നടന്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങി മലയാള സിനിമയിലെ എല്ലാം മേഖലയിലും കൈവെച്ചിട്ടുള്ള വ്യക്തിയാണ് അനൂപ് മേനോന്‍. വാഹനങ്ങളുടെ സൗന്ദര്യ ആസ്വാദകന്‍ എന്ന് സ്വയം വിശേഷിപ്പിച്ചിട്ടുള്ള അദ്ദേഹം മികച്ച സൗന്ദര്യമുള്ള ഒരു ആഡംബര വാഹനം തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുകയാണ്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ X7 ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. 

To advertise here,

കൊച്ചിയിലെ ബി.എം.ഡബ്ല്യുവിന്റെ വിതരണക്കാരായ ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ കുടുംബ സമേതമെത്തിയാണ് അദ്ദേഹം തന്റെ പുതിയ വാഹനത്തെ വീട്ടിലേക്ക് കൂട്ടിയത്. അനൂപ് മേനോന്‍ ബി.എം.ഡബ്ല്യുവിന്റെ ഭാഗമായതിന്റെ സന്തോഷം ഡീലര്‍ഷിപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വെളിപ്പെടുത്തിയത്. നിങ്ങള്‍ ഇ.വി.എം. ഓട്ടോക്രാഫ്റ്റിന്റെ ഭാഗമായതില്‍ അതിയായ സന്തോഷമെന്ന കുറിപ്പോടെയാണ് വാഹനം കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച X7-ന്റെ മുഖം മിനുക്കിയ പതിപ്പാണ് അനൂപ് മേനോന്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ എത്തിച്ചിട്ടുള്ള ഈ വാഹനത്തിന് 1.22 കോടി രൂപ മുതല്‍ 1.24 കോടി രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. X7 എസ്.യു.വിയുടെ ഉയര്‍ന്ന വകഭേദമായ എക്‌സ് ഡ്രൈവ് 40ഐ എം സ്‌പോര്‍ട്ടാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഈ വാഹനത്തിന്റെ ഓണ്‍റോഡ് വില ഏകദേശം 1.57 കോടിയോളമാണ്.

3.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് X7 വിപണിയില്‍ എത്തുന്നത്. ഇതിലെ പെട്രോള്‍ എന്‍ജിന്‍ മോഡല്‍ 381 ബി.എച്ച്.പി. പവറും 520 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 5.8 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും. 340 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഡീസല്‍ എന്‍ജിന്റെ കരുത്ത്. 5.9 സെക്കന്റില്‍ ഈ വാഹനവും 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 

ഫിയറ്റാണ് താന്‍ ആദ്യമായി സ്വന്തമാക്കിയ വാഹനമെന്ന് മുമ്പ് അനൂപ് മേനോന്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് ഹ്യുണ്ടായി ആക്‌സെന്റ്, ഹോണ്ട സിവിക് തുടങ്ങിയ വാഹനങ്ങള്‍ ഉപയോഗിച്ച ശേഷമാണ് പ്രീമിയം വാഹനങ്ങളിലേക്ക് എത്തുന്നത്. ജഗ്വാര്‍ എക്‌സ്.ജെ, ഔഡി ക്യൂ7, ബി.എം.ഡബ്ല്യു സെവന്‍ സീരീസ് തുടങ്ങിയ ആഡംബര വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിട്ടുള്ളത്. സെവന്‍ സീരീസിലാണ് അദ്ദേഹം എക്‌സ്7 സ്വന്തമാക്കാന്‍ എത്തിയതും.