
റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയിലെ ഏറ്റവും ജനപ്രിയ മോഡലും അഡ്വഞ്ചര്‍ ബൈക്കുമായ ഹിമാലയന്റെ പുതിയ പതിപ്പ് ഹിമാലയന്‍ 450 അവതരിപ്പിച്ചു. ബെയ്‌സ്, പാസ്, സമ്മിറ്റ് എന്നീ മൂന്ന് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ഹിമാലയന്‍ 450-ക്ക് യഥാക്രമം 2.69 ലക്ഷം, 2.74 ലക്ഷം, 2.84 എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. അതേസമയം, ഇത് പ്രാരംഭ വിലയായി പ്രഖ്യാപിച്ചതാണെന്നും ഡിസംബര്‍ 31 വരെയായിരിക്കും ഇത് പ്രബല്യത്തില്‍ ഉണ്ടാകുകയെന്നുമാണ് റിപ്പോര്‍ട്ട്.
ഇന്ത്യയ്ക്ക് പുറമെ, യു.കെ, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും പുതിയ ഹിമാലയന്‍ 450 എത്തുന്നുണ്ട്. യു.കെയില്‍ ഈ ബൈക്കിന് ഏകദേശം ആറ് ലക്ഷം രൂപയും മറ്റ് രാജ്യങ്ങളില്‍ 5.38 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ ഈ വാഹനത്തിന്റെ ബുക്കിങ്ങ് കഴിഞ്ഞ ദിവസം മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ഈ വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ള ഉറപ്പ്.
ഹിമാലയന്‍ 411-ല്‍ നിന്നും വലിയ മാറ്റങ്ങളുമായാണ് ഹിമാലയന്‍ 450 ഒരുങ്ങിയിട്ടുള്ളത്. വാഹനത്തിന്റെ വലിപ്പത്തിലും മെക്കാനിക്കലായ മാറ്റവും ഫീച്ചറില്‍ വരുത്തിയ അപ്‌ഡേഷനുമാണ് പുതിയ മോഡലിനെ ശ്രദ്ധേയമാക്കുന്നത്. മുന്‍ മോഡലിനെക്കാള്‍ അല്‍പ്പം കൂടി വളര്‍ന്നാണ് പുതിയ മോഡല്‍ എത്തുന്നത്. 2245 എം.എം. നീളം, 852 എം.എം. വീതി, 1316 എം.എം. ഉയരം 1510 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് ഹിമാലയന്‍ 450-യുടെ അളവുകള്‍.
മാറ്റങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുന്ന തരത്തിലാണ് പുതിയ മോഡലിന്റെ ഡിസൈന്‍. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള റൗണ്ട് ഹെഡ്ലാമ്പ്, കൂടുതല്‍ ഉയരത്തില്‍ നല്‍കിയിട്ടുള്ള ഫ്രണ്ട് വൈസര്‍, ഉയര്‍ന്ന് നില്‍ക്കുന്ന ഫെന്‍ഡര്‍, വൈഡ് ഹാന്‍ഡില്‍ ബാര്‍, പുതിയ ഡിസൈനിലെ ടാങ്ക്, ടാങ്കിന്റെ വശങ്ങളില്‍ നല്‍കിയിട്ടുള്ള ഗാര്‍ഡ്, എന്‍ജിന്‍ ഗാര്‍ഡ്, സ്പ്ലിറ്റ് സീറ്റ്, ലഗേജ് റാക്ക്, നീളം കുറഞ്ഞ എക്സ്ഹോസ്റ്റ് പൈപ്പ് തുടങ്ങിയവയാണ് ഈ ബൈക്കിനെ കാഴ്ച്ചയില്‍ സ്‌റ്റൈലിഷാക്കുന്നത്.
മെക്കാനിക്കലായുള്ള പുതുമകളാണ് ഈ വാഹനത്തിലെ മറ്റൊരു ഹൈലൈറ്റ്. 451.65 സി.സി. ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹിമാലയന്‍ 452-ന് കരുത്തേകുന്നത്. ഇത് 40.2 പി.എസ്. പവറും 40 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പ് ക്ലെച്ച് അസിസ്റ്റിനൊപ്പം ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്നില്‍ 320 എം.എം, പിന്നില്‍ 270 എം.എം. വലിപ്പമുള്ള ഡിസ്‌ക് ബ്രേക്കാണ് നല്‍കിയിട്ടുള്ളത്. സ്വിച്ചബിള്‍ ഡ്യുവല്‍ ചാനല്‍ എ.ബി.എസും ഇതിലുണ്ട്.
കണക്ടിവിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ഈ വരവിലെ ഹൈലൈറ്റാണ്. നാല് ഇഞ്ച് വലിപ്പമുള്ള ഫുള്‍ ഡിജിറ്റല്‍ ടി.എഫ്.ടി ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ് ഇതിലുള്ളത്. ഫോണ്‍ കണക്ടിവിറ്റിയും ഗൂഗിള്‍ മാപ്പില്‍ അധിഷ്ഠിതമായ ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, യു.എസ്.ബി. ചാര്‍ജിങ്ങ് പോര്‍ട്ട് തുടങ്ങിയവയും ഈ വാഹനത്തെ ഫീച്ചര്‍ സമ്പന്നമാക്കുന്നുണ്ട്. മികച്ച റൈഡിങ്ങ് ഉറപ്പാക്കാന്‍ യു.എസ്.ഡി. ഫോര്‍ക്കും ഹിമാലയന്‍ 450-യില്‍ നല്‍കിയിരിക്കുന്നു.
Content Highlights: Royal enfield Himalayan 450 launched in India, Price Starts from 2.69 lakhs
Published: 25 Nov 2023, 11:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented