പല കാർ നിർമാതാക്കളും ചെറിയ ഡീസൽ എൻജിനുകൾ നിർത്തലാക്കിയതോടെ, ബജറ്റ് കാർ വാങ്ങുന്നവർക്ക് സിഎൻജി ഇഷ്ട ഇന്ധനമായി മാറിക്കൊണ്ടിരിക്കുകയാണ്. പെട്രോൾ കാറുകളേക്കാൾ സിഎൻജി കാറുകൾക്ക് വില കൂടുതലാണെങ്കിലും കുറഞ്ഞ പ്രവർത്തനച്ചെലവ് കാരണം അവയ്ക്ക് പ്രിയമേറിയിട്ടുണ്ട്. ഇത് നഗരങ്ങളിലെ ദൈനംദിന ഉപയോഗത്തിന് അവയെ അനുയോജ്യമാക്കുന്നു. ഇന്ത്യയിൽ നിലവിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കൂടുതൽ മൈലേജുള്ള (കമ്പനികൾ അവകാശപ്പെടുന്ന കണക്കുകൾ) 10 സിഎൻജി കാറുകളുടെ ഒരു ലിസ്റ്റ് താഴെ നൽകുന്നു.
കുറഞ്ഞ മൈലേജിൽനിന്ന് കൂടിയതിലേക്ക് എന്ന ക്രമത്തിൽ
ടാറ്റ പഞ്ച്
ഡ്യുവൽ-സിലിണ്ടർ സിഎൻജി പവർട്രെയിനോടുകൂടി ഏഴ് ട്രിം ലെവലുകളിൽ ഈ കോംപാക്റ്റ് എസ്‌യുവി ലഭ്യമാണ്. 1.2 ലിറ്റർ 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ-സിഎൻജി എൻജിനാണ് പഞ്ച് സിഎൻജിക്ക് കരുത്തേകുന്നത്. ഇത് 26.99km/kg മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന് 5-സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമേയുള്ളൂ. ടിയാഗോ, ടിഗോർ എന്നിവയുടെ സിഎൻജി പതിപ്പുകളിൽ ലഭിക്കുന്ന 5-സ്പീഡ് എഎംടി ഓപ്ഷൻ ഇതിലില്ല. 7.30 ലക്ഷം രൂപ മുതൽ 10.17 ലക്ഷം രൂപ വരെയാണ് വില.
ഹ്യുണ്ടായ് എക്സ്റ്റർ
10 വേരിയന്റുകളിലായി ഡ്യുവൽ-സിലിണ്ടർ, സിംഗിൾ-സിലിണ്ടർ പതിപ്പുകളിൽ എക്സ്റ്റർ ലഭ്യമാണ്. ഈ രണ്ട് ഓപ്ഷനുകളിലും 1.2 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എൻജിനാണുള്ളത്. ഇത് 27.10km/kg ഇന്ധനക്ഷമത നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. എക്സ്റ്റർ സിഎൻജിയിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമേ ലഭ്യമാകൂ. 7.51 ലക്ഷം രൂപ മുതൽ 9.53 ലക്ഷം രൂപ വരെയാണ് വില.
മാരുതി സുസുക്കി ഫ്രോങ്ക്സ്, ടൊയോട്ട ടൈസർ
ഫ്രോങ്ക്സും അർബൻ ക്രൂയിസർ ടൈസറും റീ ബാഡ്ജ് ചെയ്ത ഒരേ മോഡലുകളാണ്. ഇവ രണ്ടിനും 1.2 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എൻജിനോടൊപ്പം സിഎൻജി കിറ്റ് ലഭിക്കുന്നു. 28.51km/kg മൈലേജ് നൽകുമെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്.
5-സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് ഇതിലുള്ളത്. 8.54 ലക്ഷം രൂപ മുതൽ 9.40 ലക്ഷം രൂപ വരെയാണ് (ഡെൽറ്റ, സിഗ്മ ട്രിമ്മുകൾ) വില. അതേസമയം ടൈസർ സിഎൻജി E വേരിയന്റിൽ മാത്രമേ ലഭ്യക്കൂ. ഇതിന് 8.87 ലക്ഷം രൂപയാണ് വില.
മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ
റീ ബാഡ്ജിങ് മോഡലുകളായ ബലേനോ, ഗ്ലാൻസ എന്നിവയുടെ സിഎൻജി വേരിയന്റുകളാണ് ഈ ലിസ്റ്റിൽ 30km/kg എന്ന മൈലേജ് മറികടക്കുന്ന ആദ്യ കാറുകൾ. ഈ രണ്ട് ഹാച്ച്ബാക്കുകൾക്കും ഫ്രോങ്ക്സിനും ടൈസറിനും സമാനമായ 1.2 ലിറ്റർ 4-സിലിണ്ടർ പെട്രോൾ-സിഎൻജി പവർട്രെയിനും 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമാണുള്ളത്, എന്നാൽ ഇവയ്ക്ക് 30.61km/kg എന്ന ഉയർന്ന മൈലേജ് കമ്പനി അവകാശപ്പെടുന്നു.
