ഇലക്ട്രിക് കാറുകള്‍ എന്നാല്‍ കേവലം യാത്രാവാഹനം മാത്രമല്ലെന്ന് തെളിയിക്കുന്ന ഒരു ഫീച്ചറാണ് ഇതില്‍ നല്‍കിയിട്ടുള്ള വെഹിക്കിള്‍ ടു ലോഡ് ഫീച്ചര്‍ (വി2എല്‍). നിന്നുള്ള വൈദ്യുതി ഉപയോഗിച്ച്‌ ടിവി, ഫാന്‍, കെറ്റില്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കുന്നത് വാഹന നിര്‍മാതാക്കളുടെ ഡെമോകളില്‍ കണ്ടിട്ടുള്ളതാണ്. എന്നാല്‍, ഒരുപടി കൂടി കടന്ന് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

To advertise here,

ടാറ്റ മോട്ടോഴ്‌സ് വിപണിയില്‍ എത്തിച്ചിട്ടുള്ള കര്‍വ് ഇവി മോഡലില്‍ നിന്നുളള വൈദ്യുതി ഉപയോഗിച്ച്‌ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. വി2എല്‍ സംവിധാനത്തിലൂടെ വാഹനത്തില്‍ നിന്ന് വൈദ്യുതി എടുത്ത് ഒരു എച്ച്പി പമ്പ് പ്രവര്‍ത്തിപ്പിച്ച് നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന ഒരു സ്ഥലത്തെ ചെറിയ ടാങ്കിലേക്ക് വെള്ളം സംഭരിക്കുന്നതാണ് വീഡിയോയിലുള്ളത്. വി2എല്‍ ചാര്‍ജിങ് അഡാപ്റ്റര്‍ ഘടിപ്പിച്ച് ഇത് ഒരു പമ്പ് സെറ്റുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം.

ആളുകള്‍ ഇപ്പോഴും വൈദ്യുതി വാഹനത്തിന്റെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞിട്ടില്ല. വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ലാത്ത ഫാം പോലെയുള്ള സ്ഥലങ്ങളില്‍ ഇത്തരം ഇലക്ട്രിക് വാഹനങ്ങള്‍ വലിയ സഹായമാണ്. മൂന്ന് കിലോവാട്ട് ലോഡ് വരെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ജനറേറ്റര്‍ കൂടിയാണ് വി2എല്‍ സംവിധാനമുള്ള ഇലക്ട്രിക് വാഹനം. നിര്‍മാണ ആവശ്യങ്ങള്‍ക്കായി ഒരു എച്ച്പി ശേഷിയുള്ള മോട്ടോര്‍ ഉപയോഗിച്ച് വെള്ളം എടുക്കുന്നുവെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

കാറില്‍ നല്‍കിയിട്ടുള്ള ബാറ്ററിയില്‍ നിന്ന് വൈദ്യുതി എടുത്ത് ലാപ്പ്‌ടോപ്, ലൈറ്റുകള്‍, കെറ്റില്‍ തുടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് വി2എല്‍. ഈ സംവിധാനത്തില്‍ വാഹനം ഒരു ജനറേറ്ററായി പ്രവര്‍ത്തിക്കുന്നുവെന്ന് വിശേഷിപ്പിക്കാം. ടാറ്റ കര്‍വ് ഇവി, ഹാരിയര്‍ ഇവി, കിയ ഇവി6, കാരന്‍സ് ക്ലാവിസ് ഇവി, ഹ്യുണ്ടായി അയോണിക്-5, ക്രെറ്റ ഇലക്ട്രിക്, എംജി വിന്‍ഡ്‌സര്‍ ഇവി തുടങ്ങി ഭൂരിഭാഗം ഇലക്ട്രിക് വാഹനങ്ങളിലും ഈ ഫീച്ചര്‍ നല്‍കുന്നുണ്ട്.

ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുടെ കൂപ്പെ മോഡലാണ് കര്‍വ് ഇവി. 45 കിലോവാട്ട്, 55 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നത്. 150 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് 45 കിലോവാട്ട് മോഡലിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 502 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് എം.ഐ.ഡി.സി. ഉറപ്പാക്കിയിട്ടുള്ള റേഞ്ച്. എന്നാല്‍, സി75 ടെസ്റ്റ് അനുസരിച്ച് ഈ വാഹനത്തിന് 350 കിലോമീറ്റര്‍ റേഞ്ച് ഉറപ്പിക്കാമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ലോങ് റേഞ്ച് മോഡലായ 55 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷനില്‍ 167 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് നല്‍കുന്നത്. 585 കിലോമീറ്ററാണ് ടെസ്റ്റിങ് ഏജന്‍സികള്‍ ഈ വാഹനത്തിന് പറയുന്ന റേഞ്ച് എങ്കിലും സി75 ടെസ്റ്റ് അനുസരിച്ച് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 425 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് ഉറപ്പുനല്‍കിയിട്ടുള്ളത്. 8.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതും ഈ വാഹനത്തിന്റെ സവിശേഷതയാണ്‌.