ഇന്ത്യന്‍ നിരത്തുകളില്‍ ഘട്ടംഘട്ടമായി സാന്നിധ്യം ഉയര്‍ത്തിയാണ് സിട്രോണിന്റെ യാത്ര. സി5 എയര്‍ക്രോസ് എന്ന പ്രീമിയം എസ്‌യുവില്‍ ആരംഭിച്ച യാത്ര ഇപ്പോള്‍ ബസാള്‍ട്ട് എന്ന കൂപ്പെ എസ്‌യുവില്‍ എത്തിനില്‍ക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന കൂപ്പെ മോഡല്‍ എന്ന ഖ്യാതിയില്‍ ശ്രദ്ധ നേടിയ ഈ വാഹനത്തിന്റെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് സിട്രോണ്‍. ഇതിനുപുറമെ, സി3, സി3 എയര്‍ക്രോസ് മോഡലുകളുടെയും ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കിയിട്ടുണ്ട്.
സിട്രോണ്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിക്ക് ബസാള്‍ട്ട് ഡാര്‍ക്ക് എഡിഷന്റെ ആദ്യ യൂണിറ്റ് സമ്മാനിച്ചാണ് ഈ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ധോണി, സിട്രോണുമായി സഹകരിക്കാന്‍ സാന്നദ്ധത അറിയിച്ചതിന് പിന്നാലെ തന്നെ സി3 എയര്‍ക്രോസിന്റെ ധോണി എഡിഷന്‍ 7 എന്ന മോഡല്‍ സിട്രോണ്‍ പുറത്തിറക്കിയിരുന്നു. റെഗുലര്‍ മോഡലില്‍ നിന്ന് ഏഴ് അടിസ്ഥാനമാക്കിയുള്ള ഡിസൈനുകള്‍ നല്‍കിയായിരുന്നു ഈ വാഹനം ഒരുക്കിയിരുന്നത്.
ഡാര്‍ക്ക് എഡിഷനിലേക്ക് വന്നാല്‍ സിംഗിള്‍ വേരിയന്റില്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ബസാള്‍ട്ട് ഡാര്‍ക്ക് എഡിഷന്‍ ഒരുങ്ങിയിട്ടുള്ളത്. യഥാക്രമം മാനുവല്‍ പതിപ്പിന് 12.80 ലക്ഷവും ഓട്ടോമാറ്റിക്കിന് 14.10 ലക്ഷവുമാണ് എക്‌സ്‌ഷോറൂം വില. എയര്‍ക്രോസ് ഡാര്‍ക്ക് എഡിഷന്‍ മാനുവലിന് 13.13 ലക്ഷവും ഓട്ടോമാറ്റിക്കിന് 14.27 ലക്ഷവുമാണ് വില. സി3 ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് 8.38 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.
പെര്‍ള നേര ബ്ലാക്ക് നിറം നല്‍കിയാണ് ഡാര്‍ക്ക് എഡിഷന്‍ മോഡലുകള്‍ ഒരുക്കിയിരിക്കുന്നത്. ഡിസൈന്‍ അതാത് പതിപ്പുകളുടെ റെഗുലര്‍ മോഡലിന് സമാനമായി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഡാര്‍ക്ക് ക്രോം ഗ്രില്ല്, എല്‍ഇഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്‌ലാമ്പും ഡിആര്‍എല്ലും അലോയി വീല്‍, റെഡ് ഇന്‍സേര്‍ട്ടുകള്‍ സൈഡ് ബോഡി മോള്‍ഡിങ്ങില്‍ നല്‍കിയിട്ടുള്ള ഗ്ലോസി ബ്ലാക്ക് നിറം തുടങ്ങിയവയാണ് റെഗുലര്‍ പതിപ്പില്‍ നിന്ന് ഡാര്‍ക്ക് എഡിഷന്‍ മോഡലിനെ വ്യത്യസ്തമാക്കുന്നത്.
പൂര്‍ണമായും കറുപ്പണിഞ്ഞാണ് ഈ വാഹനങ്ങളുടെ അകത്തളവും ഒരുങ്ങിയിരിക്കുന്നത്. മെട്രോപൊളിറ്റന്‍ ബ്ലാക്ക് ലെതര്‍ സീറ്റുകളാണ് ഇതിലുള്ളത്. ഇന്‍സ്ട്രുമെന്റ് പാനല്‍ പോലും ഈ ലെതര്‍ ഉപയോഗിച്ചാണ് ആവരണം ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ ഇന്റീരിയറിന് സ്‌പോര്‍ട്ടി ഭാവം നല്‍ക്കുന്നതിനായി കാര്‍ബണ്‍ ബ്ലാക്ക് നിറത്തില്‍ ലാവ റെഡ് ഇന്‍സേര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. ഉപയോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനും നിര്‍മാതാക്കള്‍ ഒരുക്കുന്നുണ്ട്.
ഡിസൈനിലും ഫീച്ചറുകളിലും കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കലായി റെഗുലര്‍ മോഡലിനെ പിന്തുടര്‍ന്നാണ് മൂന്ന് ഡാര്‍ക്ക് എഡിഷനുകളും എത്തിയിരിക്കുന്നത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനങ്ങളില്‍ കരുത്തേകുന്നത്. ഇത് 110 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മൂന്ന് മോഡലുകളും 18.5 മുതല്‍ 19.5 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ഉറപ്പാക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.
Content Highlights: Citroen launches Dark Editions of C3, C3 Aircross, & C5 with sporty designs, black interiors
Published: 10 Apr 2025, 03:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented