മുഖചിത്രം കണ്ട് ഒരു പുസ്തകത്തെ വിലയിരുത്തരുത് എന്ന് ഒരു പ്രയോഗമുണ്ട്. അതിന്റെ ഒരു റിയൽ ലൈഫ് വേര്‍ഷനാണ് അടുത്തിടെ ബെംഗളൂരുവില്‍ ഒരു വാഹന ഷോറൂമിൽ ഉണ്ടായത്. തികച്ചും സാധാരണ വസ്ത്രങ്ങള്‍ ധരിച്ച് ഒരു അച്ഛനും മകനും ഷോറൂമിൽ എത്തുന്നു. വാഹനം കാണാനെത്തിയവരാണെന്ന് ഷോറൂം ജീവനക്കാര്‍ ചിന്തിച്ചാല്‍ പോലും തെറ്റുപറയാന്‍ പറ്റാത്ത അത്രയും സിംപിള്‍. പക്ഷേ, അവര്‍ തിരിച്ചുപോയത് ആ ഷോറൂമിലെ ഏറ്റവും വില കൂടിയ വാഹനവുമായിട്ടാണ്. 4.61 കോടി രൂപ വിലയുള്ള ലംബോർഗിനി സ്റ്റെറാറ്റോയുമായി.

To advertise here,

ഒരു സിനിമയിലെ മാസ് സീൻ പോലെ തോന്നിക്കുമെങ്കിലും ഇത് ശരിക്കും നടന്ന സംഭവമാണ്. ബെംഗളൂരുവിലെ ലംബോര്‍ഗിനി ഷോറൂമിലാണ് ഈ നാടകീയ സംഭവം അരങ്ങേറുന്നത്. സാധാരണ വേഷത്തിലാണ് എത്തിയതെങ്കിലും ആ ഷോറൂമിലെ തന്നെ ഏറ്റവും വില കൂടിയ വാഹനങ്ങളിലൊന്നായ ലംബോര്‍ഗിനി സ്റ്റെറാറ്റോയാണ് ഈ അച്ഛനും മകനും സ്വന്തമാക്കിയതെന്നാണ് വിവരം. സാധാരണ നിലയില്‍ അത്യാഢംബര വാഹനങ്ങള്‍ സ്വന്തമാക്കാന്‍ എത്തുന്ന ആളുകള്‍ക്ക് വിരുദ്ധമായി ഏറ്റവും ലളിതമായി എത്തിയതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ അനുസരിച്ച് ബെംഗളൂരു ആസ്ഥാനമായ ഈ കുടുംബത്തിന് അവരുടെ താമസസ്ഥലത്തെത്തിയാണ് ഷോറൂം ജീവനക്കാര്‍ വാഹനം കൈമാറിയതെന്നാണ് വിലയിരുത്തല്‍. കുടുംബത്തിലെ എല്ലാവരും ചേര്‍ന്നാണ് വാഹനത്തിന്റെ താക്കോല്‍ സ്വീകരിച്ചത്. അത്യാഡംബര സ്‌പോര്‍ട്‌സ് കാര്‍ കൈമാറുന്നതിനായി വളരെ ലളിതമായ സ്ഥലമാണ് അവര്‍ തിരഞ്ഞെടുത്തെന്നതും ഇവരുടെ ലാളിത്യത്തിന്റെ അടയാളമാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. 

ലംബോര്‍ഗിനിയുടെ അഭിമാന മോഡലായ ഹുറാകാന്റെ ഓള്‍ ടെറൈന്‍ സ്‌പോര്‍ട്‌സ് കാര്‍ എന്ന മേല്‍വിലാസമാണ് സ്റ്റെറാറ്റോയിക്ക് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്. 2022-ല്‍ വിദേശ നിരത്തുകളില്‍ എത്തിയ ഈ വാഹനം 2023-ന്റെ അവസാനത്തോടെയാണ് ഇന്ത്യയിലേക്ക് എത്തിയത്. ഏത് പ്രതലത്തെയും കീഴടക്കാനുള്ള ശേഷിയുള്ള ഈ വാഹനത്തിന് 4.61 കോടി രൂപയാണ് ഇപ്പോള്‍ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ട്.

ബോണറ്റിന് താഴെയായി രണ്ട് എല്‍ഇഡി ലൈറ്റുകള്‍, ഉയര്‍ന്ന വീല്‍ ആര്‍ച്ച്, റൂഫ് റെയില്‍സ്, റിയര്‍ ലിപ്പ് സ്‌പോയിലര്‍, റൂഫില്‍ എയര്‍ സ്‌കൂപ്പ് എന്നിവയാണ് ഹുറാകാനില്‍ നിന്ന് സ്റ്റെറാറ്റോയെ വ്യത്യസ്തമാക്കുന്നത്. ഹുറാകാനെക്കാള്‍ 44 എംഎം അധിക ഗ്രൗണ്ട് ക്ലിയറന്‍സുമായാണ് സ്റ്റെറാറ്റോ എത്തുന്നത്. ഇതിനൊപ്പം ട്രാക്ക് വിഡ്ത്ത് മുന്നില്‍ 30 എം.എമ്മും പിന്നില്‍ 34 എം.എമ്മും ഉയര്‍ത്തിയിട്ടുണ്ട്.  സ്റ്റെറാറ്റോയ്ക്ക് വേണ്ടി മാത്രമായി ഒരുക്കിയിട്ടുള്ള 19 ഇഞ്ച് വീലാണ് ഇതിലുള്ളത്. 

മെക്കാനിക്കല്‍ സെല്‍ഫ് ലോക്കിങ്ങ് ഡിഫറന്‍ഷ്യല്‍ സംവിധാനമുള്ള ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 5.2 ലിറ്റര്‍ വി10 എന്‍ജിനാണ് സ്റ്റെറാറ്റോയുടെ ഹൃദയം. ഇത് 610 ബി.എച്ച്.പി. പവറും 560 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 3.4 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇതിനാകും. സ്ട്രാഡ, സ്‌പോര്‍ട്ട്, റാലി എന്നീ മൂന്ന് ഡ്രൈവ് മോഡലുകള്‍ ഈ വാഹനത്തിലുണ്ട്.

Source