കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്ത മാധ്യമങ്ങളിലും ഒരുപോലെ ചര്‍ച്ചചെയ്ത ഒരു വീഡിയോയുണ്ട്. ഒരാള്‍ മദ്യലഹരിയില്‍ കാറോടിച്ച് പോകുന്നതാണ് വീഡിയോ. എന്നാല്‍, പോകുന്ന വഴിയിലെല്ലാം അപകടമുണ്ടാക്കി പോകുന്ന കാര്‍, ഒരു സമയം കഴിഞ്ഞതോടെ മുന്നിലെ ഒരു ചക്രം ഊരത്തെറിക്കുകയാണ്. പോലീസും നാട്ടുകാരും ഉള്‍പ്പെടെയുള്ള വന്‍സംഘം പിന്‍തുടര്‍ന്നിട്ടും വാഹനം നിര്‍ത്താന്‍ കുട്ടാക്കാത്ത ഇയാള്‍ ഒടുവില്‍ മറ്റൊരു കാറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. 

To advertise here,

ഇക്കാര്യം ഇപ്പോള്‍ പറയാനുള്ള സാഹചര്യം മറ്റൊരു വീഡിയോ തന്നെയാണ്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര എക്‌സില്‍ പങ്കുവയ്ക്കുകയും വൈറലാകുകയും ചെയ്തതാണ് ഈ വീഡിയോ. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ വളരെ ഈസിയായി പിടിക്കാന്‍ സാധിക്കുന്ന ഒരു സംവിധാനമാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരിക്കുന്ന വീഡിയോയിലുള്ളത്. 

യു.എസിലെ ആരിസോണയില്‍ നിര്‍മിച്ച് പോലീസ് വാഹനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സംവിധാനമാണിത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം പോലീസില്‍ നിന്ന് രക്ഷപ്പെട്ട് പോകുന്ന വാഹനങ്ങളെ പിടിക്കാന്‍ ഉപയോഗിക്കുന്ന നൈലോണ്‍ വലയാണ് ഇത്. ഗ്രാപ്ലര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ നൈലോണ്‍ നെറ്റ് ഇതിനോടകം യു.എസിലെ വിവിധ മേഖലകളിലെ ആയിരത്തില്‍ അധികം വാഹനങ്ങളില്‍ സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പോലീസ് വാഹനത്തിന്റെ മുന്നില്‍ നല്‍കിയിട്ടുള്ള ബമ്പറില്‍ നിന്നും റെയിലിന് സമാനമായ ഡിവൈസ് പുറത്തേക്ക് വരികയും ഇതില്‍ നൈലോണ്‍ വല നല്‍കുകയും ചെയ്തിരിക്കുന്നതാണ് ആദ്യം കാണുന്നത്. പിന്തുടരുന്ന വാഹനത്തിന്റെ സമീപത്ത് എത്തിയ ശേഷം ഈ വല  പിന്നിലെ ടറയില്‍ ചുറ്റുകയാണ്. തുടര്‍ന്ന് ഇത് ടയര്‍ കറങ്ങുന്നത് നിശ്ചലമാക്കുന്നതും വാഹനം നില്‍ക്കുന്നതുമാണ് ഇതിന്റെ പ്രവര്‍ത്തനമായി വീഡിയോയില്‍ കാണുന്നത്. 

ഈ കാണുന്ന ഡിവൈസ് ഇന്ത്യയിലെ ട്രാഫിക് പോലീസിന് വളരെ അത്യാവശ്യമാണെന്ന തലക്കെട്ടോടെയാണ് ആനന്ദ് മഹീന്ദ്ര ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, ആനന്ദ് മഹീന്ദ്രയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി കമന്റുകളാണ് എക്‌സില്‍ വന്നിരിക്കുന്നത്. ആറ് ലക്ഷത്തില്‍ അധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ആയിരകണക്കിന് ആളുകള്‍ വീഡിയോയോട് പ്രതികരിച്ചിട്ടുമുണ്ട്.