ലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ ചുവടുറപ്പിച്ച് തുടങ്ങിയതിന് പിന്നാലെ പല വാഹന നിര്‍മാതാക്കളും പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റവും പ്രഖ്യാപിച്ചിരുന്നു. വോള്‍വോ, റേഞ്ച് റോവര്‍, ഔഡി തുടങ്ങിയ ആഡംബര വാഹന നിര്‍മാതാക്കള്‍ ഐസ് എന്‍ജിനെ പൂര്‍ണമായും കൈയൊഴിഞ്ഞ ഇലക്ട്രിക്കിലേക്കുള്ള ചുവടുമാറ്റം പ്രഖ്യാപിച്ച കമ്പനികളില്‍ ചിലതാണ്. എന്നാല്‍, ചാടിക്കേറിയെടുത്ത ഈ തീരുമാനം പുനഃപരിശോധിക്കാനുള്ള നീക്കങ്ങളിലാണ് പല കമ്പനികളും. 

To advertise here,

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്റേണല്‍ കംബസ്റ്റ്യന്‍ എന്‍ജിന്‍ (ഐസ്) വാഹനങ്ങളുടെ നിര്‍മാണവും വില്‍പ്പനയും അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി പിന്മാറിയെന്നാണ് വിവരം. 2026-ഓടെ ഐസ് വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിക്കാന്‍ ആയിരുന്നു ആദ്യ നീക്കം. പിന്നീട് ഇത് 2033-ലേക്ക് മാറ്റുകയായിരുന്നു. പുതിയ തീരുമാനം അനുസരിച്ച് ഐസ് എന്‍ജിന്‍ വാഹനങ്ങളെ നിലനിര്‍ത്തി മുന്നോട്ട് പോകാനാണ് ഒരുങ്ങുന്നത്. 

ഐസ് എന്‍ജിന്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനുള്ള മുന്‍ മാനേജ്‌മെന്റിന്റെ തീരുമാനം റദ്ദാക്കുകയാണെന്നാണ് ഔഡിയുടെ സിഇഒ ഗെര്‍നോട്ട് ഡോര്‍നര്‍ ഓട്ടോകാര്‍ യുകെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചത്. പ്രതീക്ഷിച്ചതിലും കുറവ് സ്വീകാര്യതയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ലഭിക്കുന്നതെന്നാണ് ഔഡിയുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഐസ് എന്‍ജിന്‍ വാഹനങ്ങളെ ഒഴിവാക്കി മുന്നോട്ട് പോകുക പ്രയാസമാണെന്നും വിലയിരുത്തലുകളുണ്ട്.

2026 വരെയുള്ള ഐസ് എന്‍ജിന്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് സംവിധാനങ്ങള്‍ എന്നിവ ഔഡി വികസിപ്പിച്ചിട്ടുണ്ട്. വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെയും വികസനങ്ങളുടെയും അടിസ്ഥാനത്തില്‍ 10 വര്‍ഷത്തേക്ക് കൂടി ഈ സംവിധാനങ്ങള്‍ തുടരാനുമാണ് ഔഡി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് കമ്പനി മേധാവി അറിയിച്ചിരിക്കുന്നത്. ഈ തീരുമാനത്തിന്റെ ഭാഗമായാണ് ഔഡിയുടെ എ5, ക്യു5, ക്യു3 എന്നീ വാഹനങ്ങളുടെ പുതിയ പതിപ്പുകളില്‍ പെട്രോള്‍, ഡീസല്‍, പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഔഡിയുടെ നിലവിലെ എന്‍ട്രി ലെവല്‍ മോഡലുകളായ ക്യു3, എ3 മോഡലുകള്‍ക്ക് പകരമായി ഈ നിരയിലേക്ക് ക്യു2, എ1 എന്നീ മോഡലുകള്‍ എത്തുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം നിഷേധിച്ചു. അതുപോലെ ഫോക്‌സ്‌വാഗണ്‍ ഐഡി.2, സ്‌കോഡ എപിക് തുടങ്ങിയ ഇലക്ട്രിക് മോഡലുകളുടെ ശ്രേണിയിലേക്ക് എ3-യുടെ വലിപ്പത്തിലുള്ള ഔഡിയുടെ ഇലക്ട്രിക് വാഹനം എത്തുമെന്നുള്ള പ്രചരണങ്ങളും ഗെര്‍നോട്ട് ഡോര്‍നര്‍ തള്ളിക്കളഞ്ഞു.

Source