സിനിമാതാരം, സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ലുവന്‍സര്‍ തുടങ്ങി പല വിശേഷണങ്ങളുടെ ഉടമയാണ് അഹാന കൃഷ്ണ. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം തന്റെ യാത്രകള്‍ക്ക് കൂട്ടായി ഒരു ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച എസ്യുവി മോഡലുകളില്‍ ഒന്നായ X5 ആണ് അഹാന സ്വന്തമാക്കിയിരിക്കുന്നത്. നാല് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 93.70 ലക്ഷം രൂപ മുതല്‍ 1.05 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില.

To advertise here,

തന്റെ 30-ാം പിറന്നാളിന്റെ ഭാഗമായാണ് അഹാന പുതിയ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വാഹനം സ്വന്തമാക്കിയ സന്തോഷം ചിത്രങ്ങള്‍ക്കൊപ്പം വൈകാരികമായ കുറിപ്പിലൂടെയാണ് താരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 20-കളില്‍ നിന്ന് 30-ലേക്ക് കടക്കുന്നതില്‍ അല്‍പ്പം സങ്കടത്തിലായിരുന്നു. അതുകൊണ്ട് പിറന്നാള്‍ സന്തോഷത്തിനായി ഞാന്‍ എനിക്ക് വേണ്ടി ചെറുതല്ലാത്ത ഒരു സമ്മാനം വാങ്ങി. 30-കളോട് ഹലോ പറയാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്.

എന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാനും ഉയരങ്ങളിലേക്ക് പറക്കാന്‍ ചിറകുകളും നല്‍കിയതിന് അച്ഛനും അമ്മയ്ക്കും നന്ദി എന്ന് അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഞാന്‍ സ്വപ്നത്തില്‍ പോലും കാണാത്ത കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കി തന്ന പ്രപഞ്ചത്തിനും നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ബിഎംഡബ്ല്യു എക്സ് 5 നിരത്തുകളില്‍ എത്തുന്നുണ്ടെങ്കിലും ഏത് പതിപ്പാണ് അഹാന സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ എന്‍ജിനാണ് ഡീസല്‍ മോഡലില്‍ നല്‍കിയിരിക്കുന്നത്. ഇത് 281 ബിഎച്ചപി പവറും 650 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ മോഡലിലും 3.0 ലിറ്റര്‍ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. 375 ബിഎച്ച്പി പവറും 520 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്.