ഇന്ത്യയിലെ എല്ലാ നിരത്തുകളിലും പാലിക്കേണ്ട വേഗപരിധികളുണ്ട്. എന്നാല്‍, റേസിങ്ങ് ട്രാക്കുകളുടെ അഭാവം കൊണ്ടായിരിക്കാം മിക്ക ഡ്രൈവര്‍മാരും നിരത്തുകള്‍ ട്രാക്കാക്കി മാറ്റാറുണ്ട്. ഇത്തരത്തില്‍ റോഡ് റേസിങ്ങ് ട്രാക്കാക്കി മാറ്റിയ രണ്ട് സൂപ്പര്‍ കാറുകള്‍ ഹൈദരാബാദ് പോലീസ് പിടിച്ചെടുത്തു. 

To advertise here,

ലംബോര്‍ഗിനി ഹുറാകാന്‍, ഔഡി ആര്‍8 എന്നീ കാറുകളാണ് പിവിഎന്‍ആര്‍ എക്‌സ്പ്രസ് ഹൈവേയില്‍ നിന്ന് രാജേന്ദ്ര നഗര്‍ പോലീസ് പിടിച്ചെടുത്തത്. നിരത്തില്‍ മത്സരയോട്ടം നടത്തുന്നെന്ന യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഷംഷബാദില്‍ നിന്നും മെഹ്ദിപട്ടണത്തിലേക്കുള്ള യാത്രയിലാണ് ഇരുവാഹനങ്ങളും മത്സരയോട്ടം നടത്തിയത്. ലംബോര്‍ഗിനി ഹുറാകാന്‍ ഓടിച്ചിരുന്ന പ്രതീകിനെതിരേയും ഔഡി ആര്‍8 ഒടിച്ചിരുന്ന ചേതനെതിരേയും അമിതവേഗത്തിനും അശ്രദ്ധമായ ഡ്രൈവിങ്ങിനും പോലീസ് നടപടി സ്വീകരിച്ചു. 

രണ്ട് ആഡംബര വാഹനങ്ങളുടെ അമിതവേഗത്തെ കുറിച്ച് രാജേന്ദ്ര നഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഒന്നിലധികം പരാതികള്‍ വന്നതോടെയാണ് പോലീസ് ഇവരെ പിടികൂടാനിറങ്ങിയത്. പോലീസ് ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. ഒടുവില്‍ ഹെദരാബാദ് ഹൈവേ പോലീസിന്റെ സഹായത്തോടെയാണ് ഈ വാഹനങ്ങള്‍ പിടിച്ചെടുത്തത്. 

വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം ഇരുകാറുകളുടെയും രേഖകള്‍ വാങ്ങുകയും വാഹനം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എത്ര വേഗത്തിലാണ് ഇവര്‍ ഡ്രൈവ് ചെയ്തിരുന്നതെന്ന വിവരം പോലീസ് വെളിപ്പെടുത്തിയില്ല. വളരെ പെട്ടെന്ന് ഉയര്‍ന്ന വേഗത കൈവരിക്കാന്‍ സാധിക്കുന്നവയാണ് പിടിയിലായ രണ്ട് കാറുകളും.

Source: Cartoq

Content Highlights: Car Race In Public Road; Police Seized Lamborghini Huracan and Audi R8