നടന്‍, നര്‍ത്തകന്‍, റാപ്പര്‍ തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള യുവനടനാണ് നീരജ് മാധവ്. ആര്‍.ഡി.എക്‌സ്. എന്ന സിനിമയുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് പിന്നാലെ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷത്തിലാണ് നീരജ് മാധവ്. ജര്‍മന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വി. ശ്രേണിയിലെ മികച്ച മോഡലായ എക്‌സ്5 ആണ് നീരജ് മാധവിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. 

To advertise here,

കേരളത്തിലെ മുന്‍നിര ബി.എം.ഡബ്ല്യു. വിതരണക്കാരായ ഇ.വി.എം.ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് അദ്ദേഹം പുതിയ ബി.എം.ഡബ്ല്യു സ്വന്തമാക്കിയത്. പരമ്പരാഗത നിറങ്ങളില്‍ നിന്ന് വ്യത്യസ്തമായി യെല്ലോ നിറത്തില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് നീരജിന്റേത്. പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം അദ്ദേഹം തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. മുമ്പ് ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വി. നിരയിലെ കുഞ്ഞന്‍ മോഡലായ എക്‌സ്1 ആയിരുന്നു അദ്ദേഹത്തിന്റെ വാഹനം. 

ബി.എം.ഡബ്ല്യു എക്‌സ്5 എക്‌സ്‌ഡ്രൈവ് 40ഐ എം സ്‌പോര്‍ട്ട് ആണ് നിരജ് തിരഞ്ഞെടുത്തിട്ടുള്ള വകഭേദമെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 1.06 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ട്. മഞ്ഞ നിരത്തിനൊപ്പം കറുപ്പും ചേര്‍ന്നാണ് ഈ വാഹനം അലങ്കരിച്ചിരിക്കുന്നത്. ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള കിഡ്‌നി ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ബമ്പറിന്റെ വശങ്ങളില്‍ നല്‍കിയിട്ടുള്ള എല്‍ ഷേപ്പ് എയര്‍ ഇന്‍ടേക്ക് എന്നിവയെല്ലാം ഈ വാഹനത്തെ സ്റ്റൈലിഷാക്കുന്നു. 

ആഡംബരം നിറഞ്ഞ അകത്തളമാണ് ഈ വാഹനത്തില്‍ ഒരുങ്ങിയിട്ടുള്ളത്. കര്‍വ് ഡിസ്‌പ്ലേയുള്ള വലിയ സ്‌ക്രീനാണ് ഇതിലുള്ളത്. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 14.9 ഇഞ്ച് വലിപ്പമുള്ള കണ്‍ട്രോള്‍ ഡിസ്‌പ്ലേ, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, ലമ്പാര്‍ സപ്പോള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള സ്‌പോര്‍ട്ട് സീറ്റുകള്‍, എം ലെതര്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങി നിരവധി ആഡംബര സംവിധാനങ്ങള്‍ ഒത്തിണങ്ങിയ അകത്തളമാണ് ഈ വാഹനത്തില്‍ ഒരുങ്ങിയിട്ടുള്ളത്. 

പെട്രോള്‍ എന്‍ജിനാണ് ബി.എം.ഡബ്ല്യു എക്‌സ്‌ഡ്രൈവ് 40ഐ മോഡലുകള്‍ക്ക് കരുത്തേകുന്നത്. 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഇത് 381 എച്ച്.പി. പവറും 520 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് സ്റ്റെപ്പ്‌ട്രോണിക് സ്‌പോര്‍ട്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതിലെ ഗിയര്‍ബോക്‌സ്. ഇന്റലിജെന്റ് ഫോര്‍ വീല്‍ഡ്രൈവ് സംവിധാനവും ഇതിലുണ്ട്. കേവലം 5.4 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയും ഈ വാഹനം കൈവരിക്കും.