ബലേനോ സിഎൻജിയുടെ വില 8.48 ലക്ഷം രൂപയിൽ തുടങ്ങി 9.41 ലക്ഷം രൂപ വരെയാണ് (ഡെൽറ്റ, സീറ്റ ട്രിമ്മുകൾ). ഗ്ലാൻസ സിഎൻജിയുടെ വില 8.81 ലക്ഷത്തിനും 9.80 ലക്ഷത്തിനും ഇടയിലാണ് (എസ്, ജി ട്രിമ്മുകൾ).
മാരുതി സുസുക്കി എസ്-പ്രെസ്സോ
LXi (O), VXi (O) ട്രിമ്മുകളിൽ ലഭ്യമായ എസ്-പ്രെസ്സോ സിഎൻജിക്ക് 1.0 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എൻജിനാണുള്ളത്. ഇത് 32.73km/kg ഇന്ധനക്ഷമത നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമേയുള്ളൂ. 5.92 ലക്ഷത്തിനും 6.12 ലക്ഷത്തിനും ഇടയിലാണ് വില.
മാരുതി സുസുക്കി സ്വിഫ്റ്റ്
VXi, VXi (O), ZXi ട്രിമ്മുകളിൽ വാഹനം ലഭ്യമാണ്. പുതിയ 1.2 ലിറ്റർ 3-സിലിണ്ടർ 'Z12' പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. ഇത് 32.85km/kg ഇന്ധനക്ഷമത നൽകുന്നു. കൂടാതെ 5-സ്പീഡ് മാനുവൽ ഗിയർബോക്സും ഇതിലുണ്ട്. 8.20 ലക്ഷം രൂപയിൽ തുടങ്ങി 9.20 ലക്ഷം രൂപ വരെയാണ് സ്വിഫ്റ്റ് സിഎൻജിയുടെ വില.
മാരുതി സുസുക്കി ഡിസയർ
ഈ ലിസ്റ്റിലെ ഏക സെഡാൻ ഡിസയറാണ്. ഇതിന് സ്വിഫ്റ്റിന്റെ 1.2 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എൻജിനും 5-സ്പീഡ് മാനുവൽ ഗിയർബോക്സുമാണുള്ളത്. 33.73km/kg മൈലേജ് അവകാശപ്പെടുന്ന ഡിസയർ സിഎൻജി, സ്വിഫ്റ്റ് സിഎൻജിയേക്കാൾ അല്പം വലുതാണെങ്കിലും കൂടുതൽ ഇന്ധനക്ഷമതയുള്ളതാണ്. 8.79 ലക്ഷം രൂപയിൽ തുടങ്ങി 9.89 ലക്ഷം രൂപ വരെയാണ് പുതിയ തലമുറ ഡിസയർ സിഎൻജിയുടെ വില (VXi, ZXi ട്രിമ്മുകൾ).
മാരുതി സുസുക്കി ആൾട്ടോ കെ10
ആൾട്ടോ കെ10 സിഎൻജിക്ക് എസ്-പ്രെസ്സോ സിഎൻജിയിലേതിന് സമാനമായ 1.0 ലിറ്റർ പെട്രോൾ എൻജിനും 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമാണുള്ളത്. എന്നാൽ ഇതിന് 33.85km/kg എന്ന ഉയർന്ന മൈലേജ് കമ്പനി അവകാശപ്പെടുന്നു. ആൾട്ടോ കെ10 സിഎൻജിയുടെ LXi (O), VXi (O) ട്രിമ്മുകൾക്ക് 5.90 ലക്ഷത്തിനും 6.21 ലക്ഷത്തിനും ഇടയിലാണ് വില.
മാരുതി സുസുക്കി വാഗൺ ആർ
34.05km/kg മൈലേജ് അവകാശപ്പെടുന്ന വാഗൺ ആർ ഹാച്ച്ബാക്ക്, ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള സിഎൻജി കാറുകളിലൊന്നാണ്. 1.0 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എൻജിനും 5-സ്പീഡ് മാനുവൽ ഗിയർബോക്സുമാണുള്ളത്. LXi, VXi ട്രിമ്മുകളിൽ ലഭ്യമായ വാഗൺ ആർ സിഎൻജിയുടെ വില 6.69 ലക്ഷം രൂപയിൽ തുടങ്ങി 7.13 ലക്ഷം രൂപ വരെയാണ്.
മാരുതി സുസുക്കി സെലേറിയോ
സിഎൻജി ഇന്ധനക്ഷമതയിൽ ഒന്നാമൻ സെലേറിയോ ഹാച്ച്ബാക്കാണ്. ഇതിന് മുൻപത്തെ രണ്ട് കാറുകളിലുള്ള അതേ 1.0 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എൻജിൻ തന്നെയാണ് ഇതിലും ഉപയോഗിക്കുന്നത്. എന്നാൽ 34.43km/kg എന്ന വളരെ ഉയർന്ന മൈലേജ് ഇത് നൽകുന്നു. ആൾട്ടോ കെ10, എസ്-പ്രെസ്സോ എന്നിവയേക്കാൾ വലുതാണെങ്കിലും സെലേറിയോയുടെ സിഎൻജി പതിപ്പ് കൂടുതൽ ഇന്ധനക്ഷമതയുള്ളതാണ്. സെലേറിയോ സിഎൻജിയുടെ ഏക VXi വേരിയന്റിന് 6.90 ലക്ഷം രൂപയാണ് വില.
Content Highlights: Discover the top 10 most fuel-efficient CNG cars available in India, ranked by mileage. Find the per
Published: 21 Aug 2025, 12:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented