത്തിൽ കോടികൾ വില മതിക്കുന്ന നിരവധി വാഹനങ്ങൾ ഉണ്ടെങ്കിലും താൻ ആദ്യമായി സ്വന്തമാക്കിയതും പിന്നീട് തനിക്ക് കൈവിട്ട് പോയതുമായി മാരുതി 800 അദ്ദേഹം അടുത്തിടെ തിരിച്ചുപിടിച്ചിരുന്നു.

കോൺഫിഡന്റ് ഗ്രൂപ്പ് എന്ന പേര് ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാവില്ല. അതുപോലെ തന്നെ സി.ജെ.റോയി എന്ന പേര് കേൾക്കാത്ത ഒരു വാഹനപ്രേമിയും കാണില്ല. റോയി ജീവനൊടുക്കി എന്ന വാർത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. വാഹനങ്ങളെ ഇഷ്ടപ്പെടുന്ന ഏതൊരാളും സ്വപ്‌നം കാണുന്ന വാഹന ശേഖരമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതിൽ മാരുതി സുസുക്കിയുടെ 800 മുതൽ വേഗരാജാവ് എന്ന വിശേഷിപ്പിക്കാവുന്ന ബുഗാട്ടിയുടെ വെയ്‌റോൺ വരെയുണ്ടെന്നതാണ് ശ്രദ്ധേയം.
കോടികൾ വില മതിക്കുന്ന നിരവധി വാഹനങ്ങൾ ഉണ്ടെങ്കിലും താൻ ആദ്യമായി സ്വന്തമാക്കിയതും പിന്നീട് തനിക്ക് കൈവിട്ട് പോയതുമായി മാരുതി 800 അദ്ദേഹം അടുത്തിടെ തിരിച്ചുപിടിച്ചിരുന്നു. 1994-ൽ താൻ സ്വന്തമാക്കിയ ആ വാഹനം തന്റെ കൈയിൽ തിരിച്ചെത്തിക്കുന്നതിനായി 10 ലക്ഷം രൂപയാണ് അദ്ദേഹം ചിലവാക്കിയത്. CKJ 3637 നമ്പറിലുള്ള ഈ വാഹനം ഏതാനും മാസങ്ങൾക്ക് മുമ്പാണ് സി.ജെ.റോയിയുടെ വാഹനശേഖരത്തിന്റെ ഭാഗമായത്.
ഫ്രഞ്ച് സൂപ്പർ കാർ നിർമാതാക്കളായ ബുഗാട്ടിയുടെ വെയ്‌റോൺ ആയിരിക്കണം അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലെ ഏറ്റവും വിലയുള്ള മോഡൽ. 8.0 ലിറ്റർ ഡബ്ല്യു16 ക്വാഡ്-ടർബോചാർജ്ഡ് എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 1001 പിഎസ് മുതൽ 1200 പിഎസ് വരെ പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ വാഹനം 1250 എൻഎം ടോർക്കുമേകുന്നുണ്ട്. 2.5 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 400 കിലോമീറ്ററാണ്. 11.5 കോടിയോളം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
ബ്രിട്ടീഷ് അത്യാഡംബര വാഹന നിർമാതാക്കളായ റോൾസ് റോയിസിന്റെ വലിയ ശേഖരം തന്നെയാണ് ഗ്യാരേജിലുള്ളത്. 12 റോൾസ് റോയിസ് കാറുകളാണ് അദ്ദേഹത്തിനുള്ളതെന്നാണ് വിവരം. ഫാന്റ് VIII EWB മോഡലാണ് ഇതിൽ പ്രധാനപ്പെട്ട ഒരു മോഡൽ. പ്രൈവറ്റ് സ്യൂട്ട് സംവിധാനം ഉൾപ്പെടെ നൽകി എത്തുന്ന ഈ വാഹനം ലോകത്തിൽ തന്നെ അപൂർവ്വമാണ്. ഈ മോഡലിന് പുറമെ, ലോങ് വീൽ ബേസ് പതിപ്പല്ലാതെയുള്ള ഒന്നിലധികം ഫാന്റം മോഡലുകളും അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലുണ്ട്.
6.75 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി 12 എൻജിനാണ് റോൾസ് റോയിസ് ഫാന്റത്തിന് കരുത്തേകുന്ന എൻജിൻ. 5000 ആർപിഎമ്മിൽ 563 ബിഎച്ച്പി പവറും 1700 ആർപിഎമ്മിൽ 900 എൻഎം ടോർക്കുമേകും എൻജിൻ. ZF 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മുഖേനെയാണ് എൻജിൻ കരുത്ത് പിൻ ചക്രങ്ങളിലേക്ക് എത്തുക. 5.3 സെക്കൻഡുകൾകൊണ്ടുതന്നെ 100 കിലോമീറ്റർ വേഗം കൈവരിക്കാനാകും. മണിക്കൂറിൽ 250 കിലോമീറ്ററായി പരമാവധി വേഗം നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിവേഗ ട്രാക്കുകളിൽ വേഗം ഇതിലും ഉയർത്താനാകും.
റോൾസ് റോയിസിന്റെ തന്നെ ഇലക്ട്രിക് മോഡലായ സ്‌പെക്ടർ ആദ്യം സ്വന്തമാക്കിയ ഉടമകളിൽ ഒരാളായിരുന്നു റോയി. റോൾസ് റോയിസിന്റെ ആർകിടെക്ചർ ഓൾ ലക്ഷ്വറി പ്ലാറ്റ്ഫോമിലാണ് സ്പെക്ടർ ഒരുങ്ങിയിരിക്കുന്നത്. ത്രീ ഡോർ ഫോർ സീറ്റർ കൂപ്പെ മോഡലാണിത്. റോൾസ് റോയിസിന്റെ ഫാന്റം മോഡലിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ഈ വാഹനം ഫീച്ചറുകളിലും ഫാന്റത്തിന്റെ പാത പിന്തുടർന്നിട്ടുണ്ട്. റോൾസ് റോയിസിന്റെ മറ്റ് മോഡലുകളിലേത് പോലെ 4796 തിളങ്ങുന്ന നക്ഷത്രങ്ങൾ സ്‌പെക്ടറിന്റേയും റൂഫ് അലങ്കരിക്കുന്നത്.
ഇലക്ട്രിക് മോഡലായ സ്‌പെക്ടറിൽ ഇരട്ട മോട്ടോറുകളാണ് നൽകിയിട്ടുള്ളത്. മുൻപിലെ മോട്ടോർ 255 ബിഎച്ച്പി പവറും 365 എൻഎം ടോർക്കുമേകും. പിന്നിൽ നൽകിയിട്ടുള്ള മോട്ടോർ 483 ബിഎച്ച്പി പവറും 710 എൻഎം ടോർക്കുമാണ് നൽകുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കേവലം 4.4 സെക്കന്റ് മാത്രമാണ് ഈ വാഹനത്തിന് വേണ്ടത്. 102 കിലോവാട്ട് അവർ ശേഷിയാണ് ഇതിലെ ബാറ്ററിക്കുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 530 കിലോമീറ്റർ യാത്ര ചെയ്യാൻ സാധിക്കും. ഏകദേശം 10 കോടി രൂപയോളമാണ് ഇതിനും ചിലവു വരുന്നത്.
ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ബെന്റ്‌ലിയുടെ ഫ്‌ളൈയിങ് സ്പർ ആണ് ഗ്യാരേജിനെ സമ്പന്നമാക്കുന്ന മറ്റൊരു ആഡംബര വാഹനം. അത്യാഡബര സംവിധാനങ്ങളും മികച്ച ഡിസൈനിലും തീർത്തിരിക്കുന്ന ഹൈ പെർഫോമെൻസ് ലക്ഷ്വറി ഗ്രാൻഡ് ടൂററാണിത്. 6.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് ഡബ്ല്യു12 പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 626 ബിഎച്ച്പി കരുത്തും 900 എൻഎം ടോർക്കുമേകുന്ന ഈ വാഹനം 3.8 സെക്കന്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 333 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. എട്ട് സ്പീഡ് ഡ്യുവൽ ക്ലെച്ചാണ് ഫ്ളൈങ്ങ് സ്പറിൽ ട്രാൻസ്മിഷൻ നിർവഹിക്കുന്നത്.
അമേരിക്കൻ വാഹന നിർമാതാക്കളായ ജിഎംസി നിർമിച്ചിട്ടുള്ള ഇലക്ട്രിക് ഹമ്മറും ഗ്യാരേജിലെ ആകർഷണമാണ്. ക്രാബ് വാക്ക് ഉൾപ്പെടെയുള്ള സംവിധാനത്തിൽ എത്തിയിട്ടുള്ള കരുത്തൻ എസ്‌യുവിയാണിത്. ഇന്ത്യയിലെ വില കണക്കാക്കിയാൽ ഏകദേശം 4.5 കോടി രൂപയോളമാണ് ഈ വാഹനത്തിന്റെ മൂല്യം. ഓൾ വീൽ ഡ്രൈവ് സംവിധാനത്തിനൊപ്പം ഡ്യുവൽ മോട്ടോറുമായാണ് ഈ വാഹനം എത്തുന്നത്. 1000 ബിഎച്ച്പി പവറും 15,592 എൻഎം ടോർക്കുമാണ് ഇതിലെ ഇലക്ട്രിക് മോട്ടോറുകൾ ഉത്പാദിപ്പിക്കുന്ന പവർ.
ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗിനിയും ഗ്യാരേജിൽ ഇടംനേടിയിട്ടുണ്ട്. റോൾസ് റോയിസ് പോലെ തന്നെ ഒന്നിലധികം ലംബോർഗിനി മോഡലുകളും ഉണ്ട്. അവന്റഡോർ മൻസോറി കാർബണാഡോ ആണ് ഇതിലൊന്ന്. വൺ ഓഫ് സിക്‌സ് കാർബൺ ഫൈബർ പതിപ്പാണ് ഈ വാഹനം. കാർബൺ ഫൈബറിലാണ് ബോഡിയുടെ സിംഹഭാഗവും ഒരുങ്ങിയിരിക്കുന്നത്. 1250 ബിഎച്ച്പി വരെ കരുത്ത് ഉത്പാദിപ്പിക്കുന്ന വി12 എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.
ഈ പറഞ്ഞ വാഹനങ്ങളെല്ലാം ദുബായിലെ ശേഖരത്തിലുള്ളവയാണ്. ഇവയ്ക്ക് പുറമെ, ലംബോർഗിനി അവന്റഡോർ, മക്‌ലാരൻ 720 എസ്, ഫെരാരി 458, കൊയിനെക്‌സെഗ് അഗേര ആർ തുടങ്ങിയ വാഹനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലും റോൾസ് റോയിസ് വാഹനങ്ങൾക്ക് പുറമെ, മെഴ്‌സിഡീസ് എസ് ക്ലാസ്, മെയ്ബ, ബിഎംഡബ്ല്യു, ഔഡി, റേഞ്ച് റോവർ ഫോർഡ് ലിമോസിൻ എന്നിങ്ങനെ നീളുന്ന വാഹന ശേഖരവും സ്വന്തമായുണ്ടായിരുന്നു.
Content Highlights: Explore CJ Roy`s extraordinary car collection, featuring iconic vehicles like the Bugatti Veyron, Rolls-Royce, Lamborghini, and more. Discover his passion for automobiles.
Published: 31 Jan 2026, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented