ഏറ്റവും ചുരുങ്ങിയ നാളുകള്‍കൊണ്ട് ഇന്ത്യയുടെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ സിംഹഭാഗവും സ്വന്തമാക്കിയ വാഹന നിര്‍മാതാക്കളാണ് ഒല. ആദ്യമെത്തിയ വാഹനങ്ങള്‍ തുടങ്ങിവെച്ച വിജയം നിലനിര്‍ത്തുന്നതിനായി പുതിയ മോഡലുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ഒല ഇലക്ട്രിക്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലായി എസ്1 എക്‌സ്, എസ്1 എക്‌സ് പ്ലസ് എന്നീ ബൈക്കുകളാണ് ഒല ഇലക്ട്രിക്കില്‍ നിന്ന് കഴിഞ്ഞ ദിവസം വിപണിയില്‍ എത്തിയിരിക്കുന്നത്. 

To advertise here,

മറ്റ് മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയിലാണ് ആദ്യം മുതല്‍ തന്നെ ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എത്തിയിരുന്നത്. അതേസമയം, ഒല ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലുകളാണ് എസ്1 എക്‌സ് എത്തിയിരിക്കുന്നത്. രണ്ട് കിലോവാട്ട് അവര്‍ ബാറ്ററിയിലുള്ള എസ്1 എക്‌സിന് 89,999 രൂപയും മൂന്ന് കിലോവാട്ട് ബാറ്ററിയുള്ള എസ്1 എക്‌സ്, എസ്1 എക്‌സ് പ്ലസ് മോഡലുകള്‍ക്ക് യഥാക്രമം 99,999 രൂപയും 1.09 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

എസ്1 എയറില്‍ നല്‍കിയിട്ടുള്ള 4.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോര്‍ തന്നെയാണ് എസ്1 എക്‌സ്, എസ്1 എക്‌സ് പ്ലസ് എന്നീ ഈ മോഡലുകളിലും നല്‍കിയിട്ടുള്ളത്. പരവമാവധി 90 കിലോമീറ്റര്‍ വേഗമെടുക്കാന്‍ സാധിക്കുന്ന ഈ സ്‌കൂട്ടറുകള്‍ക്ക് കേവലം 3.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. അതേസമയം, രണ്ട് കിലോവാട്ട് ബാറ്ററി പാക്ക് മോഡലിന്റെ പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്ററായിരിക്കും. 4.1 സെക്കന്റിലാണ് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നത്. 

ഇരട്ട നിറങ്ങളിലാണ് എസ്1 എക്‌സ്, എസ്1 എക്‌സ് പ്ലസ് മോഡലുകള്‍ ഒരുങ്ങിയിരിക്കുന്നത്. ഡിസൈന്‍ മാറ്റം വരുത്തി ഡ്യുവല്‍ എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റും ഡി.ആര്‍.എല്ലും നല്‍കി ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പ് യൂണിറ്റ്, വലിപ്പ് കുറഞ്ഞ വില്‍ഡ്ഷീല്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മുന്നിലെ ഏപ്രണിയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന എല്‍.ഇ.ഡി. ഇന്റിക്കേറ്ററുകള്‍ എന്നിവയാണ് ഈ സ്‌കൂട്ടറിന്റെ മുഖഭാവത്തെ സ്റ്റൈലിഷാക്കുന്നത്. പുതിയ നിറങ്ങളിലും ഒലയുടെ ഈ പുത്തന്‍ സ്‌കൂട്ടറുകള്‍ എത്തുന്നുണ്ട്.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡബിള്‍ സൈഡ് സ്വിങ്ങആം നല്‍കിയിട്ടുള്ള ട്വിന്‍ ഫോക്ക്അബ്‌സോര്‍ബേഴ്‌സുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ് സുരക്ഷ ഉറപ്പാക്കുന്നത്. 101 കിലോഗ്രാം മുതല്‍ 108 കിലോഗ്രാം വരെയാണ് ഈ സ്‌കൂട്ടറുകളുടെ ഭാരം. റേഞ്ചിന്റെ കാര്യം ഒല വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മൂന്ന് കിലോവാട്ട് മോഡലിന് 151 കിലോമീറ്ററാണ് എ.ആര്‍.എ.ഐ. സാക്ഷ്യപ്പെടുത്തിയിട്ടുള്ള റേഞ്ച് എന്നാണ് സൂചനകള്‍.