ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ഇവി നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയ വാഹനമാണ് കൂപ്പെ എസ്‌യുവി മോഡലായ കര്‍വ് ഇവി. 2024-ന്റെ പകുതിയോടെ വിപണിയില്‍ എത്തിയ ഈ ഇലക്ട്രിക് മോഡലിന്റെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍. ഒറ്റ വേരിയന്റില്‍ മാത്രം പുറത്തിറങ്ങുന്ന കര്‍വ് ഡാര്‍ക്ക് എഡിഷന് 22.24 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതായത് റെഗുലര്‍ കര്‍വ് ഇവിയെക്കാള്‍ 25000 രൂപയാണ് ഈ വാഹനത്തിന് കൂടുതല്‍.
എഡിഷന്‍ നെയിം സൂചിപ്പിക്കുന്നത് പോലെ തന്നെ അടിമുടി കറുപ്പ് നിറം നല്‍കിയാണ് കര്‍വ് ഇവിയുടെ ഡാര്‍ക്ക് എഡിഷന്‍ എത്തിയിരിക്കുന്നത്. റെഗുലര്‍ മോഡലില്‍ നല്‍കിയിരുന്ന ക്രോമിയം ഇന്‍സേര്‍ട്ടുകളെല്ലാം കറുപ്പണിഞ്ഞിട്ടുണ്ട്. ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, പൊസിഷന്‍ ലൈറ്റ്, അലോയി വീലില്‍ നല്‍കിയിട്ടുള്ള സില്‍വര്‍ റിങ്, ടെയ്ല്‍ലൈറ്റ് എന്നിവ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയെല്ലാം കറുപ്പ് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഫെന്‍ഡറില്‍ നല്‍കിയിട്ടുള്ള ഡാര്‍ക്ക് ബാഡ്ജിങ്ങാണ് റെഗുലര്‍ മോഡലില്‍ നിന്ന് അധികമായി നല്‍കിയിരിക്കുന്നത്.
കറുപ്പാണ് അകത്തളത്തിന്റെ ആകെ ഭാവം. എന്നാല്‍, സൂക്ഷിച്ചുനോക്കിയാല്‍ ഡാഷ്‌ബോര്‍ഡിന്റെ താഴെ ഭാഗത്തായി ലൈറ്റ് ഗ്രേ നിറത്തിലുള്ള ലൈനുകള്‍ കാണാന്‍ സാധിക്കും. ഇന്നര്‍ ഡോര്‍ ഹാന്‍ഡില്‍, സെന്റര്‍ കണ്‍സോള്‍, സ്റ്റിയറിങ് വീല്‍, ഡോര്‍ പാഡ് എന്നിവിടങ്ങളില്‍ കറുപ്പില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന നിറത്തിലെ അലങ്കാരങ്ങള്‍ കാണാം. വാഹനത്തിലുടനീളം ഇളംപച്ച നിറത്തിലുള്ള അംബിയന്‍സ് ലൈറ്റാണ് നല്‍കിയിരിക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് തുടങ്ങിയവയെല്ലാം റെഗുലര്‍ കര്‍വ് ഇവിയില്‍ നിന്ന് കടംകൊണ്ടവയാണ്.
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ക്രിയേറ്റീവ്, അക്കംബ്ലിഷ്ഡ്, അക്കംബ്ലിഷ്ഡ് പ്ലസ് എസ്, എംപവേര്‍ഡ് പ്ലസ്, എംപവേര്‍ഡ് പ്ലസ് എ എന്നീ വേരിയന്റുകളിലാണ് റെഗുലര്‍ കര്‍വ് ഇവി എത്തുന്നത്. എന്നാല്‍, എംപവേര്‍ഡ് പ്ലസ് എന്ന ഒറ്റ വേരിയന്റില്‍ മാത്രമാണ് ഡാര്‍ക്ക് എഡിഷന്‍ കര്‍വ് ഇവി എത്തുന്നത്. കര്‍വ് ഇ.വി. 45 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന് 17.49 ലക്ഷം രൂപ മുതല്‍ 19.29 ലക്ഷം രൂപ വരെയും 55 കിലോവാട്ട് ഓപ്ഷന് 19.25 ലക്ഷം രൂപ മുതല്‍ 21.99 ലക്ഷം രൂപ വരെയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ഈ വാഹനം എത്തുന്നുണ്ടെങ്കിലും ലോങ് റേഞ്ച് പതിപ്പില്‍ നല്‍കിയിട്ടുള്ള 55 കിലോവാട്ട് ബാറ്ററി പാക്കിലാണ് കര്‍വ് ഇവി ഡാര്‍ക്ക് എഡിഷന്‍ എത്തുന്നത്. 585 കിലോമീറ്ററാണ് ടെസ്റ്റിങ് ഏജന്‍സികള്‍ ഈ വാഹനത്തിന് പറയുന്ന റേഞ്ച് എങ്കിലും സി75 ടെസ്റ്റ് അനുസരിച്ച് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 425 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നാണ് ടാറ്റ മോട്ടോഴ്‌സ് പറയുന്നത്. 167 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് നല്‍കുന്നത്. 8.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ കര്‍വിനാകും.
45 കിലോവാട്ടാണ് കര്‍വിലെ മറ്റൊരു ബാറ്ററി പാക്കിന്റെ ശേഷി. 150 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് 45 കിലോവാട്ട് ബാറ്ററി പാക്കുള്ള മോഡലിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 502 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് എം.ഐ.ഡി.സി. ഉറപ്പാക്കിയിട്ടുള്ള റേഞ്ച്. എന്നാല്‍, ടാറ്റ മോട്ടോഴ്സിന്റെ സി75 ടെസ്റ്റ് അനുസരിച്ച് ഈ വാഹനത്തിന് 350 കിലോമീറ്റര്‍ റേഞ്ച് ഉറപ്പിക്കാമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഒമ്പത് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ മോഡലിനാകും.
Content Highlights: Tata Motors launches the Dark Edition of its Curv EV coupe SUV-Features all-black design
Published: 15 Apr 2025, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented