ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ നിരത്തുകള്‍ക്ക് സമ്മാനിച്ച വാഹനമാണ് ബസാള്‍ട്ട്. ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന കൂപ്പെ എസ്.യു.വി. എന്നതായിരുന്നു ഈ വാഹനത്തിന്റെ ഐഡന്റിറ്റിയെങ്കില്‍ ഇനിയങ്ങോട്ട് ഉയര്‍ന്ന സുരക്ഷയും ഈ വാഹനത്തിന്റെ മേല്‍വിലാസമാണ്. ഇന്ത്യയുടെ സ്വന്തം ഇടിപരീക്ഷയായ ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയാണ് ഈ വാഹനം കരുത്ത് തെളിയിച്ചിരിക്കുന്നത്. 

To advertise here,

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഫോര്‍സ്റ്റാര്‍ റേറ്റിങ്ങ് സുരക്ഷയാണ് ഈ വാഹനം ഉറപ്പാക്കുന്നതെന്നാണ് ക്രാഷ് ടെസ്റ്റില്‍ തെളിയിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ 32-ല്‍ 26.19 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 35.90 പോയിന്റും നേടിയാണ് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് ഉറപ്പാക്കിയത്. നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിന്‍ പതിപ്പില്‍ യു,പ്ലസ് എന്നീ വേരിയന്റും ടര്‍ബോ എന്‍ജിനില്‍ മോഡലില്‍ പ്ലസ്, മാക്‌സ് വേരിയന്റുകളുമാണ് ഇടിപരീക്ഷയ്ക്ക് ഇറങ്ങിയത്. 

ടാറ്റയുടെ വാഹനങ്ങള്‍ക്ക് പുറമെ, ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത വാഹനമാണ് ബസാള്‍ട്ട്. ടാറ്റ ഹാരിയര്‍, സഫാരി, പഞ്ച് തുടങ്ങിയ മോഡലുകളാണ് മുമ്പ് ഇറങ്ങിയിരിക്കുന്നത്. ഈ മോഡലുകള്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങും സ്വന്തമാക്കിയിരുന്നു. വശങ്ങളില്‍ നിന്നുള്ള ആഘാതത്തെ പ്രതിരോധിക്കുന്ന കരുത്തേറിയ വശങ്ങളാണ് ഈ വാഹനത്തിനുള്ളത്. മുന്നില്‍ നിന്നുള്ള ആഘാതത്തിലും മികച്ച സുരക്ഷ ഉറപ്പാക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ടെന്നാണ് ക്രാഷ് ടെസ്റ്റ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സിട്രോണ്‍ ബസാള്‍ട്ട് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 1.2 നാച്വറലി ആസ്പിരേറ്റഡ്, 1.2 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നത്. രണ്ട് വേരിയന്റുകളാണ് എന്‍.എ.എന്‍ജിനില്‍ എത്തുന്നത്. യു, പ്ലസ് എന്നീ വേരിയന്റുകള്‍ക്ക് യഥാക്രമം 7.99 ലക്ഷവും 9.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ടര്‍ബോ പെട്രോള്‍ മോഡലുകളുടെ ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 12.79, 13.62 ലക്ഷം രൂപയും മാനുവല്‍ മോഡലുകള്‍ക്ക് 11.49, 12.28 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ്, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുകളാണ് ഇതിലുള്ളത്. എന്‍ജിന്‍ 82 ബി.എച്ച്.പി. പവറും 115 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ടര്‍ബോ എന്‍ജിന്‍ 110 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. ടര്‍ബോ എന്‍ജിനൊപ്പം മാനുവല്‍ ഗിയര്‍ബോക്‌സ് 190 എന്‍.എം. ടോര്‍ക്കും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 205 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എന്‍.എം. എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് നല്‍കുന്നത്.