
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില് പുത്തന് ചരിത്രം സൃഷ്ടിക്കാനെത്തിയ വാഹന നിര്മാതാക്കളാണ് ഒല ഇലക്ട്രിക്. എന്നാല്, നിരത്തുകളില് എത്തി തുടങ്ങിയതോടെ ഇവരുടെ സ്കൂട്ടറുകളെ കുറിച്ച് പരാതിപ്രളയമാണ്. തനിയെ റിവേഴ്സ് മോഡിലേക്ക് പോകുന്നു, പറഞ്ഞ റേഞ്ച് ലഭിക്കുന്നില്ല, തുടങ്ങി വാഹനത്തിന് തീപ്പിടിത്തമുണ്ടാകുന്നത് വരെയുള്ള പ്രശ്നങ്ങളാണ് ഉപയോക്താക്കള് നേരിടുന്നത്. സമയത്ത് സര്വീസ് ലഭിക്കാത്തതില് രോക്ഷാകുലനായ ഉപയോക്താവ് വാഹനത്തിന് തീയിടുന്ന സാഹചര്യവുമുണ്ടായി.
എന്നാല്, കമ്പനി ഉറപ്പുനല്കിയതിനെക്കാള് ഉയര്ന്ന റേഞ്ച് ലഭിച്ച ഒരു ഉപയോക്താവ് ഇക്കാര്യം വെളിപ്പെടുത്തിയതിലൂടെ ഈ പ്രചാരണങ്ങളെ ഒരുപരിധി വരെ മറികടക്കാന് ഒലയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത്തരത്തില് ഉയര്ന്ന റേഞ്ച് പിടിക്കുന്ന ഉപയോക്താക്കള്ക്ക് കമ്പനി പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്നാല്, ഇത്രയും നാള് പുറത്തുവന്നിരുന്നത് സാങ്കേതിക പ്രശ്നങ്ങള് ആയിരുന്നെങ്കില് ഒലയുടെ ബില്ഡ് ക്വാളിറ്റിയെ ചോദ്യം ചെയ്യുന്ന പുതിയ പ്രശ്നമാണ് ഇപ്പോള് സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുന്നത്.
ഒല എസ്1 പ്രോയുടെ മുന്നിലെ ഫോര്ക്ക് ഒടിഞ്ഞ് ടയര് മാറി കിടക്കുന്നതിന്റെ ചിത്രമാണ് ശ്രീനാഥ് മേനോന് എന്നയാള് ട്വീറ്റ് ചെയ്തിരിക്കുന്നത്. ചെറിയ വേഗത്തില് പോലും മുന്നിലെ ഫോര്ക്ക് ഒടിഞ്ഞതാണ് ഇപ്പോള് നേരിടുന്ന പ്രധാനപ്രശ്നം. ഇത് അത്യന്തം അപകടകരമാണ്. ഈ ഭാഗത്ത് മാറ്റം വരുത്തണമെന്നാണ് ഞങ്ങളുടെ അഭ്യര്ഥന. കാരണം റോഡ് അപകടങ്ങളുണ്ടാകാതെ ഞങ്ങളുടെ ജീവന് രക്ഷിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പില് പറയുന്നത്.
എന്നാല്, എന്ത് കാരണം കൊണ്ടാണ് ഫോര്ക്ക് ഒടിഞ്ഞതെന്ന് ഉപയോക്താവ് വെളിപ്പെടുത്തിയിട്ടില്ല. വളരെ കുറഞ്ഞ വേഗത്തില് പോകുമ്പോഴാണ് ഇത് സംഭവിച്ചതെന്നാണ് ഉപയോക്താവ് അറിയിച്ചിരിക്കുന്നത്. എന്തെങ്കിലും അപകടത്തില് സംഭവിച്ചതാണോയെന്ന് വ്യക്തമല്ല. ഫോര്ക്ക് പൂര്ണമായും ഒടിഞ്ഞ് മുന്നിലെ ടയര് ബോഡിയില് നിന്ന് വിട്ടുമാറിയ അവസ്ഥയിലാണ് ചിത്രത്തിലുള്ളത്. ഇതോടെ ഒലയുടെ സ്കൂട്ടറുകളുടെ ഡിസൈന് മാറ്റണമെന്ന ആവശ്യമാണ് സാമൂഹിക മാധ്യമങ്ങള് ഉയര്ത്തുന്നത്.
എസ് വണ്, എസ് വണ് പ്രോ എന്നീ രണ്ട് വേരിയന്റുകളുമായി 2021 ഓഗസ്റ്റ് 15-നാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടര് വിപണിയില് അവതരിപ്പിച്ചത്. എസ് വണ് എന്ന അടിസ്ഥാന മോഡലിന് 99,999 രൂപയും ഉയര്ന്ന വകഭേദമായ എസ് വണ് പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. ഇന്ത്യന് നിരത്തുകളില് ഏഥര് 450, ബജാജ് ചേതക് ഇലക്ട്രിക്, ടി.വി.എസ്. ഐ-ക്യൂബ് തുടങ്ങിയ ഇലക്ട്രിക് കരുത്തരുമായാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടറുകള് മത്സരിക്കുന്നത്.
8.5 കിലോവാട്ട് പവറും 58 എന്.എം. ടോര്ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എസ്1-ല് 2.98 kWh ബാറ്ററിപാക്കും എസ്-1 പ്രോയില് 3.97 kWh ബാറ്ററിപാക്കുമാണുള്ളത്. എസ്-1 പ്രോ മൂന്ന് സെക്കന്റില് 40 കിലോമീറ്റര് വേഗത കൈവരിക്കുമ്പോള് എസ്-1, 3.6 സെക്കന്റില് പൂജ്യത്തില് നിന്ന് 40 കിലോമീറ്റര് വേഗത കൈവരിക്കുമെന്നാണ് നിര്മാതാക്കള് അവകാശപ്പെടുന്നത്. 18 മിനിറ്റിനുള്ളില് 75 കിലോമീറ്റര് സഞ്ചരിക്കാനുള്ള ചാര്ജ് നിറയുമെന്നതാണ് സ്കൂട്ടറുകളുടെ പ്രത്യേകത.
Content Highlights: Ola electric scooter suspension, fork break, user blame the build quality, ola electric scooter
Published: 26 May 2022, 10:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented